ഗോകുല നേട്ടത്തിൽ അഭിമാനിച്ച് കോഴിക്കോട്
text_fieldsകോഴിക്കോട്: ഫുട്ബാൾഭ്രാന്തന്മാരുടെ നാട്ടിൽ ആത്മാർഥമായ കാൽപ്പന്തുകളിയിലൂടെ ആരാധകരുടെ മനം കവർന്ന ഗോകുലം കേരള എഫ്.സിയുടെ ഐ ലീഗിലെ കിരീട നേട്ടം കോഴിക്കോടിന് അഭിമാനിക്കാനുള്ളതായി.
മലപ്പുറത്ത് രജിസ്റ്റർ ചെയ്ത് കോഴിക്കോട് ആസ്ഥാനമായി മാറിയ ഗോകുലം ക്ലബിനെ പലരും ഗൗരവത്തിലെടുത്തിരുന്നില്ല. ഐ ലീഗ് മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഗാലറികളിൽ പഴയകാലത്തെ ആളനക്കമുണ്ടായിരുന്നില്ല.
ഇന്ത്യൻ സൂപ്പർ ലീഗിെൻറ (ഐ.എസ്.എൽ) മിന്നിത്തിളക്കത്തിൽ ഐ ലീഗിനോട് പലരും ചിറ്റമ്മ നയം സ്വീകരിക്കുകയായിരുന്നു. ഗോകുലം ഗ്രൂപ്പിെൻറ മികച്ച പിന്തുണയാണ് ആദ്യ സീസൺ മുതൽ ഗോകുലം ടീമിന് ആവേശവും തുണയുമായത്. 2017-18ൽ അരങ്ങേറ്റ സീസണിൽ കൊൽക്കത്തൻ ടീമുകളടക്കം മുൻനിര സംഘങ്ങളെ അട്ടിമറിച്ച 'മലബാറിയൻസി'ന് നിർണായക മത്സരങ്ങളിൽ അടിപതറുകയായിരുന്നു.
പിന്നീടുള്ള സീസണുകളിലും കരുത്തിനൊത്ത പ്രകടനം നടത്താനായില്ല. 2019ലെ ഡ്യുറാണ്ട് കപ്പ് ജയമാണ് പിന്നീട് ടീമിന് ഊർജമായത്. 2019-20 സീസണിൽ കൂടുതൽ ആരാധകർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലത്തിെൻറ മത്സരങ്ങൾ കാണാനെത്തിയിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഐ ലീഗ് സീസൺ നേരത്തേ അവസാനിച്ചപ്പോൾ പോയൻറ് നിലയിലെ കുതിപ്പ് സ്വപ്നമായി അവസാനിച്ചു.
ലോക്ഡൗൺ സമയത്തുപോലും ഓൺലൈൻ പരിശീലനവും മറ്റുമായി ടീമംഗങ്ങൾ കോഴിക്കോടിെൻറ മണ്ണിൽ സജീവമായിരുന്നു. നേരത്തേ കൊൽക്കത്തയിലെത്തിയ ടീം കൃത്യമായ ആസൂത്രണത്തോടെയാണ് കിരീടമെന്ന അതുല്യ നേട്ടം സ്വന്തമാക്കിയത്.
സ്വന്തം സ്റ്റേഡിയത്തിൽ ആരാധകർക്കു മുന്നിൽ കിരീടമുയർത്താനുള്ള അവസരമാണ് കോവിഡ് കാരണം നഷ്ടമായത്. എങ്കിലും കൊൽക്കത്തയിൽ നേടിയ ജയം ഇന്ത്യൻ ഫുട്ബാളിെൻറ പൂമുഖത്ത് ഈ കോഴിക്കോടൻ ക്ലബിനും ഒരിടമേകുന്നു. കിരീടവുമായി തിരിച്ചെത്തുമ്പോൾ ഹൃദയത്തിലേറ്റി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ഫുട്ബാൾ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.