ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാൻ ഇനി ഗ്രീക്ക് താരവും; ദിമിത്രിയോസ് ദയമാന്റകോസുമായി കരാറിലെത്തി
text_fieldsകൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചുകൂട്ടാൻ ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ദയമാന്റകോസ് എത്തുന്നു. താരവുമായി കരാറിലെത്തിയതായി ക്ലബ് അധികൃതർ അറിയിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് എച്ച്.എൻ.കെ ഹയ്‌ദുക് സ്പ്ലിറ്റിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ താരം മഞ്ഞപ്പടക്കൊപ്പം ചേരുന്നത്.
ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിലാണ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിലെത്തി. അണ്ടർ 19 ലീഗിലെയും യൂത്ത് ചാമ്പ്യൻസ് ലീഗിലെയും മികച്ച പ്രകടനം ക്ലബിന്റെ സീനിയർ ടീമിലേക്ക് വഴിതുറന്നു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകൾക്കായി വായ്‌പാടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാക്കോസിൽ തിരിച്ചെത്തുന്നതിന് മുമ്പ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളാണ് നേടിയത്.
2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എഫ്.സിയിൽ ആദ്യം വായ്‌പാടിസ്ഥാനത്തിലും തുടർന്ന് സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തിനിടെ വി.എഫ്.എൽ ബോചും, എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിലധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് 34 ഗോളും എട്ട് അസിസ്റ്റും നേടി.
2020ൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്‌ദുക് സ്പ്ലിറ്റുമായി മൂന്ന് വർഷത്തെ കരാറിലെത്തി. 30ലധികം മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങി. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പ് ഇസ്രയേലി ക്ലബ് എഫ്.സി അസ്‌ഹഡോഡിനൊപ്പം വായ്‌പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഗ്രീസ് ദേശീയ ടീമിനായി അഞ്ച് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
"എന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിൽ ഞാൻ അതിയായ ആവേശത്തിലാണ്. ഇതൊരു വലിയ വെല്ലുവിളിയാണ്. ഞാൻ ക്ലബിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്യും", ദിമിത്രിയോസ് പറഞ്ഞു.
ഈ സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ദയമാന്റകോസിന്റേത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ മുന്നൊരുക്കത്തിനായി ക്ലബ് നിലവിൽ യു.എ.ഇയിലാണ്. വൈകാതെ താരം ടീമിനൊപ്പം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.