പ്രീമിയർ ലീഗിൽ സെർജിയോ അഗ്യൂറോയുടെ റെക്കോഡ് മറികടന്ന് ഹാരി കെയ്ൻ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന അപൂർവ നേട്ടം സ്വന്തമാക്കി ടോട്ടൻഹാമിന്‍റെ ഹാരി കെയ്ൻ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം വോൾവ്സിനെ പരാജയപ്പെടുത്തി.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ഹാരി കെയ്ൻ ടീമിന്‍റെ വിജയഗോൾ നേടിയത്. ഇതോടെ ടോട്ടൻഹാമിനായി താരത്തിന്‍റെ ഗോൾനേട്ടം 185 ആയി. അർജന്‍റീനക്കാരനായ സെർജിയ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി നേടിയ 184 ഗോളുകളാണ് താരം മറികടന്നത്.
എല്ലാ മത്സരങ്ങളിലുമായി ടോട്ടൻഹാമിനുവേണ്ടി കെയ്ൻ നേടിയ ഗോളുകളുടെ എണ്ണം 250ലെത്തി. നോർത്ത് ലണ്ടൻ ക്ലബുകളിൽ എക്കാലത്തെയും മികച്ച ടോപ് സ്‌കോററിലേക്കുള്ള യാത്രയിൽ ഇനി ജിമ്മി ഗ്രീവ്‌സ് മാത്രമാണ് താരത്തിന് മുന്നിലുള്ളത്. 16 ഗോളുകളുടെ അകലം മാത്രം.
ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ രണ്ടാം പകുതിയിൽ ക്ലോസ് റേഞ്ചിലൂടെയാണ് 29കാരനായ കെയ്ൻ റെക്കോഡ് ഗോൾ നേടിയത്. കഴിഞ്ഞയാഴ്ച ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളിലൂടെയാണ് കെയ്ൻ അഗ്യൂറോയുടെ നേട്ടത്തിനൊപ്പമെത്തിയത്.
ലെസ്റ്ററിന് തോൽവി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് തോൽവി. ലെസ്റ്റർ സതാംപ്ടണിനെതിരെ ലീഡ് നേടിയശേഷം പരാജയപ്പെടുകയായിരുന്നു.
54ാം മിനിറ്റിൽ ജെയിംസ് മാഡിസണിലൂടെയാണ് ലെസ്റ്റർ മുന്നിലെത്തിയത്. എന്നാൽ, പകരക്കാരനായിറങ്ങിയ ചെ ആഡംസ് ഇരട്ട ഗോളുകളിലൂടെ (68, 84) സതാംപ്ടണിന് ജയമൊരുക്കി. തകർപ്പൻ അക്രോബാറ്റിക് സൈഡ് വോളിയിലൂടെയായിരുന്നു ആഡംസിന്റെ വിജയഗോൾ.
വിൽഫ്രഡ് സാഹയുടെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസ് 3-1ന് ആസ്റ്റൺവില്ലയെ തോൽപിച്ചപ്പോൾ ഫുൾഹാം 3-2ന് ബ്രെന്റ്ഫോഡിനെ കീഴടക്കി. എവർട്ടൺ-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.