റൂണിയുടെ റെക്കോഡ് തിരുത്തി ഹാരി കെയ്ൻ; ഇറ്റലിക്കെതിരെ ജയിച്ചുകയറി ഇംഗ്ലണ്ട്
text_fieldsനേപ്പിൾസ്: ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡ് ഹാരി കെയ്ൻ സ്വന്തമാക്കിയ യൂറോ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇറ്റലിയെ 2-1ന് കീഴടക്കി ഇംഗ്ലണ്ട്. 44ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചാണ് 53 ഗോളുകളെന്ന വെയ്ൻ റൂണിയുടെ റെക്കോഡ് കെയ്ൻ മറികടന്നത്.
13ാം മിനിറ്റിൽ ഡെക്‍ലാൻ റൈസിലൂടെയാണ് ഇംഗ്ലീഷുകാർ അക്കൗണ്ട് തുറന്നത്. ഹാരികെയ്നിന്റെ ഷോട്ട് ഇറ്റാലിയൻ പ്രതിരോധത്തിൽ തട്ടി മടങ്ങിയപ്പോൾ പന്തെത്തിയത് റൈസിന്റെ കാലിലായിരുന്നു. താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഡോണറുമ്മയെ കീഴടക്കി. 44ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കെയ്നും ഗോൾ നേടിയതോടെ സന്ദർശകരുടെ ലീഡ് ഇരട്ടിയായി.
എന്നാൽ, 56ാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ മറ്റിയോ റെറ്റെഗിയിലൂടെ ഇറ്റലി ഒരുഗോൾ തിരിച്ചടിച്ചു. പ്രതിരോധത്തിൽ ഹാരി കെയ്ൻ വരുത്തിയ പിഴവാണ് 23കാരന്റെ ഗോളിലേക്ക് വഴിതുറന്നത്. 80ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ലൂക് ഷോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും ആതിഥേയർക്ക് മുതലാക്കാനായില്ല. മത്സരത്തിന്റെ 58 ശതമാനവും പന്ത് ഇറ്റലിയുടെ കൈവശമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. 10 ഷോട്ടുകൾ ഉതിർത്തപ്പോൾ ഒന്ന് മാത്രമാണ് വലക്ക് നേരെ നീങ്ങിയത്. മറിച്ച് ഏഴ് ഷോട്ടുകളുതിർത്ത ഇംഗ്ലണ്ടിന്റെ നാലും ടാർഗറ്റിലേക്കായിരുന്നു. 1961ന് ശേഷം അവരുടെ മണ്ണിൽ ആദ്യമായാണ് ഇംഗ്ലണ്ട് തോൽപിക്കുന്നത്.
മറ്റൊരു മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ പോർച്ചുഗൽ ലിച്ചൻസ്റ്റീനിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. ജോവോ കാൻസലോയിലൂടെയാണ് പോർച്ചുഗൽ ലീഡെടുത്തത്. 47ാം മിനിറ്റിൽ ബെർണാഡോ സിൽവ അത് ഇരട്ടിയാക്കി. തുടർന്നായിരുന്നു റൊണാൾഡോയുടെ ഊഴം. 51ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച താരം 63ാം മിനിറ്റിൽ പട്ടിക തികച്ചു. പോർച്ചുഗലിനായി 197ാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
മറ്റു മത്സരങ്ങളിൽ ഡെന്മാർക്ക് 3-1ന് ഫിൻലൻഡിനെ തോൽപിച്ചപ്പോൾ നോർത്ത് മാസിഡോണിയ മാൾട്ടയെയും െസ്ലാവേനിയ കസാകിസ്ഥാനെയും 2-1ന് കീഴടക്കി. നോർതേൺ അയർലൻഡ് സാൻമാരിനോയെ എതിരില്ലാത്ത രണ്ട് ഗോളിനും ബോസ് ഹെർസെ ഐസ്‍ലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോൽപിച്ചപ്പോൾ ലക്സംബർഗ്, െസ്ലാവാക്യ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.