'കൊച്ചിയിലെ നിറഗാലറിയും ആവേശവും ആസ്വദിക്കാനായില്ല എന്നത് നിർഭാഗ്യകരം' കിബു മടങ്ങുന്നത് ഈ സങ്കടത്തോടെ...
text_fieldsകോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിനേറ്റ തിരിച്ചടിയിൽ ന്യായാന്യായങ്ങളൊന്നും നിരത്തുന്നില്ലെന്ന് പുറത്താക്കപ്പെട്ട കോച്ച് കിബൂ വികുന. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്ന് കിബു തെറിച്ചത്. ഇതിനുശേഷം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഒഴികഴിവുകൾ ഒന്നും പറയുന്നിെല്ലന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. തുടക്കംമുതൽ ഒടുക്കംവരെ തനിക്കുപിന്നിൽ ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച ആരാധകക്കൂട്ടത്തോട് സവിശേഷമായ നന്ദിയുണ്ടെന്ന് പറഞ്ഞ വികുന, കൊച്ചിയിലെ നിറഗാലറിയുടെ ആരവങ്ങളും ആവേശവും ആസ്വദിക്കാൻ കഴിയാത്തത് ഏറെ നിർഭാഗ്യകരമായി കരുതുന്നുവെന്നും കുറിപ്പിൽ ചേർത്തു. കോവിഡ് കാരണം ഐ.എസ്.എല്ലിലെ എല്ലാ മത്സരങ്ങളും ഗോവയിൽ നടത്താൻ തീരുമാനിച്ചതോടെയാണ് കൊച്ചിയിൽ കളി നടക്കാതെ പോയത്.
വിബുനയുടെ കുറിപ്പിന്‍റെ പൂർണരൂപം:
''നിർഭാഗ്യവശാൽ, ഈ സീസൺ അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. നമ്മൾ ചെയ്യുന്നതിനെല്ലാം ഉത്തരവാദികളായിരിക്കണമെന്ന് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ എല്ലായ്പോഴും ഹൃദയം സമർപ്പിച്ചാണ് ഞാൻ ഉത്തരവാദിത്തങ്ങളെ സമീപിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഒഴികഴിവുകൾ ഒന്നും പറയുന്നില്ല.
എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. കളിക്കാർ, കോച്ചിങ് സ്റ്റാഫ്, ക്ലബ് അംഗങ്ങൾ തുടങ്ങി എല്ലാവരും കാട്ടിയ പ്രൊഫഷനലിസവും ദയാവായ്പും അടുപ്പവും അത്രയേറെയായിരുന്നു. ആദ്യദിനം മുതൽ അവസാന ദിനം വരെ അകമഴിഞ്ഞ് പിന്തുണച്ച മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുമാണ് സവിശേഷമായ നന്ദി അറിയിക്കാനുള്ളത്. ആ സ്നേഹവും പിന്തുണയുമാണ് നിങ്ങളെ അതിശയിപ്പിക്കുന്നവരും വേറിട്ടവരുമാക്കുന്നത്.
കേരളത്തിലെ നിറഞ്ഞ സ്റ്റേഡിയവും അവിടുത്തെ അന്തരീക്ഷവും ആസ്വദിക്കാനായില്ല എന്നത് വളരെ നിർഭാഗ്യകരമായി കരുതുകയാണ് ഞാൻ. നിങ്ങൾക്കെല്ലാവർക്കും ക്ലബിനും ഭാവിയിൽ നല്ലതുമാത്രം വരട്ടെ എന്നാശംസിക്കുന്നു. തീർച്ചയായും നിങ്ങളത് അർഹിക്കുന്നുണ്ട്.''
ക്ലബിൽനിന്ന് പടിയിറങ്ങുന്ന കിബുവിനെ ആരാധകർ വിമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ട്വീറ്റിനുതാഴെ ആരാധകരെല്ലാം അദ്ദേഹത്തിന് ആശംസ നേരുകയാണ്. 'മുങ്ങുന്ന കപ്പലിൽനിന്ന് നിങ്ങൾ രക്ഷെപ്പട്ടോളൂ' എന്ന തരത്തിൽ പ്രതികരിക്കുന്നവരുമുണ്ട്. പല കമന്‍റുകളും ആരാധകരുടെ അങ്ങേയറ്റത്തെ നിരാശ പ്രതിഫലിപ്പിക്കുന്നവയാണ്.
'ഇത് ഞങ്ങളുടെ വിധിയാണ്. നിങ്ങളുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. എല്ലാ ആശംസകളും നേരുന്നു. ഉയരാൻ കഴിയാത്ത അടിത്തട്ടിലാണ് ഞങ്ങൾ. ഇരുട്ടും അട്ടഹാസങ്ങളുമാണ് ചുറ്റും. ഈ മുങ്ങുന്ന കപ്പലിൽനിന്ന് നിങ്ങൾ രക്ഷപ്പെട്ടോളൂ. ഞങ്ങളെ ഈ തണുത്തുറഞ്ഞ വെള്ളക്കെട്ടിൽ മരണമടയാൻ വിടൂ. ഭീകരമാണീ നിമിഷങ്ങൾ. നിങ്ങൾക്ക് നന്ദി കിബൂ' -ആർ.കെ.വി എന്ന പ്രൊഫൈലിൽ കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.