ബ്ലാസ്റ്റേഴ്സിന്റെ ക്ഷീണം ഗോകുലം തീർക്കുമോ?; ഐ ലീഗിൽ ചെന്നൈക്കെതിരെ ഇന്നിറങ്ങുന്നു
text_fieldsകൊൽക്കത്ത: ഗോവയിലെ ഇന്ത്യൻ സൂപ്പർലീഗ് ആരവങ്ങൾക്കിടയിൽ ഇന്ത്യൻ ഫുട്ബാളിെൻറ ഹൃദയഭൂമിയായ കൊൽക്കത്തയിൽ ഇന്ന് ഐ ലീഗിന് കിക്കോഫ്. ഏറെ മാറ്റങ്ങളോടെയാണ് ഇക്കുറി ഐ ലീഗിന് പന്തുരുളുന്നത്. ദേശീയ ഫുട്ബാളിലെ പ്രതാപികളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒന്നാം ഡിവിഷൻ ലീഗായ ഐ.എസ്.എല്ലിലേക്ക് പോയതോടെ, പുതുനിരകളുടെ ബലപരീക്ഷണമായി ഐ ലീഗ്.
കോവിഡ് വ്യാപനത്തിനിടെ മുക്കാൽഭാഗം പിന്നിടവെ കഴിഞ്ഞ സീസൺ റദ്ദാക്കിയിരുന്നു. മോഹൻ ബഗാനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. സുദേവ എഫ്.സി പുതിയ ക്ലബായി അരങ്ങേറ്റം കുറിക്കുേമ്പാൾ, സ്ഥാനക്കയറ്റം നേടി മുഹമ്മദൻസുമെത്തുന്നു.
ടീമുകൾ 11; വേദികൾ നാല്
ഐസോൾ എഫ്.സി, ചെന്നൈ സിറ്റി, ചർച്ചിൽ ബ്രദേഴ്സ്, ഗോകുലം കേരളം, ഇന്ത്യൻ ആരോസ്, മുഹമ്മദൻസ്, നെറോക, റിയൽ കശ്മീർ, ട്രാവു എഫ്.സി, സുദേവ എഫ്.സി, മിനർവ പഞ്ചാബ്.
കൊൽക്കത്തയിലെ മൂന്നും (യുഭഭാരതി ക്രിരംഗൻ, കിഷോർ ഭാരതി, മോഹൻ ബഗാൻ ഗ്രൗണ്ട്), നാദിയയിലെ ഒന്നും (കല്യാണി മുനിസിപ്പൽ സ്റ്റേഡിയം) വേദികളിലാണ് മത്സരങ്ങൾ.
രണ്ട് ഘട്ടം
കോവിഡ് കാരണം രണ്ടു ഘട്ടങ്ങളായിട്ടാണ് ഈ പ്രാവശ്യം കളി നടക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും തമ്മിൽ കളിക്കും. അതിൽ ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകൾ രണ്ടാംഘട്ടത്തിൽ ഐ ലീഗ് കപ്പിനുവേണ്ടി കളിക്കും. ബാക്കിയുള്ള അഞ്ചു ടീമുകൾ തമ്മിൽ കളിച്ച് അതിൽ ഏറ്റവും കുറവ് പോയൻറ് നേടുന്ന ടീം തരംതാഴ്ത്തപ്പെടും.
ആൾ ദ ബെസ്റ്റ് ഗോകുലം
ബഗാനും ഈസ്റ്റ് ബംഗാളുമില്ലാത്ത ഐ ലീഗിൽ കിരീട സ്വപ്നത്തോടെയാണ് ഗോകുലം കേരളയുടെ പടയൊരുക്കം. ഉദ്ഘാടന ദിനത്തിലെ 'പ്രൈംടൈമിൽ' മുൻ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലത്തിെൻറ ആദ്യ അങ്കം. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ടീം 15 കളി പിന്നിട്ടപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു. ആറ് ജയവുമായി ആരാധകരുടെ പ്രിയപ്പെട്ട സംഘവുമായി. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളുമായി ഒരു പോയൻറ് മാത്രം വ്യത്യാസം നിൽക്കെയാണ് കോവിഡിനെ തുടർന്ന് സീസൺ റദ്ദാക്കിയത്.
ഇക്കുറി പുതിയ പരിശീലകനും പുതിയ താരങ്ങളുമായി ടീം മികച്ച തയാറെടുപ്പിലാണ്. ഐ.എഫ്.എ ഷീൽഡ് മത്സരങ്ങൾക്കായി ഒരു മാസം മുന്നേ കൊൽക്കത്തയിലെത്തിയ ടീം സ്പാനിഷുകാരനായ പരിശീലകൻ വിസൻസോ ആൽബർടോ അനിസിക്കു കീഴിൽ അവിടെത്തന്നെ പരിശീലനം തുടരുകയായിരുന്നു.
ടീം കേരളീയംമലയാള സാന്നിധ്യംകൊണ്ട് ഗോകുലം തനി കേരളീയമാണ്. സീനിയർ ടീമിലുള്ളത് 11 മലയാളികൾ. ഗോകുലം റിസർവ് ടീമിൽനിന്ന് നാല് മലയാളികളാണ് ഈ പ്രാവശ്യം സീനിയർ ടീമിൽ എത്തിയത്. ഇവർക്കുപുറമെ നാല് വിദേശികളെയും സ്വന്തമാക്കി.
ഗോളിമാരായ സി.കെ ഉബൈബ്, പി.എ അജ്മൽ, പ്രതിരോധനിരയിലെ ജസ്റ്റിൻ ജോർജ്, മുഹമ്മദ് ജാസിം, അലക്സ് സജി, മധ്യനിരയിലെ മുഹമ്മദ് റാഷിദ്, ഷിബിൻ മുഹമ്മദ്, എം.എസ്. ജിതിൻ, സൽമാൻ കെ, താഹിർ സമാൻ, മുന്നേറ്റത്തിലെ എമിൽ ബെന്നി എന്നിവരാണ് മലയാളി താരങ്ങൾ. ഘാനക്കാരനായ മുഹമ്മദ് അവാലാണ് ക്യാപ്റ്റൻ. ഫിലിപ് അഡ്ജ, ഡെന്നി ആൻവി (ഇരുവരും ഘാന), അഫ്ഗാൻവംശജൻ മുഹമ്മദ് ശരീഫ് എന്നിവർ വിദേശികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.