‘ഒരു മാന്ത്രികനെ പോലെയാണ് അദ്ദേഹം ഡ്രിബിൾ ചെയ്യുന്നത്, പാസുകളിൽ പോലും ഒരു കലയുണ്ട്’; മെസ്സിയെ പുകഴ്ത്തി ഫെഡറർ
text_fieldsലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിൻ മെസ്സിയെ തെരഞ്ഞെടുത്തതിന് പിന്നാലെ സൂപ്പർ താരത്തിന് ആദരവർപ്പിച്ച് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡറർ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചത്.
'ലയണല്‍ മെസ്സിയുടെ ഗോള്‍ റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും വിവരിക്കേണ്ടതില്ല. മഹാനായ കളിക്കാരനെന്ന നിലയില്‍ വര്‍ഷങ്ങളായി സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് 35കാരനായ മെസ്സിയെ വ്യത്യസ്തനാക്കുന്നത്. നേടിയെടുക്കാനും നിലനിര്‍ത്താനും ഏറെ ബുദ്ധിമുട്ടുള്ളതാണത്. ഒരു മാന്ത്രികനെ പോലെയാണ് അദ്ദേഹം ഡ്രിബിൾ ചെയ്യുന്നത് . അദ്ദേഹത്തിന്റെ പാസുകളിൽ പോലും ഒരു കലയുണ്ട്’, ഫെഡറർ പറഞ്ഞു.
‘എന്റെ കരിയര്‍ അവസാനിച്ചിരിക്കുന്നു. ഞങ്ങള്‍ അത്‌ലറ്റുകള്‍ എത്രമാത്രം ഭാരമാണ് വഹിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഞങ്ങള്‍ അത് തിരിച്ചറിയുന്നുപോലുമില്ല. മെസ്സിയെപ്പോലൊരു ഫുട്ബാള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം ആ ഭാരം വളരെ വലുതാണ്. ലോകത്തെ പ്രമുഖ ക്ലബിനെയും അത്യാവേശമുള്ള രാജ്യത്തെയുമാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. അര്‍ജന്റീനയുടെ ലോകകപ്പ് വിജയം ഗംഭീരമായിരുന്നു. ലക്ഷക്കണക്കിന് ആരാധകര്‍ ബ്യൂണസ് ഐറിസിലെ തെരുവുകളില്‍ ആഘോഷിക്കാന്‍ എത്തിയത് ലോകം സാക്ഷ്യം വഹിച്ച കായികരംഗത്തെ അദ്ഭുതകരമായ നിമിഷമായിരുന്നു. ഫുട്ബാൾ കാര്യമാക്കാത്തവർ പോലും ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഗെയിമിന്റെ യഥാർഥ സ്വാധീനം അന്ന് മനസ്സിലാക്കിയിരിക്കണം', ഫെഡറർ കൂട്ടിച്ചേർത്തു.
താൻ ഒരുകാലത്ത് അർജന്റീന താരങ്ങളായ ഡീഗോ മറഡോണയുടെയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും കടുത്ത ആരാധകനായിരുന്നെന്നും അവർ തന്നെ ഏറെ സ്വാധീനിച്ചെന്നും വെളിപ്പെടുത്തിയ ഫെഡറർ, വരും തലമുറയെ മെസ്സി വളരെയധികം സ്വാധീനിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.