ഹാരി കെയ്നെ റാഞ്ചി ബയേൺ മ്യൂണിക്; ബുണ്ടസ് ലിഗയിലെ റെക്കോഡ് തുക
text_fieldsഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്നെ റെക്കോഡ് തുകക്ക് സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. 100 മില്യണ്‍ യൂറോ (ഏകദേശം 910 കോടി) മുടക്കിയാണ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറില്‍നിന്ന് ഇംഗ്ലണ്ട് നായകനെ ബയേൺ ക്ലബിലെത്തിക്കുന്നത്.
മെഡിക്കൽ പരിശോധനക്കായി താരം ജർമനിയിലേക്ക് പറന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലു വര്‍ഷത്തെ കരാറിലാണ് കെയ്ൻ ബയേണിലെത്തുന്നത്. ബുണ്ടസ് ലിഗയുടെയും ബയേണിന്‍റെയും ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്. 30കാരനായ കെയ്ന്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി 317 മത്സരങ്ങളില്‍നിന്നായി 213 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനായി 84 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകളും നേടി. ടോട്ടനത്തിനായും ഇംഗ്ലണ്ടിനായും ഏറ്റുവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് കെയ്ന്‍റെ പേരിലാണ്. സൗദി പ്രോ ലീഗിലേക്ക് കൂടുമാറിയ സാദിയോ മാനെക്കു പകരക്കാരനായി കെയ്നെ ബയേൺ നേരത്തെ തന്നെ നോട്ടമിട്ടിരുന്നു.
സമീപകാലത്ത് ഇംഗ്ലണ്ട് സംഭാവന ചെയ്ത ഏറ്റവും മികച്ച സ്ട്രൈക്കറായിട്ടും കിരീടങ്ങളൊന്നും മാറോടുചേർക്കാനാവാത്ത പരിഭവം തീർക്കാമെന്ന പ്രതീക്ഷയിലാണ് താരം ജർമനിയിലേക്ക് വിമാനം കയറിയത്. തുടർച്ചയായ 11ാം ബുണ്ടസ് ലിഗ കിരീടമാണ് കഴിഞ്ഞ സീസണിൽ ബയേൺ പൂർത്തിയാക്കിയത്. ആറു വട്ടം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.