തോൽവികൾക്ക് പിന്നാലെ ചെൽസി കോച്ചിന് വധഭീഷണി
text_fieldsതോൽവിത്തുടർച്ചകളിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത നീലക്കുപ്പായക്കാർക്ക് ആധി ഇരട്ടിയാക്കി കോച്ചിന് വധഭീഷണിയും. തന്റെ കുടുംബത്തിന് അജ്ഞാതന്റെ വധഭീഷണി വന്നതായി കോച്ച് ഗ്രഹാം പോട്ടർ തന്നെയാണ് വ്യക്തമാക്കിയത്.
ടീം അവസാനം കളിച്ച 14 കളികളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ഏറ്റവുമൊടുവിൽ പ്രിമിയർ ലീഗിൽ സതാംപ്ടണോടും ടീം തോൽവി സമ്മതിച്ചു. ലീഗിൽ 10ാം സ്ഥാനത്തുള്ള മുൻ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കൾ ഉടനൊന്നും തിരിച്ചുകയറുന്ന ലക്ഷണം കാട്ടാത്തത് ആരാധകരെ പ്രകോപിതരാക്കിയിട്ടുണ്ട്.
തനിക്ക് നിരന്തരം കത്തുകൾ ലഭിക്കുന്നുണ്ടെന്നും പോയി മരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഗ്രഹാം പോട്ടർ പറഞ്ഞു. മക്കൾക്കു നേരെയും ഭീഷണിയുണ്ടെന്നും അദ്ദേഹം തുടർന്നു. തോമസ് ടുഷേലിന്റെ പിൻഗാമിയായാണ് പോട്ടർ ചെൽസി പരിശീലകനായി ചുമതലയേൽക്കുന്നത്. അതിനു ശേഷം ടീം മൊത്തം 29 കളികളിൽ ഒമ്പതു വിജയം മാത്രമാണ് നേടിയത്. അതാണ് കടുത്ത രോഷത്തിനിടയാക്കുന്നത്.
കോച്ചിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് ക്ലബ് രംഗത്തെത്തിയിട്ടുണ്ട്. വൻ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ആരാധകർക്ക് അരിശപ്പെടാൻ അവകാശമുണ്ടെന്നും ഇത്തരം ആക്ഷേപങ്ങൾ തന്നെ തളർത്തില്ലെന്നും പോട്ടർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.