അന്നാബിയുടെ നായകൻ ബൂട്ടഴിച്ചു
text_fieldsദോഹ: അന്നാബിയെ വൻകരയുടെ നെറുകെയിലേക്ക് നയിച്ച സൂപ്പർ നായകൻ ഹസൻ അൽ ഹൈദോസ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും ബൂട്ടഴിച്ചു. 2007ൽ യൂത്ത് ടീമിൽ തുടങ്ങി, അടുത്ത വർഷം മുതൽ ദേശീയ ടീമിലെ മുൻനിര സാന്നിധ്യമായി മാറിയ ഹസൻ അൽ ഹൈദോസ് തന്റെ 33ാം വയസ്സിലാണ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും വിരമിക്കുന്നത്. ഇതിനകം 183 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും രണ്ട് ഏഷ്യൻ കപ്പ് ഉൾപ്പെടെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയാണ് പടിയിറക്കം. 2019, 2023 ഏഷ്യൻ കപ്പുകളിലേക്ക് ഖത്തറിനെ നയിച്ച നായകൻ എന്ന റെക്കോഡിനൊപ്പം, 2014ൽ ഗൾഫ് കപ്പിൽ ഖത്തർ മുത്തമിടുമ്പോഴും ടീമിലെ പ്രധാന സാന്നിധ്യമായി ഹൈദോസുണ്ടായിരുന്നു.
തുടർച്ചയായി രണ്ടാം ഏഷ്യൻ കപ്പ് കിരീടമണിഞ്ഞ് ഒരു മാസം പിന്നിട്ടതിനു പിറകെയാണ് ഹസൻ ഹൈദോസിന്റെ വിരമിക്കൽ പ്രഖ്യാപനം. ഖത്തർ ഫുട്ബാൾ ഫെഡറേഷനാണ് ഇതിഹാസ താരത്തിന്റെ സ്വപ്നതുല്യമായ കരിയറിന് നന്ദി അറിയിച്ചുകൊണ്ട് വിരമിക്കൽ വാർത്ത പങ്കുവെച്ചത്. 16 വർഷം നീണ്ട അതുല്യ സേവനത്തിനും അഭിമാനകരമായ സംഭാവനക്കും നന്ദി അർപ്പിക്കുന്നതായി ക്യു.എഫ്.എ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
‘16 വർഷത്തെ ഹൈദോസിന്റെ കരിയർ സ്വപ്നതുല്യമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം നിരവധി നേട്ടങ്ങളിൽ പങ്കുവഹിച്ചു. ഒരുപിടി കിരീടങ്ങളിലേക്കും ടീമിനെ നയിച്ചു. അൽ അന്നാബിയുടെ വിശ്വസ്തനായ നായകനായിരുന്നു. വരാനിരിക്കുന്ന പ്രഫഷനൽ യാത്രയിലെ വിജയങ്ങളിൽ ആശംസകൾ നേരുന്നു’ -ഏഷ്യൻ കപ്പ് കിരീടനേട്ടത്തിനു പിന്നാലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബിഷ്ത് അണിയിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ക്യു.എഫ്.എ കുറിച്ചു.
2008ൽ തന്റെ 18ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഹൈദോസ് ആ വർഷം തന്നെ മികച്ച യുവതാരമായി മാറിയിരുന്നു. 2015 ക്യു.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടി. 2006 മുതൽ അൽ സദ്ദ് എസ്.സിയുടെ പ്രധാന താരമാണ് ഹസൻ. ഇതിനകം 323 മത്സരങ്ങളിൽ അൽ സദ്ദിനായി പന്തു തട്ടി. അന്താരാഷ്ട്ര ഫുട്ബാൾ അവസാനിപ്പിച്ചെങ്കിലും ക്ലബ് കുപ്പായത്തിൽ ഈ മുന്നേറ്റ നിരക്കാരൻ തുടരും.
കരിയറിലുടനീളം പിന്തുണ നൽകിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഹൈദോസ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ടീമിന്റെ മുന്നേറ്റ നിരയിൽ നിലയുറപ്പിക്കുന്ന ഹൈദോസ് എന്നും, അവസരങ്ങൾ ഒരുക്കുന്നതിലും സീറോ ചാൻസുകൾ ഗോളാക്കുന്നതിലും മിടുക്കനായിരുന്നു. ഒപ്പം, മികച്ച ടീം ലീഡർ എന്ന നിലയിലും പ്രശംസനേടി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഖത്തരി താരമെന്ന റെക്കോഡും ഹൈദോസിന് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.