ജപ്പാനോട് തോറ്റു; ജർമൻ കോച്ച് ഫ്ലിക്കിനെ പുറത്താക്കി
text_fieldsവോൾഫ്സ്ബർഗ് (ജർമനി): സൗഹൃദമത്സരത്തിൽ ജപ്പാനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിറകെ ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക് പുറത്ത്. ഒന്നിനെതിരെ നാല് ഗോളിനാണ് മുൻ ലോക ചാമ്പ്യന്മാർ തോറ്റമ്പിയത്. അടുത്ത വർഷം യൂറോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ പരാജയ പരമ്പര തുടരുന്ന സാഹചര്യത്തിൽ കോച്ചിനെ നീക്കാൻ നിർബന്ധിതരാവുകയായിരുന്നു ജർമൻ സോക്കർ ഫെഡറേഷൻ.
ഖത്തർ ലോകകപ്പ് ഗ്രൂപ് റൗണ്ടിലും ജപ്പാനോട് തോറ്റ ടീം, പ്രീക്വാർട്ടറിൽ പോലും കടക്കാതെ പുറത്തായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയമായിരുന്നു ഫലം. ജപ്പാനെതിരെ തോറ്റതിന് പിറകെ, പരിശീലകനായി തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച ഫ്ലിക് ടീമിനെ ആരാധകർ കൂടി പങ്കെടുത്ത ട്രെയിനിങ് സെഷന് ഇറക്കിയിരുന്നു. സൗഹൃദ മത്സരത്തിന്റെ 11ാം മിനിറ്റിലാണ് ആതിഥേയരുടെ വിജയം കാണുന്നതിനായി തടിച്ചുകൂടിയ കാണികളെ നിശ്ശബ്ദരാക്കി ജപ്പാൻ ആദ്യ ഗോൾ നേടിയത്.
ജുൻയയിലൂടെയായിരുന്നു ഗോൾ. 19ാം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. ലേറോയ് സാന സ്കോററായി. മൂന്ന് മിനിറ്റിനകം ജപ്പാൻ വീണ്ടും ഗോളടിച്ചു. ഇക്കുറി അയസ് ഉഡേയുടേതായിരുന്നു ഊഴം. 22ാം മിനിറ്റിലാണ് ഉഡേയുടെ ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിനുള്ള അവസരം കൂടി ജപ്പാൻ താരങ്ങൾ തുറന്നെടുത്തെങ്കിലും ജർമൻ ഗോൾകീപ്പറുടെ ഇടപെടലിൽ അത് ഗോളായില്ല. രണ്ടാം പകുതിയിലും തിരിച്ചടിക്കാൻ ജർമനിയും ലീഡുയർത്താൻ ജപ്പാനും ശ്രമിച്ചു.
മികച്ചൊരു മുന്നേറ്റമുണ്ടായത് 70ാം മിനിറ്റിലാണ്. എന്നാൽ, ഗോളിയെ മറികടന്ന് വലകുലുക്കാൻ ജപ്പാന് കഴിഞ്ഞില്ല. ഒടുവിൽ 90ാം മിനിറ്റിൽ അസാനോയിലൂടെ ജപ്പാൻ മൂന്നാം ഗോൾ കുറിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ടനാക്കയിലൂടെ നാലാം ഗോളും നേടി ജപ്പാൻ ജർമൻ വധം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.