വിസ്മയ റെക്കോർഡിൽതൊട്ട് ഹാലാൻഡ്, മോഹങ്ങൾക്ക് നിറംപകർന്ന് മാഞ്ചസ്റ്റർ സിറ്റി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ ചരിത്രത്താളുകളിൽ പ്രഹരശേഷിയുടെ വിസ്മയ റെക്കോർഡിലേക്ക് വലകുലുക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിവീരൻ എർലിങ് ഹാലാൻഡ്. 70-ാം മിനിറ്റിൽ ജാക് ഗ്രീലിഷിന്റെ ത്രൂപാസ് സ്വീകരിച്ച് വെസ്റ്റ്ഹാം യുനൈറ്റഡ് ഗോൾകീപ്പർ ലൂകാസ് ഫാബിയാൻസ്കിയുടെ തലക്ക് മുകളിലൂടെ ആളൊഴിഞ്ഞ വലയിലേക്ക് ഹാലാൻഡ് പന്ത് ചിപ്പ് ചെയ്തപ്പോൾ പൊള്ളുന്ന പോരാട്ടങ്ങളുടെ അരങ്ങായ പ്രീമിയർ ലീഗിൽ അതു പുതിയ ചരിത്രത്തിലേക്ക് പാഞ്ഞുകയറി. പ്രീമിയർലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡാണ് ഹാലാൻഡ് സ്വന്തമാക്കിയത്.
സീസണിൽ 35 ഗോളുകളാണ് നോർവേക്കാരനായ മുന്നേറ്റക്കാരൻ ഇതുവരെ സ്വന്തമാക്കിയത്. സീസണിൽ 34 ഗോളുകളെന്ന ആൻഡി കോളിന്റെയും അലൻ ഷിയററിന്റെയും നേട്ടം ഇനി ഹാലാൻഡിന്റെ അതിശയകരമായ ഗോൾവേട്ടക്ക് പിന്നിൽ മാത്രം. അഞ്ചു കളികൾ ബാക്കിനിൽക്കെ, ഹാലാൻഡിന് റെക്കോർഡ് ഉജ്ജ്വലമായി മെച്ചപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്.
മത്സരത്തിൽ ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് വെസ്റ്റ് ഹാമിനെ കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടാനുള്ള പ്രതീക്ഷകൾക്ക് നിറംപകർന്നു. 33 കളികളിൽനിന്ന് 79 പോയന്റുള്ള സിറ്റി കിരീടപ്പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ആഴ്സനലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. 34 കളികളിൽ 78 പോയന്റുള്ള ആഴ്സനൽ രണ്ടാം സ്ഥാനത്താണിപ്പോൾ.
ആക്രമണങ്ങളുടെ മൂർച്ചയേറിയ തുടർച്ചകൾ അഴിച്ചുവിട്ടിട്ടും വെസ്റ്റ് ഹാമിനെതിരെ ആദ്യപകുതിയിൽ ഗോൾ നേടാനാവാതെ ഉഴറുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി. യൂലിയൻ ആൽവാരെസിന്റെയും റിയാദ് മെഹ്റെസിന്റെയും ഗോളെന്നുറച്ച ശ്രമങ്ങളെ പ്രതിരോധിച്ച് ഫാബിയാൻസ്കി കരുത്തുകാട്ടി. ഗ്രീലിഷിന്റെയും റോഡ്രിയുടെയും ഷോട്ടുകൾ പോസ്റ്റിനിടിച്ച് വഴിമാറി. 80 ശതമാനം സമയവും പന്ത് വരുതിയിൽ നിർത്തിയിട്ടും ലക്ഷ്യം കാണാനാവാതെ പോയ സിറ്റിക്ക് 49-ാം മിനിറ്റിൽ ഡച്ച് ഡിഫൻഡർ നതാൻ അകെയാണ് രക്ഷകനായെത്തിയത്. മഹ്റെസിന്റെ ഫ്രീകിക്കിൽ ഫാബിയാൻസ്കിക്ക് പിടികൊടുക്കാതെ പൊള്ളുന്നൊരു ഹെഡർ. 70-ാം മിനിറ്റിൽ ഹാലാൻഡിന്റെ ഗോളിനു പിന്നാലെ 85-ാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഫിനിഷിങ്ങും ചേർന്നപ്പോൾ കിരീടം കാക്കാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ മോഹങ്ങൾക്ക് നിറപ്പകിട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.