ഛേത്രിക്ക് ഹാട്രിക്ക്; സാഫ് കപ്പിൽ പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ
text_fieldsബംഗളൂരു: ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് കപ്പ് ഫുട്ബാളിലെ ആദ്യമത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക്ക് മികവിൽ ഏകപക്ഷീയ നാല് ഗോളിനാണ് പാക് ടീമിനെ തകർത്തത്.
കളിയിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ പാക് ടീമിനായില്ല. 10ാം മിനുറ്റിൽ പാകിസ്താൻ ഗോൾകീപ്പർ സാഖിബ് ഹനീഫിന്റെ പിഴവിൽ നിന്നാണ് സുനിൽ ഛേത്രി ആദ്യ ഗോൾ നേടുന്നത്. 16ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഛേത്രി ലീഡ് ഉയർത്തി.
ഒറ്റപ്പെട്ട നീക്കങ്ങളുമായി പാകിസ്താനും കൂട്ട ആക്രമണവുമായി ഇന്ത്യയും ആദ്യ പകുതിയുടെ അവസാനത്തിലേക്കു നീങ്ങവെ ഇന്ത്യൻ കോച്ച് സ്റ്റിമാക് അനാവശ്യമായി ചുവപ്പുകാർഡ് ചോദിച്ചുവാങ്ങി പുറത്തേക്ക്. പാകിസ്താന് അനുകൂലമായ ത്രോ ബാൾ കൈകൊണ്ട് തട്ടിയ സ്റ്റിമാക് താരങ്ങളുമായും ഫോർത്ത് ഒഫീഷ്യലുമായും തർക്കത്തിലേർപ്പെട്ടു. പാക് ഒഫീഷ്യൽസും തർക്കത്തിലിടപെട്ടതോടെ സുനിൽ ഛേത്രി ഉടൻ ഇടപെട്ട് രംഗം ശാന്തമാക്കി. സ്റ്റിമാക്കിന് ചുവപ്പുകാർഡും പാക് ഒഫീഷ്യലിന് മഞ്ഞക്കാർഡും ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം ആഷിഖ് കുരുണിയെന്റെ ഗോൾ ഉറപ്പിച്ച ഷോട്ട് പാഴായി. 74ാം മിനിറ്റിൽ സുനിൽ ഛേത്രിയെ പാക് താരം മുഹമ്മദ് സുഫിയാൻ ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഷോട്ടുതിർത്ത് ഹാട്രിക്ക് തികച്ചു. 81 ാം മിനിറ്റിൽ അൻവർ അലിയുടെ മികച്ച അസിസ്റ്റിൽ ഉദാന്ത സിംഗ് നാലമത്തെ ഗോളും വലയിലെത്തിച്ചതോടെ പാക് ടീമിന്റെ പതനം പൂർണമായി. ശനിയാഴ്ച നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.