‘അദ്ദേഹത്തിന് തോന്നുന്നതൊക്കെ പറയാം; എനിക്ക് ആ അഭിപ്രായമില്ല’ -മെസ്സിക്കെതിരായ പരാമർശത്തിൽ വാൻ ഗാലിനെ തള്ളി വാൻ ഡൈക്
text_fieldsആംസ്റ്റർഡാം: ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ലയണൽ മെസ്സിക്കും അർജന്റീനക്കും കിരീടം നേടാൻ അധികൃതർ കൃത്രിമം നടത്തിയതായ മുൻ നെതർലാൻഡ്സ് കോച്ച് ലൂയി വാൻ ഗാലിന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് ഡച്ച് ടീം ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്. വാൻ ഡാലിന് തോന്നുന്നതെന്തും പറയാമെന്നും തനിക്ക് ആ അഭിപ്രായമല്ല ഉള്ളതെന്നും എൻ.ഒ.എസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലിവർപൂൾ താരം പറഞ്ഞു.
ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ വാൻ ഗാൽ ആണ് ഡച്ചുടീമിനെ പരിശീലിപ്പിച്ചിരുന്നത്. അത്യന്തം ആവേശകരമായ മത്സരം നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും 2-2ന് തുല്യത പാലിക്കുകയായിരുന്നു. തുടർന്ന് ടൈബ്രേക്കറിലാണ് അർജന്റീന വിജയം പിടിച്ചെടുത്തത്.-
മുൻ കോച്ചിന്റെ വിവാദ അവകാശവാദത്തോട് താൻ ഒട്ടും യോജിക്കുന്നില്ലെന്നായിരുന്നു ആ മത്സരത്തിൽ ഓറഞ്ചുപടയെ നയിച്ച വാൻ ഡൈകിന്റെ പ്രതികരണം. ‘ഇന്ന് രാവിലെയാണ് ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ടത്. അത് തീർച്ചയായും അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. എല്ലാവർക്കും അവരവർക്ക് തോന്നുന്നത് പറയാനുള്ള അനുവാദമുണ്ടല്ലോ. ഞാൻ ആ അഭിപ്രായത്തോട് ഒട്ടും യോജിക്കുന്നില്ല. അത് പങ്കുവെക്കുന്നുമില്ല’ -വാൻ ഡൈക് പറഞ്ഞു.
ഡച്ച് ടീമിലെ മറ്റു താരങ്ങളും വാൻ ഡൈകിന്റെ അതേ അഭിപ്രായക്കാരാണ്. ‘മെസ്സിയെക്കുറിച്ച വാൻ ഗാലിന്റെ പരാമർശം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതാണ് അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം പറഞ്ഞോട്ടെ. എന്നാൽ, വ്യക്തിപരമായി ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല’ -ഗോൾകീപ്പർ മാർക് െഫ്ലക്കർ പറഞ്ഞു.
‘അർജന്റീന ഗോൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും എങ്ങനെയാണെന്ന് നിങ്ങൾ നോക്കൂ. ചില അർജന്റീന കളിക്കാർ അങ്ങേയറ്റം മോശമായാണ് പെരുമാറിയത്. എന്നിട്ട് അവർക്ക് ശിക്ഷയൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാം ആദ്യമേ തീരുമാനിച്ചുറപ്പിച്ചതാണെന്ന് ഞാൻ ചിന്തിക്കുന്നത്’ -ഒരു അവാർഡ് ദാന ചടങ്ങിനിടെ എൻ.ഒ.എസ് ചാനലിനോട് വാൻ ഗാൽ പറത് ഇങ്ങനെയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരിക്കാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടപ്പോൾ വാൻ ഗാൽ വഴങ്ങിയില്ല. ‘എല്ലാം ഞാൻ പറഞ്ഞുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു കോച്ചിന്റെ പ്രതികരണം.
വീറും വാശിയും നിറഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയോട് തോറ്റശേഷം മെസ്സി ഉൾപ്പെടെയുള്ള എതിർ താരങ്ങളുടെ രോഷത്തിന് വാൻ ഗാൽ പാത്രമായിരുന്നു. വാൻ ഗാലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച മെസ്സി ഡച്ച് കോച്ചിനെതിരെ പരസ്യമായി വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു. സെമിഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ അർജന്റീന ഉദ്വേഗഭരിതമായ കലാശക്കളിയിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് കപ്പിൽ മുത്തമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.