ഹയ്യാ ഏഷ്യാ...; ഖത്തർ വീണ്ടുമൊരു കളിയുത്സവത്തിലേക്ക്
text_fieldsതെക്കനമേരിക്കയിലും യൂറോപ്പിലും വട്ടമിട്ടുപറന്ന ഫുട്ബാളിനെ പശ്ചിമേഷ്യയിലേക്ക് കുടിയിരുത്തിയിരിക്കുകയാണ് ലോകമിപ്പോൾ. ഇവിടെയാണ് കളിയും കളിയുത്സവവും എല്ലാ താളബോധത്തോടെയും കെട്ടിയാടുന്നത്. അർജന്റീനയും ലയണൽ മെസ്സിയും കിരീടം ചൂടിയ മണ്ണ്, സാംബയും ആഫ്രിക്കൻ ചുവടുവെപ്പും മെക്സിക്കൻ ആഘോഷങ്ങളും അറേബ്യൻ കാർണിവലും ഒന്നിച്ചാടിയ മണ്ണ്... അങ്ങനെ, കാൽപന്ത് ലോകത്തിന് എന്നും ആഘോഷിക്കാൻ ഒരുപിടി ഓർമകൾ സമ്മാനിച്ച ഖത്തർ വീണ്ടുമൊരു കളിയുത്സവത്തിലേക്ക് വിസിലടിക്കുന്നു. ഇത് വൻകരയുടെ കളിയാണ്. കാൽപന്തിന്റെ കുലപതികളും പാരമ്പര്യവാദികളുമൊന്നുമല്ല ഇനിയുള്ള പോരാട്ടനാളിൽ കളം ഭരിക്കുന്നവർ. പക്ഷേ, ഫുട്ബാൾ എന്ന ഗെയിമിനെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് പറിച്ചുനടാൻ പോകുന്ന നാട്ടിലാണ് കളിയാരവം സജീവമാകുന്നത്.
യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ പൊന്നുംവിലയുള്ള കളിക്കാരായി ഉയർന്നുവരുന്ന ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും കുറിയ മനുഷ്യർ കാൽപന്തിന്റെ പുതിയ രീതിശാസ്ത്രം ഇവിടെ രചിച്ചുതുടങ്ങുകയാണ്. ക്രിസ്റ്റ്യാനോയെയും ബെൻസേമയെയും സ്വന്തമാക്കി പശ്ചിമേഷ്യയിലെ പുതിയ കളിത്തൊട്ടിലാകാൻ ഒരുങ്ങുന്ന സൗദിയും അന്തസ്സുള്ള ലോകകപ്പിന് വേദിയൊരുക്കി ആരാധക മനസ്സിൽ ഇടം നേടിയ ഖത്തറും പിന്നെ ഇന്ത്യയും ആസ്ട്രേലിയയും ഇറാനും ചൈനയും ഉൾപ്പെടെ വൻകരയിലെ 24 വമ്പന്മാർ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന്റെ കിക്കോഫ് വിസിൽ മുഴക്കത്തിന് ആതിഥേയ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു.
ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി ഒരു വർഷം പിന്നിട്ടതിനു പിന്നാലെ, തണുത്തുറയുന്ന ജനുവരിയിൽ വീണ്ടുമൊരു കാൽപന്താരവം. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരക്കുന്നു. ലോകകപ്പിന് വേദിയായ എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളും പിന്നെ രണ്ട് മറ്റു കളിയിടങ്ങളും ഉൾപ്പെടെ ഒമ്പത് വേദികളിലായി ഒരു മാസം നീണ്ടുനിൽക്കുന്ന കളിക്കാലം.
ലയണൽ മെസ്സി കിരീടമണിഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ ജനുവരി 12ന് ആതിഥേയരായ ഖത്തറും ലബനാനും തമ്മിലെ മത്സരത്തോടെയാണ് കിക്കോഫ്. ഫെബ്രുവരി 10ന് ഇതേ വേദിയിൽ പുതിയ ഏഷ്യൻ ചാമ്പ്യനെയും നിർണയിക്കും.
മൂന്നാമത്തെ തവണയാണ് ഏഷ്യൻ കപ്പ് ഖത്തറിലെത്തുന്നത്. മുമ്പ് 1988ലും പിന്നെ 2011ലും ആയിരുന്നു. എന്നാൽ, കഴിഞ്ഞ തവണ യു.എ.ഇയിലായിരുന്നു ഖത്തർ ആദ്യമായി വൻകര ജേതാക്കളായത്. ലോകകപ്പിനുള്ള ഒരുക്കത്തിനിടെ ആതിഥേയരെന്ന നിലയിൽ നാടിനും ടീമിനും ഉണർവേകിയ കിരീട നേട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമകൾതന്നെയാണ് മൂന്നാം തവണയും ഏഷ്യൻ കപ്പിന് പന്തുരുളുമ്പോൾ ഖത്തറിന്റെ മനസ്സു നിറയെ.
ഇന്ത്യയുടെ സാന്നിധ്യമാണ് ഇത്തവണ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ആവേശമാവുന്നത്. ലോകകപ്പിന് സാക്ഷിയായ വേദികളിൽ സുനിൽ ഛേത്രിയും, മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും ഉൾപ്പെടെ താരങ്ങൾ മാറ്റുരക്കുമ്പോൾ, ഗാലറിയിൽ നിറഓളമാവാൻ മലയാളികളുമുണ്ടാവും. ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയവരിൽ ഖത്തറിനും സൗദിക്കും പിന്നിൽ ഇന്ത്യക്കാരാണെന്നത് അതിന്റെ സൂചനയാണ്. ആസ്ട്രേലിയ, സിറിയ, ഉസ്ബകിസ്താൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്നും മുന്നേറിയാൽ അത് ഇന്ത്യൻ ഫുട്ബാളിനും ചരിത്രനേട്ടമാകും.
ആരാകും കിരീടത്തിൽ മുത്തമിടുകയെന്നതാണ് ആരാധകരുടെ വലിയ ചോദ്യം. നാലു തവണ ജേതാക്കളായ ജപ്പാനോ, അതോ മൂന്നുവട്ടം കിരീടമണിഞ്ഞ സൗദിയോ ഇറാനോ, ആറ് പതിറ്റാണ്ടിനു ശേഷം കിരീടം സ്വപ്നമിടുന്ന ദക്ഷിണ കൊറിയയോ അതോ 2015ലെ ജേതാക്കളായ ആസ്ട്രേലിയയോ നിലവിലെ ജേതാക്കളായ ഖത്തറോ? സാധ്യതകളുടെ പട്ടിക മാറിമറിയുമ്പോൾ, കളത്തിൽ കാണാം എന്നാണ് താരങ്ങളുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.