നെയ്മർ, എംബാപ്പെ 'ശീതയുദ്ധം'; പ്രശ്നപരിഹാരത്തിന് സഹതാരം ഇടപെടുന്നു; മഞ്ഞുരുകുമോ?
text_fieldsസൂപ്പർ താരങ്ങൾ തമ്മിലുള്ള ശീതയുദ്ധമാണ് ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരിസ് സെന്റ് ജെർമനെ (പി.എസ്.ജി) വലക്കുന്നത്. കെയ്‍ലിയൻ എംബാപ്പെയും ബ്രസീലിയൻ താരം നെയ്മറും തമ്മിലുള്ള വാക്ക്പോര് രൂക്ഷമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മോണ്ട്പെല്ലെയെറിനെതിരെ ടീം 5-2ന്‍റെ ഉജ്ജ്വല വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങൾക്കിടയിലെ ഭിന്നത പരസ്യമാകുന്നതിനും മത്സരം സാക്ഷിയായി. മൂന്നു വർഷത്തെ കരാർ പുതുക്കിയ എംബാപ്പെക്ക് ഇപ്പോൾ ക്ലബിൽ വീറ്റോ അധികാരം ഉണ്ടെന്നാണ് പരക്കെ സംസാരം. ഇതാണ് നെയ്മറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ എംബാപ്പെ കളിച്ചിരുന്നില്ല. മോണ്ട്പെല്ലെയെറിനെ കളത്തിലിറങ്ങിയ ഫ്രഞ്ച് താരം ഒരു ഗോൾ നേടി. എന്നാൽ, പെനാൾട്ടി നഷ്ടപ്പെടുത്തി. സീസണിൽ മിന്നുംഫോം തുടരുന്ന നെയ്മർ മത്സരത്തിൽ രണ്ടു തവണ വലകുലുക്കി. ഇതിലൊന്ന് പെനാൾട്ടി ഗോളായിരുന്നു.
എന്നാൽ, ടീമിന് ലഭിച്ച രണ്ടാമത്തെ പെനാൾട്ടി എടുക്കുന്നതിനെ ചൊല്ലി ഇരുവരും കളത്തിൽ 'ഏറ്റുമുട്ടി'യതോടെയാണ് തർക്കം പരസ്യമായത്. നെയ്മർ കിക്ക് എടുക്കാൻ തയാറെടുക്കുന്നതിനിടെ 23കാരനായ ഫ്രഞ്ച് താരം അടുത്തുവെന്ന് പെനാൾറ്റി താൻ എടുക്കാമെന്ന് പറയുന്നുണ്ട്. എന്നാൽ, നെയ്മർ വിട്ടുകൊടുക്കാൻ തയാറാകാതെ വന്നതോടെയാണ് എംബാപ്പ പിന്മാറിയത്.
ഭിന്നത രൂക്ഷമായതോടെയാണ് പ്രശ്നപരിഹാരത്തിന് സഹതാരമായ സെർജിയോ റാമോസ് ഇടപെടുന്നത്. എന്നാൽ, ഈ വേനൽക്കാലത്ത് തന്നെ നെയ്മറെ ക്ലബ് വിൽക്കണമെന്നാണ് എംബാപ്പെ ആഗ്രഹിക്കുന്നതെന്ന് ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. ലയണൽ മെസ്സിക്കൊപ്പം തനിക്ക് ലൈനിൽ കളിക്കാമെന്നും താരം പറയുന്നു. എന്നാൽ, മികച്ച ഫോമിൽ തുടരുന്ന നെയ്മറെ പിണക്കാനും കബ്ല് ആഗ്രഹിക്കുന്നില്ല.
പി.എസ്.ജിക്കായി സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിൽനിന്നായി അഞ്ചു ഗോളുകളാണ് ബ്രസീലിയൻ താരം നേടിയത്. മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ആഗസ്റ്റ് 21ന് ലോസ്ക് ലില്ലിയുമായാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.