ഗോള്‍ഡന്‍ ത്രെഡ്‌സ് കെ.പി.എല്‍ ചാമ്പ്യന്‍മാര്‍
text_fieldsകോഴിക്കോട്: വാശിയേറിയ പോരാട്ടത്തിൽ അധികസമയത്തിന്‍റെ രണ്ടാം പകുതിയിൽ സുവർണനൂലിനാൽ നെയ്തെടുത്ത രണ്ട് മനോഹര ഗോളിൽ എറണാകുളം ഗോൾഡൻ ത്രെഡ്‌സ് കേരള പ്രീമിയര്‍ ലീഗ് (കെ.പി.എൽ) കിരീടം സ്വന്തമാക്കി.
കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെ.എസ്.ഇ.ബിക്കെതിരായ കലാശപ്പോരിൽ 109ാം മിനിറ്റിൽ ക്യാപ്റ്റന്‍ അജയ് അലക്‌സിന്റെയും 120ാം മിനിറ്റിൽ ഇസ്ഹാഖ് നുഹു സെയ്ദുവിന്‍റെയും ഗോളുകളാണ് ഗോള്‍ഡന്‍ ത്രെഡ്‌സിന് കന്നി കിരീടം നേടിക്കൊടുത്തത്. നിശ്ചിതസമയത്ത് ഗോളുകൾ പിറക്കാത്തതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. നിശ്ചിത സമയത്ത് കൂടുതൽ ഗോളവസരങ്ങൾ പാഴാക്കിയത് ഗോൾഡൻ ത്രെഡ്സായിരുന്നു. വിദേശതാരം നുഹു തന്നെയായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. കെ.എസ്.ഇ.ബിയുടെ അജീഷും വിഷ്നേഷും അവസരങ്ങൾ തുലച്ചു.
മനോഹരമായ ഫ്രീകിക്കിലൂടെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലുള്ള അജയ് അലക്സിന്‍റെ ഗോൾ പിറന്നത്. ബോക്‌സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്‌സിന് ഫ്രീകിക്ക്. അവസാന നിമിഷം മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച് നൂഹു ഗോൾ നേടിയതോടെ ഗോൾഡൻ ത്രെഡ്‌സിന് കിരീടസന്തോഷത്തിന്‍റെ നിമിഷങ്ങളായി. 12 ഗോളുമായി നുഹു ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്‌സാണ് ഫൈനലിലെ താരം. കെ.എസ്.ഇ.ബിയുടെ എസ്. ഹജ്മലാണ് മികച്ച ഗോൾ കീപ്പർ. മന്ത്രി അഹമ്മദ് ദേവർകോവിൽ ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.