ഖത്തറിന് ഹാട്രിക് ജയം; തജികിസ്താനും പ്രീക്വാർട്ടറിൽ
text_fieldsദോഹ: ചാമ്പ്യന്മാർക്കൊത്ത പകിട്ടുമായി ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പിൽ വിജയക്കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നിറഞ്ഞ സ്വന്തം നാട്ടുകാർക്ക് മുന്നിൽ കരുത്തരായ ചൈനയെ നായകൻ ഹസൻ അൽ ഹൈദോസിന്റെ തകർപ്പൻ ഗോളിന്റെ കരുത്തിൽ 1-0ത്തിന് വീഴ്ത്തി ഖത്തറിന്റെ ജൈത്രയാത്ര. കളിച്ച മൂന്നിലും ജയിച്ച് ഒമ്പത് പോയന്റും സ്വന്തമാക്കിയാണ് ആതിഥേയർ അടുത്ത അങ്കത്തിനൊരുങ്ങുന്നത്.
ആവേശപ്പോരാട്ടത്തിൽ കളിയുടെ 66ാം മിനിറ്റിലായിരുന്നു ഹസൻ അൽ ഹൈദോസ് വിജയ ഗോൾ കുറിച്ചത്. ജയിച്ചാൽ മാത്രം പ്രീക്വാർട്ടർ എന്ന നിലയിൽ പോരാടിയ ചൈന, ആദ്യ പകുതിയിൽ ഇരു വിങ്ങുകളിലൂടെയുമായി നീങ്ങി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അൽമഹ്ദി അലിയും ബൗലം ഖൗഖിയും നിയന്ത്രിച്ച പ്രതിരോധ കോട്ട പിളർത്താനായില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കളിച്ചവരെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയാണ് കോച്ച് മാർക്വേസ് ലോപസ് െപ്ലയിങ് ഇലവൻ ഒരുക്കിയത്.
എന്നാൽ, രണ്ടാം പകുതിയിൽ ആറ് മാറ്റങ്ങളും ഉപയോഗിച്ച് കോച്ച് ടീമിനെ പുതുക്കിപ്പണിതു. അതിന്റെ ഫലമായി 66ാം മിനിറ്റിൽ ഗോളും പിറന്നു. അക്രം അഫിഫ് നൽകിയ കോർണർ കിക്കിനെ ഫുൾ വോളിയിലൂടെ വലയിലേക്ക് പായിച്ചാണ് ഹൈദോസ് വിജയം കുറിച്ചത്.
ഖലീഫ സ്റ്റേഡിയത്തിൽ ചൈന തോറ്റപ്പോൾ, അതേസമയം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ലബനാനെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തിയ തജികിസ്താൻ വിലപ്പെട്ട മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടം നേടി. കളിയുടെ 47ാം മിനിറ്റിൽ ലബനാനാണ് ഗോൾ നേടിയത്. എന്നാൽ, അവസാന 12 മിനിറ്റിനുള്ളിൽ രണ്ട് ഗോളുമായി തജികിസ്താൻ കളി കൈയിലെടുത്തു.
ഇന്ന് നാല് മത്സരങ്ങൾ
ഗ്രൂപ് റൗണ്ടിലെ പോരാട്ടങ്ങൾ ഫൈനൽ ലാപ്പിലേക്ക് നീങ്ങുന്ന ഏഷ്യൻ കപ്പിൽ ചൊവ്വാഴ്ച നാലു മത്സരങ്ങൾ. ഗ്രൂപ് ‘ബി’യിലെ അവസാന മത്സരങ്ങൾ ഉച്ച 2.30 മുതലും ഗ്രൂപ് ‘സി’യിലെ മത്സരങ്ങൾ വൈകുന്നേരം ആറു മുതലുമായി നാലിടങ്ങളിൽ നടക്കും. രണ്ട് ഗ്രൂപ്പിലും പ്രീക്വാർട്ടറിൽ ഇടം ഉറപ്പിക്കാനായി ടീമുകൾ കച്ചമുറുക്കുമ്പോൾ പോരാട്ടവും ശ്രദ്ധേയമാകും. ഗ്രൂപ് ‘ബി’യിൽ പ്രീക്വാർട്ടറിൽ ഇടം നേടിയ ആസ്ട്രേലിയക്ക് നാല് പോയന്റുള്ള ഉസ്ബകിസ്താനാണ് എതിരാളി.
അൽ ജനൂബ് സ്റ്റേഡിയത്തിൽ 2.30 മുതലാണ് മത്സരം. ഇതേസമയം അൽ ബെയ്തിൽ ഇന്ത്യയും സിറിയയും ഏറ്റുമുട്ടും. ഗ്രൂപ് ‘സി’യിൽ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ച ഇറാനും നാലു പോയന്റുള്ള യു.എ.ഇയും തമ്മിലാണ് അങ്കം. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം ആറു മുതലാണ് കളി. ഇതേസമയം അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഫലസ്തീനും ഹോങ്കോങ്ങും തമ്മിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.