ചാമ്പ്യൻസ് ലീഗ്: തുടക്കം മനോഹരം
text_fieldsപാരിസ്: ചാമ്പ്യൻസ് ലീഗിലെ ശിശുക്കളെ മുന്നിൽ കിട്ടിയപ്പോൾ ഗോളടിച്ച് ആഘോഷിച്ചുതന്നെ ബാഴ്സലോണ തുടങ്ങി. ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിനെ 5-1ന് തോൽപിച്ച് ബാഴ്സലോണ കിക്കോഫ് കുറിച്ചപ്പോൾ, പാരിസിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡും യുക്രെയ്നിൽ യുവൻറസും ജയത്തോെട തുടങ്ങി.
ചെൽസിയും സെവിയ്യയും ഗോളില്ലാ സമനിലയുമായി കളം വിട്ടപ്പോൾ, എർലിങ് ഹാലൻഡിെൻറ ബൊറൂസിയ ഡോർട്മുണ്ടിനെ ലാസിയോ തരിപ്പണമാക്കി. ജർമൻ കരുത്തരായ ലൈപ്സിഷും ജയത്തോടെ തുടങ്ങി.
പാരിസിൽ യുനൈറ്റഡ്
രണ്ടു സീസൺ മുമ്പ് പാരിസിലെത്തി പി.എസ്.ജിയുടെ ശീട്ടുകീറിയ അതേ വീര്യത്തിലായിരുന്നു കഴിഞ്ഞ രാത്രിയിലും മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. 2018-19 സീസൺ പ്രീക്വാർട്ടറിൽ മാർകസ് റാഷ്ഫോഡിെൻറ ഇഞ്ചുറി ടൈം ഗോളിൽ പാരിസുകാരുടെ കുതിപ്പിന് തടയിട്ട യുനൈറ്റഡ് അതേ ഫോം ആവർത്തിച്ചു. നെയ്മർ, എംബാപ്പെ, ഡി മരിയ കൂട്ടുകെട്ട് ഒരുമിച്ച ഫ്രഞ്ച് മുന്നേറ്റത്തിന് ലക്ഷ്യബോധമില്ലായിരുന്നു. അനവധി അവസരങ്ങൾ കളഞ്ഞുകുളിക്കാൻ അവർ മത്സരിച്ചപ്പോൾ, കിട്ടിയ ചാൻസിൽ ഗോളാക്കി യുനൈറ്റഡ് കളി ജയിച്ചു.
23ാം മിനിറ്റിൽ ആൻറണി മാർഷലിെന ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലാക്കി ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഗോൾ സമ്മാനിച്ചു. ആദ്യ കിക്ക് പി.എസ്.ജി ഗോളി കെയ്ലർ നവാസ് രക്ഷപ്പെടുത്തിയെങ്കിലും ഗോളിയുടെ അഡ്വാൻസിന് റീടേക്ക് നൽകിയപ്പോൾ ബ്രൂണോ വലകുലുക്കി. രണ്ടാം പകുതിയിൽ മാർഷൽ സമ്മാനിച്ച സെൽഫ് ഗോളിലാണ് പി.എസ്.ജി സമനില നേടിയത്. ഒടുവിൽ 87ാം മിനിറ്റിൽ പോൾ പോഗ്ബ നൽകിയ ക്രോസ് മാർകസ് റാഷ്ഫോഡ് വലയിലെത്തിച്ച് യുനൈറ്റഡിന് വിജയമൊരുക്കി.
വെൽഡൺ യുവൻറസ്
യുക്രെയ്നിലെ കിയവിൽ 15,000ത്തോളം കാണികൾക്ക് നടുവിലായിരുന്നു ഡൈനാമോയും യുവൻറസും ഏറ്റുമുട്ടിയത്. കോവിഡ് പോസിറ്റിവായ ക്രിസ്റ്റ്യാനോക്ക് പകരം അൽവാരോ മൊറാറ്റ നയിച്ച യുവൻറസിന് പിഴച്ചില്ല. ആദ്യ പകുതിയിൽ മൊറാറ്റ മുന്നേറ്റത്തെ തടഞ്ഞുനിർത്തിയെങ്കിലും രണ്ടാം പകുതിയിൽ കെട്ടുപൊട്ടി. 46ഉം 84ഉം മിനിറ്റിലെ ഇരട്ട ഗോളിൽ യുവൻറസ് ഡൈനാമോയെ വീഴ്ത്തി. ആരോൺ റംസിയും ദെജാൻ ക്ലുസെവിസ്കിയും പിന്നാലെ പകരക്കാരനായെത്തിയ പൗലോ ഡിബാലയും മൊറാറ്റയുടെ ആക്രമണങ്ങൾക്കു പിന്നിൽ കളിനെയ്തു.
ബൊറൂസിയ ഡോർട്മുണ്ടിെൻറ ഗോൾ മെഷീൻ എർലിങ് ഹാലൻഡിനെ പിടിച്ചുകെട്ടിയായിരുന്നു ലാസിയോയുടെ വിജയം (3-1). സിറോ ഇമ്മൊബിൽ, ജീൻ ഡാനിയേൽ അക്പ്രോ എന്നിവർ ലാസിയോക്കായി സ്കോർ ചെയ്തു. ഒന്ന് സെൽഫായും പിറന്നു.
തൂർക്കിയിൽ നിന്നുള്ള ഇസ്തംബൂൾ ബാസ്കെസിറിനെ 2-0ത്തിന് തോൽപിച്ച് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിസ്റ്റായ ലൈപ്സിഷും തുടങ്ങി. സ്പാനിഷ് താരം ആഞ്ജലിനോയുടെ ഇരട്ട ഗോളാണ് തുണയായത്.
ഫ്രാങ്ക് ലാംപാർഡിെൻറ ചെൽസിയും യൂലൻ ലോപറ്റ്ഗുയിയുടെ സെവിയ്യയും തമ്മിലെ മത്സരം നല്ലൊരു കളിവിരുന്നൊരുക്കിയെങ്കിലും ഫലമില്ലാതെ പിരിഞ്ഞു. ഇരു ടീമിെൻറയും മധ്യ-പ്രതിരോധ നിരയിലായി കളി തളച്ചിടപ്പെട്ടപ്പോൾ ഗോളുകൾ പിറന്നില്ല.
യൂത്ത് ബാഴ്സ
നേരത്തേ എഴുതിയ തിരക്കഥപോലെ തന്നെയായിരുന്നു നൂകാംപിൽ ബാഴ്സലോണയുടെ വിജയം. കാൽ നൂറ്റാണ്ടിനുശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ കൗതുകം വിട്ടുമാറാതെയായിരുന്നു ഹംഗേറിയൻ ക്ലബ്. എതിരാളി ഇത്തിരിക്കുഞ്ഞനെങ്കിലും ബാഴ്സലോണ കോച്ച് റൊണാൾഡ് കൂമാൻ ഒട്ടും ഗൗരവം കുറച്ചില്ല.
മെസ്സി, കുടീന്യോ എന്നീ പരിചയസമ്പന്നർക്കൊപ്പം കൗമാരക്കാരൻ അൻസു ഫാതി, പുതുമുഖങ്ങളായ ഫ്രാൻസിസ്കോ ട്രിയാേങ്കാ, 17കാരൻ പെഡ്രി എന്നിവർക്കും അവസരം നൽകി. 27ാം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റിയിലൂടെയായിരുന്നു തുടക്കം. അൻസു ഫാതി (42), ഫിലിപ് കുടീന്യോ (52), പെഡ്രി (82), ഒസ്മാനെ ഡെംബലെ (89) എന്നിവരുടെ വകയായിരുന്നു ബാഴ്സലോണയുടെ ഗോളുകൾ.
ഇതിനിടയിൽ ഇഹോ കഖരാടിെൻറ പെനാൽറ്റിയിലൂടെ ഫെറൻവാറോസ് ആശ്വാസ ഗോൾ നേടി. 68ാം മിനിറ്റിൽ പ്രതിരോധ താരം ജെറാഡ് പിക്വെ ചുവപ്പുകാർഡുമായി പുറത്തായതോടെ 10 പേരുമായാണ് ബാഴ്സലോണ അവസാന മിനിറ്റുകളിൽ പന്തുതട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.