സ്വപ്ന അങ്കത്തിനായി 13000 കിലോമീറ്റർ പറന്നെത്തി; പക്ഷേ, 12 ഗോൾ തോൽവി
text_fieldsപാരിസ്: ഫ്രഞ്ച് കപ്പിൽ കളിക്കുകയെന്ന സ്വപ്നം സഫലമാകുന്ന ആഹ്ലാദത്തിൽ അവർ വിമാനമേറി പറന്നത് 8000 മൈൽ (ഏകദേശം 12875 കിലോമീറ്റർ) ദൂരമാണ്. എന്നിട്ടും പക്ഷേ, ലീഗ് വൺ അതികായരായ ലിലെ ദയ കാട്ടാതെ ഗോളടിച്ചുകൂട്ടിയ കളിയിൽ ടീം തോറ്റത് എതിരില്ലാത്ത 12 ഗോളിന്.
കരീബിയനിലെ കുഞ്ഞു മാർട്ടിനിക് ദ്വീപിൽനിന്നാണ് ഗോൾഡൻ ലയൺ ടീം ഫ്രാൻസിലെത്തിയത്. ഫ്രഞ്ച് കപ്പിലെ വിദേശ ടീമുകളിലൊന്നായാണ് ഗോൾഡ് ലയണിന് നറുക്കുവീണത്. ശനിയാഴ്ചത്തെ മത്സരത്തിന് ബുധനാഴ്ചതന്നെ പുറപ്പെട്ട ടീം നീണ്ട എട്ടു മണിക്കൂർ യാത്ര പൂർത്തിയാക്കി പാരിസിലെത്തി. നാട്ടിൽ മികച്ച കളിയുമായി നിറഞ്ഞുനിന്ന ടീമിന് പക്ഷേ, ശനിയാഴ്ച കരുത്തർക്കെതിരെ പിടിച്ചുനിൽക്കാനാകുമായിരുന്നില്ല. 11ാം മിനിറ്റിൽ ആദ്യ ഗോൾ വീണ ടീം ഇടവേളക്കു പിരിയുമ്പോൾ ഏഴു ഗോളിന് പിറകിലായിരുന്നു.
ലിലെ നിരയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതായിരുന്നു കാഴ്ച. എഡൺ സെഗ്രോവ, ജൊനാഥൻ ഡേവിഡ് എന്നിവർ ഹാട്രിക് കുറിച്ചപ്പോൾ യൂസുഫ് യാസിചി ഡബ്ളടിച്ചു. ലീഗ് വണ്ണിൽ അഞ്ചാമതുള്ള ടീം എതിർവല ലക്ഷ്യമാക്കി 36 തവണയാണ് ഷോട്ടുകൾ ഉതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.