സിറ്റിയുടെ നെറ്റ് തുളച്ച് ഗണ്ണേഴ്സ്; സലാഹിന്റെ ഇരട്ട ഗോളിൽ സമനില പിടിച്ച് ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് ആഴ്സണൽ. 87ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഏക ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ ജയം. നാലാം മിനിറ്റിൽ തന്നെ കോർണറിൽനിന്ന് അക്കൗണ്ട് തുറക്കാൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗാർഡിയോളിന്റെ ഇടങ്കാലൻ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും ആഴ്സണൽ പ്രതിരോധ താരങ്ങൾ ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിലും സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും പോസ്റ്റിന്റെ തൊട്ടുമുമ്പിൽനിന്നുള്ള നഥാൻ അകെയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 17ാം മിനിറ്റിൽ ജൂലിയൻ അൽവാരസും ഗോളിനടുത്തെത്തിയെങ്കിലും ആഴ്സണലിനെ വീണ്ടും ഭാഗ്യം തുണച്ചു. മൈനസ് ബാൾ അടിച്ചകറ്റാനുള്ള ഗോൾകീപ്പർ റായയുടെ ശ്രമം അൽവാരസ് തടഞ്ഞിട്ടപ്പോൾ ഗോളായെന്ന് തോന്നിച്ചെങ്കിലും ബാൾ സൈഡ് നെറ്റിലാണ് പതിച്ചത്.
26ാം മിനിറ്റിലാണ് ആഴ്സണലിന് ആദ്യ സുവർണാവസരം ലഭിച്ചത്. എന്നാൽ, ഷോട്ട് പോസ്റ്റിനോട് ചാരി പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അവസാനഘട്ടത്തിൽ ഗാർഡിയോളിന്റെ മനോഹര ക്രോസിന് ഹാലണ്ട് ഉയർന്നുചാടിയെങ്കിലും പന്ത് തലയിൽ തട്ടാതെ പോയത് ആഴ്സണലിന് രക്ഷയായി.
രണ്ടാം പകുതിയിൽ ആഴ്സണൽ മുന്നേറ്റങ്ങളോടെയാണ് കളി തുടങ്ങിയത്. 51ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഷോട്ട് സിറ്റി ഗോൾകീപ്പർ അനായാസം കൈയിലൊതുക്കി. തുടർന്നും ആക്രമിച്ച് കളിച്ച ആഴ്സണൽ അവസരങ്ങളേറെ തുറന്നു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ വിജയഗോളും നേടി. മാർട്ടിനെല്ലിയുടെ ഷോട്ട് പ്രതിരോധ താരം അകെയുടെ ദേഹത്ത് തട്ടി പോസ്റ്റിൽ കയറുകയായിരുന്നു.
ആഴ്സണലിനെതിരായ തോൽവിയോടെ നാട്ടിൽ അവസാനമായി കളിച്ച തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സിറ്റി പരാജയം രുചിക്കുന്നത്. ഇ.എഫ്.എൽ കപ്പിൽ ന്യൂകാസിൽ യുനൈറ്റഡിനോട് ഒരു ഗോളിന് തോറ്റ സിറ്റി പ്രീമിയർ ലീഗിൽ വോൾവ്സിനോട് 2-1നും തോറ്റിരുന്നു.
ലിവർപൂൾ-ബ്രൈറ്റൺ പോരാട്ടം 2-2ന് സമനിലയിൽ കലാശിച്ചു. ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ 20ാം മിനിറ്റിൽ സൈമൺ അഡിൻഗ്രയിലൂടെ ബ്രൈറ്റണാണ് ആദ്യം ലീഡ് പിടിച്ചത്. എന്നാൽ, 40ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സലാഹ് ലിവർപൂളിന് ലീഡും സമ്മാനിച്ചു. എന്നാൽ, 78ാം മിനിറ്റിൽ ലൂയിസ് ഡങ്ക് നേടിയ ഗോളിൽ ബ്രൈറ്റൺ സമനില പിടിക്കുകയായിരുന്നു.
വെസ്റ്റ്ഹാം-ന്യൂകാസിൽ മത്സരവും 2-2ന് അവസാനിച്ചു. ന്യൂകാസിലിനായി അലക്സാണ്ടർ ഇസാക് ഇരട്ട ഗോൾ നേടിയപ്പോൾ വെസ്റ്റ്ഹാമിനായി തോമസ് സൂസെകും മുഹമ്മദ് കുദുസും ഗോൾ നേടി. ആസ്റ്റൻവില്ലയും വോൾവ്സും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ഹോങ് ഹീ ചാൻ വോൾവ്സിനായി ലക്ഷ്യം കണ്ടപ്പോൾ പൗ ടോറസിന്റെ വകയായിരുന്നു ആസ്റ്റൻ വില്ലയുടെ ഗോൾ.
എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 പോയന്റുമായി ടോട്ടൻഹാം ആണ് പോയന്റ് പട്ടികയിൽ മുമ്പിൽ. അത്രയും പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ആഴ്സണൽ രണ്ടാം സ്ഥാനത്തായി. 18 പോയന്റുമായി സിറ്റി മൂന്നാമതും ഒരു പോയന്റ് പിന്നിൽ ലിവർപൂൾ നാലാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.