ഗൾഫ് കപ്പ് ഫുട്ബാൾ: കുവൈത്ത് ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഡിസംബറിൽ കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് രാജ്യം ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സുപ്രീം സംഘാടക സമിതിയുടെ ആദ്യ യോഗം യുവജനകാര്യ സഹമന്ത്രി ഡോ. മതാൽ അൽ ഹുവൈലയുടെ നേതൃത്വത്തിൽ നടന്നു.
ജനറൽ സ്പോർട്സ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ബഷർ അബ്ദുല്ല, മറ്റു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എല്ലാ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്മിറ്റി അംഗങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്നു വരെയാണ് കുവൈത്തിൽ ടൂർണമെന്റ് നടക്കുക.
1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് നേരത്തേ ആതിഥേയത്വം വഹിച്ചിരുന്നു. എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്.
ഇറാഖിലെ ബസ്രയിലായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. രാജ്യത്തേക്ക് വീണ്ടും മത്സരങ്ങൾ എത്തുന്നതോടെ രാജ്യത്തെ ഫുട്ബാൾ മേഖലക്കും ഉണർവ് കൈവരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.