മെസ്സിയുടെ റെക്കോഡ് തൊട്ട് ഹാലൻഡ്; ആ സുവർണ ബൂട്ടുകൾക്ക് മുന്നിൽ വഴിമാറി നിരവധി റെക്കോഡുകൾ
text_fieldsഹാട്രിക് തികച്ച ആദ്യ പകുതിക്കു ശേഷം 13 മിനിറ്റിനിടെ രണ്ടെണ്ണം കൂടി വലയിലെത്തിച്ച ആവേശത്തിൽ നിൽക്കെയായിരുന്നു കോച്ചിന്റെ തിരിച്ചുവിളിക്കൽ. അവശേഷിച്ച അരമണിക്കൂർ കൂടി മൈതാനത്ത് തുടർന്നിരുന്നെങ്കിൽ അനായാസം ആറടിച്ച് ചരിത്രം കുറിക്കാനുള്ള ആത്മവിശ്വാസം മുഖത്തുണ്ടായിരുന്നു. എന്നാൽ, നിരാശ ഒട്ടും മുഖത്തില്ലാതെ തിരിച്ചുനടക്കുമ്പോൾ എർലിങ് ഹാലൻഡ് എന്ന ഗോൾമെഷീനെ നേരിട്ടുകണ്ട ആവേശത്തിരയിൽ മുങ്ങിനിൽക്കുകയായിരുന്നു ഗാലറി.
ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ പത്ത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഈ 22 കാരന്‍. യൂറോപിന്റെ സൂപർ പോരിൽ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം. മുമ്പ് സൂപ്പര്‍ താരം ലയണല്‍ മെസ്സി 2012ലും ലൂയിസ് അഡ്രിയാനോ 2014ലും മാത്രമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയവർ. ലെപ്സിഗിനെതിരായ അഞ്ച് ഗോള്‍ നേട്ടത്തോടെ പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഒരു റെക്കോര്‍ഡും ഹാലൻഡ് പഴങ്കഥയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോള്‍ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കാര്‍ഡാണ് ആളുമാറിയത്. 25 മത്സരങ്ങളിൽ 33 ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ ഉടമയാണ് ഹാലൻഡിപ്പോൾ. കഴിഞ്ഞ സീസണിൽ സിറ്റിക്കൊപ്പം ചേർന്ന ശേഷം 36 കളികളിൽ 39 ഗോളാണ് താരത്തിെൻറ സമ്പാദ്യം. ഒറ്റ സീസണിൽ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ എന്ന 94 വർഷം പഴക്കമുള്ള റെക്കോഡും ഹാലൻഡിന്റെ പേരിലായി. ടോമി ജോൺസണായിരുന്നു ഇതുവരെയും ആ റെക്കോഡുകാരൻ. മാർച്ച് മാസം പകുതിയിൽ നിൽക്കെ ഇനിയുമേറെ മത്സരങ്ങൾ കളിക്കാനുള്ള ടീമിനും താരത്തിനും മുന്നിൽ വഴിമാറാൻ റെക്കോഡുകളേറെ.
ആർത്തുവിളിച്ച് ആതിഥേയരെ പ്രോൽസാഹിപ്പിച്ച ഇത്തിഹാദ് മൈതാനത്ത് ആഘോഷം ഇരട്ടിയാക്കി 22ാം മിനിറ്റിലാണ് ഹാലൻഡ് ഗോളടിമേളം തുടങ്ങുന്നത്. പെനാൽറ്റി വലയിലെത്തിച്ചായിരുന്നു അത്. പിന്നീടെല്ലാം എളുപ്പത്തിലായിരുന്നു. തലകൊണ്ടും കാലിലെടുത്തും ലൈപ്സീഗ് ഗോളിയെ നിശ്ശൂന്യനാക്കിയ നിമിഷങ്ങൾ. 22 കാരന്റെ മായിക സ്പർശം മുദ്രചാർത്തിയ ഗോളുകൾ. ഇത്രയും ചുരുങ്ങിയ പ്രായത്തിൽ ഇതിലേറെ റെക്കോഡുകളിലേക്ക് പന്തടിച്ചുകയറിയിരുന്നെങ്കിൽ ഇനിയുള്ള ജീവിതം ബോറടിയാകുമെന്ന് കരുതിയാണ് ഹാലൻഡിനെ നേരത്തെ മടക്കി വിളിച്ചതെന്ന് കോച്ച് പെപ് പറയുന്നതിലുമുണ്ട് ശരി. ഇരട്ട ഹാട്രിക് നേടാൻ കൊതിയുണ്ടെന്നും തന്നെ ഇടക്ക് തിരിച്ചുവിളിക്കരുതെന്നും കോച്ചിനോട് പ്രത്യേകം പറഞ്ഞിരുന്നുവെന്ന് മത്സര ശേഷം ഹാലൻഡ് പറയുന്നുണ്ട്.
63ാം മിനിറ്റിൽ തിരിച്ചുകയറുമ്പോൾ എട്ട് ഷോട്ടുകൾ പായിച്ചതിൽ എട്ടും പോസ്റ്റിലേക്കായിരുന്നു. അതിൽ അഞ്ചു ഗോളുകൾ. പൂർത്തിയാക്കിയത് 11 പാസുകൾ. കളി 57ാം മിനിറ്റാകുമ്പോഴേക്ക് തന്റെ പേരിലെ അഞ്ചു ഗോളും ഹാലൻഡ് വലയിലെത്തിച്ചുകഴിഞ്ഞിരുന്നു.
ദേശീയ ജഴ്സിയിലോ ക്ലബിനായോ ഇതുവരെയും ട്രോഫികളൊന്നും നേടാനായില്ലെന്ന നിരാശ ഇത്തവണ തീർക്കാനാണ് ഹാലൻഡ് ഓരോ കളിയിലും ഇറങ്ങുന്നത്. സിറ്റിക്കായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായില്ലെന്ന കോച്ച് ഗാർഡിയോളയുടെ പരിഭവവും തീരുമോ ആവോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.