ഹാരി കെയ്ൻ... ബൂട്ട് കെട്ടിയ ചുഴലിക്കാറ്റ്
text_fieldsഫുട്ബാളിൽ നായകന്‍റെ സ്ഥാനം എന്ത്, എന്തിന് എന്ന ചർച്ച തുടങ്ങിയ നാളുകളിലായിരുന്നു ഹാരി കെയിൻ ഫുട്ബാൾ തറവാടിന്‍റെ അധിപനായി നിയോഗിതനായത്. ഗാരി ലിനേക്കർ, സ്റ്റീവൻ ജെറാർഡ്, ഡേവിഡ് ബെക്കാം എന്നീ അതികായന്മാരെല്ലാം ഇംഗ്ലീഷ് ടീമിന്‍റെ നായകസ്ഥാനത്തു എത്തിയ കാലത്തൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിയാതിരുന്ന ഒത്തൊരുമയും ആത്മ വിശ്വാസവും ഏതു നിർണായക സാഹചര്യങ്ങളിലും പതറാതെ പൊരുതുവാനുള്ള തേന്റടവും ടീമിന് കൈവന്നതു ഹാരി കെയിൻ ആ സ്ഥാനത്തു എത്തിയപ്പോഴായിരുന്നു. ഫുട്ബാൾ പാഠപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലുള്ള എല്ലാവിധ യോഗ്യതകളും ഒത്തിണങ്ങിയ ഒരു കപ്പിത്താൻ.
കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിെന്റ അതോറിറ്റി ആദ്യമായി ടീമിലെത്തിയ യുവ കളിക്കാരെപ്പോലും സുഹൃത്തുക്കളായും സഹോദരന്മാരായും കാണാനുള്ള കഴിവാണ്. അവർക്കു വേണ്ട ഉത്തരവാദിത്വങ്ങൾ വേണ്ട നേരങ്ങളിൽ ഏൽപ്പിക്കാനും അവരെ വിശ്വാസത്തിലെടുക്കുവാനുള്ള സവിശേഷതയും തികഞ്ഞ അച്ചടക്കവും ഹാരി കെയിൻ എന്ന നായകനെ ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്‍റെ അമരക്കാരനാക്കി. കളിക്കളത്തിലെ ആധിപത്യവും അസാധാരണ ഗോളടി മികവും കൂടിയായപ്പോൾ ഹാരി അവരുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായി.
മുന്നിൽ നിന്ന് നയിക്കുന്നവനാണ് നായകൻ എന്ന് തെളിയിക്കുകയായിരുന്നു 2018 ലോകകപ്പിലെ ടോപ് സ്കോറർ കൂടിയായ ഈ എസക്സുകാരൻ. സെമി ഫൈനൽ വരെ ഒരു ഗോൾ പോലും വഴങ്ങാതെ ജൈത്രയാത്ര തുടർന്ന ഫുട്ബാൾ തറവാടിനെ നിർണായക നിമിഷങ്ങളിലെ എണ്ണം പറഞ്ഞ ഗോളുകളുമായി ചുമലിലേറ്റിയ ഈ നായകൻ ചരിത്രത്തിന്‍റെ ഭാഗമായത് ആദ്യമായി ഇംഗ്ലീഷ് ഫുട്ബാൾ ടീമിനെ യൂറോകപ്പിലെ കലാശക്കളിക്ക് എത്തിച്ചു കൊണ്ടായിരുന്നു.
എട്ടാംവയസിൽ ആഴ്‌സനൽ യൂത്ത് അക്കാദമിയിൽ പന്തുകളി പഠിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട പയ്യനെ ഒരു വർഷം കഴിഞ്ഞപ്പോൾ ആ പണി അവനു പറ്റിയതെല്ലന്നു കണ്ടെത്തി നിർദയം അവിടുന്ന് പറഞ്ഞയച്ചു. കേവലം അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അവൻ മടങ്ങിയെത്തിയത് ഇംഗ്ലണ്ട് ഫുട്ബാളിന്‍റെ രക്ഷകനായാണ്. ഹാരി കെയിൻ ഈ പേരിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ അത് "ഹരിക്കേൻ" എന്നാകും, അതായത് സാക്ഷാൽ ചുഴലിക്കാറ്റ്. ആഴ്സനൽ അക്കാദമിയിൽനിന്ന് പറഞ്ഞയച്ചപ്പോൾ ഇനി ഒരിക്കലും കാൽപന്തു കളിക്കില്ലെന്ന് ആ കുഞ്ഞുപയ്യൻ തീരുമാനിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ അവൻ വിഖ്യാതനായ ഒരു ഗോൾഫ് കളിക്കാരൻ ആയിത്തീരുമായിരുന്നു. അതല്ലങ്കിൽ അറിയപ്പെടുന്ന ചലച്ചിത്ര താരം!.
ഐറിഷ് വംശജരായ കിമ്മിന്‍റെയും പാട്രിക്ക് കെയിനിന്‍റെയും രണ്ടാമത്തെ മകനായി ഹാരി ജനിച്ചത് 1993 ജൂലായ് 28ന് ആയിരുന്നു. ടോട്ടൻഹാം ഫുട്ബാൾ സ്റ്റേഡിയത്തിന് അഞ്ചു കിലോമീറ്റർ അകലെ ചിങ് ഗോർഡ് എന്ന ഉത്തര ലണ്ടൻ പ്രവിശ്യയായിരുന്നു ജന്മസ്ഥലം.രണ്ടു വയസു മൂത്ത ചാർളി എന്നൊരു സഹോദരനും അവനുണ്ടായിരുന്നു. ചാർളി വെറും ഒരു ചേട്ടൻ മാത്രം ആയിരുന്നില്ല അവന്‍റെ വഴികാട്ടിയും കൂട്ടുകാരനും ഒക്കെയായിരുന്നു. അനിയൻ എന്താകണം എന്ന് തീരുമാനിക്കുവാനുള്ള ഇച്ഛാശക്തിയും ചാർളിക്കുണ്ടായിരുന്നു. രണ്ടുപേരെയും കണ്ടാൽ തിരിച്ചറിയാനാകാത്ത സാദ്യശ്യവുമുണ്ട്.
ജനിച്ചത് ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ ആയിരുന്നെങ്കിലു കിമ്മും പാട്രിക്കും മക്കളെ വളർത്തിയത് അയർലൻഡ് പാരമ്പര്യം അനുസരിച്ചായിരുന്നു.ഇംഗ്ലീഷ് ഭാഷയും സംഗീതവും സാഹിത്യവും എല്ലാം രണ്ടു സഹോദരന്മാരെയും സ്വാധീനിച്ചു. അമ്മ കിമ്മിൻറെ വല്യച്ഛൻ അയർലൻഡിലെ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരനായിരുന്നു. ഹാരിക്കായിരുന്നു ആ പൈതൃകം അനുഗ്രഹമായത്. ബാല്യത്തിലെ പന്തുമായി ഇഷ്ട്ടം കൂടിയ അവൻ ചിങ് ഗോർഡ് സ്‌കൂളിലെ ഒഴിവു വേളകളെല്ലാം പന്തുകളിക്കാനായി മാറ്റി വച്ചിരുന്നു
ആഴ്‌സനൽ അക്കാദമിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം കുറേ നാളത്തേക്ക് ഹാരി പന്തുകളിക്കു കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ല. ചേട്ടനുമായി ഇടക്ക് ടോട്ടൻഹാമിന്‍റെ കുട്ടികൾക്കുള്ള പരിശീലന കേന്ദ്രത്തിൽ ചെന്നിരിക്കും. ഡേവിഡ് ബെക്കാം ഇംഗ്ലീഷ് ഫുട്ബാളിന്‍റെ നിറ സാന്നിധ്യമായ കാലഘട്ടത്തിൽ ഹാരി പെട്ടന്ന് വീണ്ടും ഫുട്ബാളിലേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ചു. ബെക്കാമിനെ പോലെ അറിയപ്പെടുന്ന കളിക്കാരനാകണം എന്ന മോഹവുമായിരുന്നു പിന്നീട് അവന്‍റെ ഉള്ളുനിറയെ.
തുടർന്നാണ് റിഡ്‌ജ്‌വെ അക്കാദമിയിൽ പരിശീലിക്കുവാൻ ആരംഭിക്കുന്നത്. 2004 ൽ വാറ്റ്ഫോഡിന്റെ അമച്വർ ടീമിൽ എത്തിയപ്പോഴേക്കും ഡേവിഡ് ബെക്കാമിനെപ്പോലും അതിശയിപ്പിക്കുന്ന പ്രതിഭയായി അവൻ മാറിക്കഴിഞ്ഞിരുന്നു. യുവതാരത്തെ നേരിട്ടുകാണുവാനും അനുമോദനങ്ങൾ അർപ്പിക്കുവാനുമായി ഹാരിയുടെ കളികാണാൻ ഒരിക്കൽ ബെക്കാം നേരിട്ടെത്തി. ഹാരി പിൽക്കാലത്ത് ആ അസുലഭ ബഹുമതി ഓർത്തെടുക്കുകയും തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരം വന്നു വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2004 മുതൽ 2009 വരെ ടോട്ടൻഹാം ഹോസ്പറിന്‍റെ ജൂനിയർ ടീമിന് കളിച്ചശേഷം 2009 ൽ അവിടെ പ്രൊഫഷണൽ കരാർ നേടിയെടുത്ത ഹാരി അക്ഷരാർഥത്തിൽ ഒരു ചുഴലിക്കാറ്റായി മാറുകയായിരുന്നു. 150 മത്സരങ്ങളിൽ നിന്ന് 103 ഗോളുകൾ!. 2015 ൽ ഇംഗ്ലീഷ് ഫുട്ബാൾ ടീമിൽ അരങ്ങേറിയ കെയ്ൻ ഇതുവരെ കളിച്ച 51 സാർവ ദേശീയ മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്.
സിക്സ്ത് സെൻസ് എന്ന പ്രസിദ്ധമായ ചലച്ചിത്രത്തിൽ ആറാം വയസിലായിരുന്നു ഹാരി കെയിൻ ബ്രുസ്സ് വില്ലീസിനൊപ്പം അഭിനയിച്ചത്. അതിലെ അതിശയിപ്പിക്കുന്ന ഭാവാഭിനയം അപ്പോഴേ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഹാരി പിൽക്കാലത്തു പന്തുകളിക്കാരൻ ആയില്ലായിരുന്നുവെങ്കിൽ അറിയപ്പെടുന്ന നടനായേനെ.!. ഒപ്പം പ്രൊഫഷനൽ ഗോൾഫ് കളിക്കാരുടെ മട്ടിൽ ആ കായിക ഇനത്തിലും ഹാരി തന്‍റെ കരുത്തറിയിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഫുട്ബാളിലെ എല്ലാ ഗോളടി െറേക്കാർഡുകളും നിഷ്പ്രഭമാക്കി മുന്നേറിയിരുന്ന 'അയർലൻഡ് ചുഴലിക്കാറ്റ്' ഇത്തവണ തന്‍റെ അസാധാരണ ഗതിവേഗവും പന്തടക്കവും ഒത്തിണക്കവും ആയി ഇംഗ്ലീഷ് ഫുട്ബാളിന് 2018ലെ റഷ്യൻ ലോകകപ്പിൽ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കുമെന്നും ഗോളടി മികവ് കൊണ്ട് വിശ്വപോരാട്ടവേദിയിൽ താരങ്ങളുടെ താരമാകും എന്നുമാണ് ഇംഗ്ലീഷ് ഫുട്ബാൾ ആരാധകർ പ്രവചിച്ചിരുന്നത്. അത് പൂർണമായും ശരിയായിരുന്നുവെന്ന് തെളിയിച്ച് ഹാരി ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റ മത്സരത്തിയിൽ ഗ്രൂപ് ജി യിൽ തുണീസ്യയെ നേരിട്ടപ്പോൾ തൻറെ സ്വതസിദ്ധമായ ഗോളടി മികവ് പുറത്തെടുത്തു. എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ നേടിയേപ്പാൾ റഷ്യൻ ലോകകപ്പിൽ ഇംഗ്ലീഷുകാർക്ക് ആദ്യ വിജയമൊരുങ്ങി.
അടുത്ത മത്സരത്തിൽ പനാമക്കു എതിരെ ഹാട്രിക്ക്..! ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഇംഗ്ലണ്ടിന് ഉജ്ജ്വല വിജയം. എന്നാൽ, ആ മത്സരത്തിലെ ഹീറോ ആയി മാറിയതാകട്ടെ പനാമക്കു വേണ്ടി ഒരേ ഒരു ഗോൾ നേടിയ ഫിലിപ്പ് ബാലോയ് ! എന്താന്നല്ലേ, ഫിലീപ്പിന്‍റെ ആ ഗോളായിരുന്നു പനാമയുടെ ഫുട്ബാൾ ചരിത്രത്തിലെ ആദ്യ ലോക കപ്പു ഗോൾ! അതാകട്ടെ അന്ന് പനാമയിൽ ആഘോഷിച്ചത് അവർക്കു ലോക കപ്പു കിട്ടിയ മട്ടിലും.
ബെൽജിയത്തിന് എതിരെ മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടത് കൊണ്ട് ആ കളിയിൽ ഹാരിയുടെ ഗോളുണ്ടായില്ല. പ്രീ ക്വാർട്ടറിൽ കൊളംബിയെക്കതിരെ നേടിയ ഗോൾ ഹാരിയുടെ ഗോളുകളുടെ എണ്ണം ആറായി ഉയർത്തിയെങ്കിലും അവസാന നിമിഷം കൊളംബിയയുടെ യേറി മിന സമനില കണ്ടതോടെ വിധി ടൈബ്രേക്കറിൽ നിർണയിക്കപ്പെട്ടു. ഇംഗ്ലണ്ട് ജയിച്ച ആ ഷൂട്ടൗട്ടിലും ഹാരിയുടെ പെനാൽറ്റി ഗോൾ ഉണ്ടായിരുന്നു. എന്നാൽ ടൈബ്രേക്കർ ഗോളുകൾ റെഗുലർ ഗോൾ വിഭാഗത്തിൽ പെടാത്തതു കൊണ്ട് അത് മൊത്തം ഗോൾ നേട്ടത്തിൽ പെട്ടതുമില്ല.
അങ്ങനെ 32 വർഷങ്ങൾക്കു ശേഷം ഗാരി ലിനേക്കർ ആറു ഗോളുകളുമായി ലോക കപ്പു ടോപ് സ്‌കോറർ ഗോൾഡ് ബൂട്ട് ഇംഗ്ലണ്ടിൽ എത്തിച്ച ചരിത്രം ഹാരിയിലൂടെ റഷ്യയിലും ആവർത്തിക്കപ്പെട്ടു. ഇവിടെയും മറ്റൊരു സവിശേഷത കാണാനാകും. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ആറു ഗോളുകളുമായി സ്വർണ ബൂട്ട് നേടുന്ന എട്ടാമത്തെ കളിക്കാരനാണ് ഹാരി കെയ്ൻ. 1978 ൽ അർജന്റീനയുടെ മാറിയോ കെംപാസായിരുന്നു ആദ്യത്തെ ആറാം തമ്പുരാൻ. തുടർന്ന് 1982 ൽ പൗലോ റോസി , 86ൽ ഗാരി ലിനേക്കർ, 90ൽ സാൽവറ്റോർ സ്കിലാച്ചി, 94 ൽ ഹിർസ്റ്റോ സ്റ്റോയിച്ച്കോവ്, 98ൽ ഡാഫോർ സുക്കർ എന്നിവർ ഗോൾ രാജാക്കന്മാരായതു ആറു ഗോളുകൾ നേടിക്കൊണ്ടായിരുന്നു. പിന്നീട് ചരിത്രം ആവർത്തിക്കാൻ 2014 ബ്രസീൽ ലോക കപ്പുവരെ കാത്തിരിക്കേണ്ടി വന്നു. അവിടെ വീണ്ടും ആറു ഗോൾ മാഹാത്മ്യം കാണാനായത് കൊളംബിയയുടെ ഹാമിസ് റോഡ്രിഗ്വസിലൂടെയായിരുന്നു. പിന്നാലെ റഷ്യയിൽ ഹാരിയുടെ വജ്ര ബൂട്ടുകളും അരഡസൻ ഗോളുകളിലേക്ക് നിറയൊഴിച്ചു.
റഷ്യയിൽ ഇംഗ്ലണ്ടിന്‍റെ പോരാട്ടം നാലാം സ്ഥാനത്ത് അവസാനിച്ചെങ്കിലും ഇംഗ്ലീഷ് ഫുട്ബോളിന് എക്കാലവും ഓർക്കുവാനുള്ള നേട്ടമായി ലിനേക്കർക്കു ശേഷമുള്ള ലോകകപ്പ് ഫുട്ബാളിലെ ടോപ് സ്കോററർ പദവി. ഫുട്ബാളിന്‍റെ പിതൃഭൂമിയിയിലേക്ക് ഹാരി ഗോൾഡൻ ബൂട്ട് വീണ്ടുമെത്തിച്ചപ്പോൾ കളി പിറന്ന മണ്ണിന് അത് അഭിമാനമുഹൂർത്തമായി.
2020-21 പ്രീമിയർ ലീഗ് സീസണിൽ 23 ഗോളുകളും 14 അസിസ്റ്റുകളുമായി ഗോൾ രാജാവായിട്ടും ഹാരിക്ക് യൂറോപ്യൻ മത്സരങ്ങളിൽ മികവ് തെളിയിക്കാനായില്ല, അപ്പോഴാണ് ഒരു കൊല്ലം മാറ്റിവയ്ക്കപ്പെട്ട യുറോകപ്പ് പതിനൊന്നു നഗരങ്ങളിലായി അരങ്ങേറിയത്. സെമിയും ഫൈനലും അടക്കമുള്ള മത്സരങ്ങൾ ലണ്ടൻ നഗരത്തിലെ വെംബ്ലി സ്റ്റേഡിയത്തിലായത് ഇംഗ്ലീഷ് കാർക്ക് ഹോം ആനുകൂല്യമായി. കാൽപന്തുകളിയുടെ തറവാടായിട്ടും ഒരിക്കൽപോലും യുറോ കപ്പിന്റെ ഫൈനലിൽ എത്താൻ കഴിയാതിരുന്ന ത്രീ ലയൺസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യുവനിരയമായാണ് ഇത്തവണ പോരിന് ഇറങ്ങിയത്. ലീഗ് മത്സരങ്ങളിൽ നായകന് തിളങ്ങാനാകാതെ വന്നപ്പോൾ അവരെ പ്രീ ക്വാർട്ടറിലേക്കും അവിടുന്ന് അവസാന എട്ടിലും എത്തിക്കാനും ഉള്ള ഉത്തരവാദിത്തം റഹീം സ്റ്റെർലിങ്ങിനായിരുന്നു. മൂന്നു ഗോളുകളുമായി അയാൾ ആ ദൗത്യം ഗംഭീരമാക്കുകയും ചെയ്തു.
എന്നാൽ, നിർണായക മത്സരങ്ങളിൽ നായകൻ ഫോം വീണ്ടെടുത്തു. പരമ്പരാഗത വൈരികളായ ജർമനിക്കെതിരെയുള്ള ചരിത്ര വിജയത്തിലെ നിർണായക ഗോളോടെയാണ് കെയ്ൻ തുടങ്ങിയത്. 76ാം മിനിറ്റിൽ സ്റ്റെർലിങ് ഇംഗ്ലീഷുകാരെ മുന്നിലെത്തിച്ചെങ്കിലും ഏതു നിമിഷവും ജർമൻ പട ഗോൾ തിരിച്ചടിച്ചേക്കും എന്ന അവസ്ഥയിലായിരുന്നു ആ ഗോൾ. ജർമൻ പ്രതിരോധ നിരയിൽ നിന്ന് ലൂക് ഷാ കൊണ്ടുവന്ന പന്ത് ഗ്രീലിഷിനു കൈമാറിയ നിമിഷം തന്നെ അയാൾ കൊടുത്ത ക്രോസിൽ ചാടി തലവച്ച പന്ത് നോയറെ മറികടന്നു ജർമൻ വല ചലിപ്പിക്കുകയായിരുന്നു. ഒരു രാജ്യാന്തര മത്സരത്തിൽ ജർമനിക്കെതിരെ 56 വർഷങ്ങൾക്കു ശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ ആദ്യ ജയം.
ഉക്രൈനിനു എതിരെയുള്ള ക്വാർട്ടറിൽ രണ്ടുഗോളുകളായിരുന്നു ഹാരി കുറിച്ചത്. ഡെന്മാർക്കിനെതിരെയുള്ള ആവേശപ്പോരിൽ നിർണായക പെനാൽറ്റിയെടുക്കാനുള്ള നിയോഗവും കെയ്നിനായിരുന്നു. ഷോട്ട് ഡെന്മാർക്ക് ഗോളി ഷി മൈക്കൽ തടുത്തിട്ടെങ്കിലും റീബൗണ്ടായെത്തിയ പന്ത് വലയിലേക്ക് തിരിച്ചുവിട്ട് കെയ്ൻ ഇംഗ്ലീഷുകാരെ സ്വപ്നഫൈനലിലേക്ക് എത്തിക്കുകയായിരുന്നു.
സെമിവരെ അസാധ്യ ഫോമിലായിരുന്ന ഇംഗ്ലീഷ് നായകന് ഇറ്റലിക്കെതിരെ കലാശക്കളിയിൽ തൊട്ടതൊക്കെ പിഴച്ചപ്പോൾ അധികസമയവും കടന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ പോരാട്ടത്തിൽ അവസാന ചുവടുകളിടറി കപ്പിനും ചുണ്ടിനുമരികെ കിരീടം നഷ്ടമായി. ഫൈനലിൽ തൊട്ടതൊക്കെ പിഴച്ചപ്പോൾ ഇറ്റലിയോട് കീഴടങ്ങേണ്ടി വന്നത് ചരിത്രത്തിലേക്കു നടന്നു കയറുന്നതിനിടയിലെ അവസാന കാതം പിഴച്ചത് പോലായിപ്പായി. 1966 ൽ ഇതേ വെംബ്ലിയിൽ ബോബി മൂർ ലോകകപ്പ് ഉയർത്തിയതിനു ശേഷം മറ്റൊരു ഇംഗ്ലീഷ് നായകനും അത് ആവർത്തിക്കാനായില്ല. എന്നാലും ഫുട്ബോൾ തറവാട്ടിലെ അന്നത്തെ ആ നേട്ടത്തിന്‍റെ തൊട്ടടുത്തായി അവരുടെ ഇത്തവണത്തെ ഐതിഹാസികമായ ഫൈനൽ പ്രവേശനം. കലാശപ്പോരിലേക്ക് അവരെ നയിച്ച ഹാരി കെയ്ൻ അങ്ങനെ അനശ്വരനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.