ഉത്സവ പ്രതീതിയിൽ കോഴിക്കോട് നഗരത്തിൽ ഗോകുലത്തിന്റെ ട്രോഫി പരേഡ്, വിഡിയോ കാണാം
text_fieldsകോഴിക്കോട്: ഐ ലീഗ് കിരീടവുമായി നഗരംചുറ്റിയ ഗോകുലം കേരള എഫ്.സി സംഘത്തെ ഹൃദയത്തിലേറ്റി ആരാധകരും കോഴിക്കോട്ടുകാരും. ഗോകുലം ക്ലബ് ആസ്ഥാനമായ കോർപറേഷൻ സ്റ്റേഡിയത്തിൽനിന്നു തുടങ്ങിയ 'ട്രോഫി പരേഡ്' ആയിരക്കണക്കിനു പേരെ സാക്ഷിയാക്കി കടപ്പുറത്ത് അവസാനിച്ചു. 'ചാമ്പ്യൻസ് ഓഫ് ഇന്ത്യ' എന്ന് ആലേഖനം ചെയ്ത് പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് ടീം സഞ്ചരിച്ചത്. അകമ്പടിയായി ആരാധകരും മലബാറിയൻസിനൊപ്പം കൂടി.
ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ, കോച്ച് ആൽബർട്ടോ അനീസേ, ക്യാപ്റ്റൻ മുഹമ്മദ് അവാൽ, ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്, ക്ലബ് സി.ഇ.ഒ അശോക്കുമാർ, ഫിസിയോ മിറാൻഡ ഗാർസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരം ചുറ്റിയത്. രണ്ടു മണിക്കൂറിലേറെ നേരം കറങ്ങിയശേഷം കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ ആയിരക്കണക്കിനാളുകൾ അഭിവാദ്യമർപ്പിച്ചു. ബീച്ച് ഓപൺ സ്റ്റേജിൽ നടന്ന സ്വീകരണ ചടങ്ങിൽ ഗോകുലം ഗോപാലൻ അധ്യക്ഷനായി.
ഐ ലീഗ് കിരീടനേട്ടം ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിനുള്ള സമ്മാനമാണിത്. ഗോകുലം കോച്ചുകളുടെയും താരങ്ങളുടെയും ആത്മാർഥതയുടെ ഫലമാണ് ഈ കിരീടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി ഫുട്ബാൾപ്രേമികളുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഗോകുലത്തിന് കഴിഞ്ഞെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ്കുമാർ പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി, താരങ്ങളായ എം. സുരേഷ്, എൻ.പി. പ്രദീപ്, ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺകുമാർ, കാലിക്കറ്റ് സർവകലാശാല കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് റോയ് ജോൺ എന്നിവരും പങ്കെടുത്തു. ഷൈജു ദാമോദരൻ അവതാരകനായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.