വൻ തോൽവിയാവുന്നോ ഹാർദിക്?
text_fieldsമുംബൈ: ഐ.പി.എല്ലിൽ ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ഐക്കണായ മുംബൈയുടെ ഷെൽഫിൽ അഞ്ചു കിരീടങ്ങളുണ്ട്. ഇതെല്ലാം നേടിക്കൊടുത്ത നായകൻ രോഹിത് ശർമയെ മാറ്റി പുതിയ സീസണിലേക്ക് ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നതോടെ ടീം വലിയ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് എടുക്കുന്ന തീരുമാനങ്ങൾ തുടർച്ചയായി പാളുന്നത് മാത്രമല്ല, കളത്തിലെയും പുറത്തെയും അദ്ദേഹത്തിന്റെ പെരുമാറ്റവും വലിയ വിമർശനത്തിനിടയാക്കുന്നുണ്ട്. ടീമിലെ സൗഹാർദാന്തരീക്ഷത്തെയും ഐക്യത്തെയുമെല്ലാം ഹാർദിക്കിന്റെ വരവ് ബാധിച്ചതായാണ് പ്രമുഖരായ ആരാധകരടക്കം പറയുന്നത്.
മലിംഗയോടും കലിപ്പ്
മുൻ നായകൻ രോഹിത് ശർമയോട് തീരെ ബഹുമാനമില്ലാതെ ഹാർദിക് പെരുമാറുന്നുവെന്ന വിമർശനത്തിനു പിന്നാലെ മുൻ ശ്രീലങ്കൻ താരവും ഫാസ്റ്റ് ബൗളിങ് ഇതിഹാസവുമായ ലസിത് മലിംഗയെ തള്ളുന്നതുൾപ്പെടെ വിഡിയോകളും പുറത്തുവിന്നിട്ടുണ്ട്. നിലവിൽ മുംബൈയുടെ ബൗളിങ് കോച്ചാണ് മലിംഗ. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരം തോറ്റതിനു പിന്നാലെ മൈതാനത്ത് തന്നെ ആലിംഗനംചെയ്യാൻ ശ്രമിച്ച മലിംഗയെ ഹാർദിക് തള്ളിമാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഈ മത്സരത്തിനിടെ ഡഗ്ഔട്ടിൽ മറ്റൊരു സംഭവവുമുണ്ടായി. ഹാർദിക് വരുന്നത് കണ്ട് കസേരയൊഴിഞ്ഞുകൊടുക്കാൻ ശ്രമിച്ച ബാറ്റിങ് കോച്ച് കീറൺ പൊള്ളാർഡിനെ വിലക്കി മലിംഗ അവിടെനിന്ന് എണീറ്റുപോയി. തുടർന്ന് ഹാർദിക് ആ കസേരയിലിരുന്നു. പരിശീലകരോടുപോലും ആദരവ് കാണിക്കുന്നില്ലെന്നാണ് ഈ വിഡിയോക്ക് താഴെ ഉയരുന്ന അഭിപ്രായങ്ങൾ. ഇതിഹാസങ്ങളെ ബഹുമാനിക്കാത്തയാളാണ് ഹാർദിക്കെന്ന് മാധ്യമ പ്രവർത്തകൻ സത്യപ്രകാശ് എക്സിൽ കുറിച്ചു.
ചേരിതിരിഞ്ഞ് താരങ്ങൾ
പ്രമുഖ ആരാധകനായ മുഫദ്ദൽ വോറ പറയുന്നത് മുംബൈ ടീം രണ്ടു ചേരിയായെന്നാണ്. ജസ്പ്രീത് ബുംറയും തിലക് വർമയും രോഹിത് ശർമക്കൊപ്പം നിലയുറപ്പിക്കുകയാണ്. മറ്റു പല താരങ്ങളും ഇവർക്കൊപ്പമുണ്ട്. അതേസമയം, ടീം മാനേജ്മെന്റിന്റെ പിന്തുണയുള്ള ഹാർദിക് പാണ്ഡ്യയോടൊപ്പമാണ് ഇഷാൻ കിഷനും മറ്റു ചിലരുമെന്ന് മുഫദ്ദൽ എക്സിൽ വ്യക്തമാക്കി. രണ്ടാം തോൽവിയോടെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ടു മത്സരങ്ങളിലെയും പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയേകുന്നതായിരുന്നു. എന്നാൽ, ടീം മാനേജ്മെന്റ് ഹാർദിക്കിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐ.പി.എല്ലിലെ മികച്ച നായകരുടെ പട്ടികയിലായിരുന്നു ഹാർദിക്കിന്റെ സ്ഥാനം. ഗുജറാത്ത് ടൈറ്റൻസിന് 2022ൽ അരങ്ങേറ്റ സീസണിൽത്തന്നെ കിരീടം നേടിക്കൊടുത്തയാളാണ്. പിറ്റേ വർഷം ഫൈനലിലുമെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.