ലോകം ചുറ്റാനിറങ്ങി സ്വർണക്കപ്പ്
text_fieldsദോഹ: പന്തുരുളും മുമ്പേ ലോകമെങ്ങും കളിയാവേശമെത്തിക്കുന്നതിനായി സ്വർണക്കപ്പ് ലോക പര്യടനത്തിനിറങ്ങി. വിജയികൾക്കായി കാത്തിരിക്കുന്ന ട്രോഫിയുടെ ലോകപര്യടനം ബുധനാഴ്ച ദക്ഷിണ കൊറിയയിലെ സോളിലാണ് തുടക്കം കുറിച്ചത്.
സൂറിച്ചിലെ ഫിഫ ആസ്ഥാനത്തുനിന്നും നേരെ കൊറിയയിലേക്ക് പറന്ന സ്വർണക്കപ്പ് ഇനി ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും സന്ദർശിക്കും. ഏറ്റവും ഒടുവിൽ ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് ഏതാനും ദിവസം മുമ്പായി നവംബർ 13ന് ദോഹയിലെത്തും.
സ്വപ്നകിരീടത്തിന്‍റെ രണ്ടാംഘട്ട പര്യടനത്തിനാണ് കഴിഞ്ഞദിവസം തുടക്കമായത്. ആഗസ്റ്റ് 19, 20ന് സൂറിച്ചിൽ നടന്ന യാത്രയയപ്പു ചടങ്ങും കഴിഞ്ഞാണ് 24ന് ട്രോഫി ദക്ഷിണ കൊറിയയിലേക്ക് പറന്നത്. ഇനി ലോകകപ്പ് യോഗ്യത നേടിയ 32 ടീമുകളിലും ട്രോഫിയെത്തും.
രണ്ടു ഘട്ടങ്ങളിലായി 51 രാജ്യങ്ങളിലായിരുന്നു ട്രോഫി ടൂർ. ആദ്യ ഘട്ടത്തിൽ ടൂർണമെന്‍റ് യോഗ്യത നേടാത്ത രാജ്യങ്ങളിലേക്കായിരുന്നു കപ്പിന്‍റെ യാത്ര. 2006 ലോകകപ്പ് മുതലാണ് സ്വർണക്കപ്പിന്‍റെ ലോകപര്യടനം ആരംഭിക്കുന്നത്. ഇത്തവണ കഴിഞ്ഞ മേയിൽ 200 ദിന കൗണ്ട്ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലായിരുന്നു തുടക്കം.
സൂറിച്ചിൽനിന്നും മുൻ ബ്രസീൽ താരം റിവാൾഡോയാണ് സ്വർണക്കപ്പിനെ കൊറിയയിലെത്തിച്ചത്. 2002 ലോക ചാമ്പ്യന്മാരായ ബ്രസീൽ ടീം അംഗമാണ് റിവാൾഡോ. ഫിഫ ചട്ടമനുസരിച്ച് മുൻ ലോകചാമ്പ്യന്മാർക്കോ, രാഷ്ട്രത്തലവന്മാർക്കോ മാത്രമേ ലോകകപ്പ് ട്രോഫി സ്പർശിക്കാൻ അവകാശമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.