ഹാരി കെയ്നിന് ഹാട്രിക്; ഡോട്ട്മുണ്ടിനെ തരിപ്പണമാക്കി ബയേൺ
text_fieldsബർലിൻ: ജർമൻ ബുണ്ടസ് ലീഗയിൽ ഹാരി കെയ്നിന്റെ ഹാട്രിക് മികവിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെ തരിപ്പണമാക്കി ബയേൺ മ്യൂണിക്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തകർപ്പൻ ജയം. ലീഗിൽ തുടർച്ചയായ 12ാം കിരീടം ലക്ഷ്യമിടുന്ന ബയേൺ 10 മിനിറ്റിനകം രണ്ട് ഗോൾ എതിർ വലയിൽ എത്തിച്ചിരുന്നു.
നാലാം മിനിറ്റിൽ ഡയോട്ട് ഉപമെകാനോയുടെ ഹെഡറിലൂടെയാണ് ബയേൺ ഗോളടി തുടങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കെയ്ൻ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോളിനും വഴിയൊരുക്കിയത് ലിറോയ് സാനെ ആയിരുന്നു. 72ാം മിനിറ്റിൽ കിങ്സ്ലി കോമാന്റെ പാസിൽ തന്റെ രണ്ടാം ഗോൾ അടിച്ച കെയ്ൻ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഈ സമ്മറിൽ ബയേണിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്റെ മൂന്നാം ഹാട്രിക്കാണിത്. 10 ലീഗ് മത്സരങ്ങളിൽ ഗോൾ സമ്പാദ്യം 15 ആയി.
ലീഗിൽ ഏപ്രിൽ ഒന്ന് മുതൽ തുടരുന്ന ഡോട്ട്മുണ്ടിന്റെ അപരാജിത കുതിപ്പിനാണ് വൻ തോൽവിയോടെ അന്ത്യമായത്. മറ്റു മത്സരങ്ങളിൽ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് എതിരില്ലാത്ത മൂന്ന് ഗോളിന് യൂനിയൻ ബെർലിനെയും മെയ്ൻസ് 2-0ത്തിന് ആർ.ബി ലെയ്പ്സിഷിനെയും ബയേർ ലെവർകുസൻ 3-2ന് ഹോഫൻഹെയ്മിനെയും തോൽപിച്ചു.
ലീഗിൽ 10 മത്സരങ്ങളിൽ 28 പോയന്റോടെ ബയേർ ലെവർകുസൻ ആണ് ഒന്നാമത്. 26 പോയന്റുള്ള ബയേൺ രണ്ടാമതും ഒമ്പത് കളിയിൽ 21 പോയന്റുള്ള സറ്റഡ്ഗട്ട് മൂന്നാമതും 10 കളിയിൽ 21 പോയന്റുള്ള ഡോട്ട്മുണ്ട് നാലാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.