‘അയാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയ വിഷം ചീറ്റുന്ന തിരക്കിൽ’; മോദിക്കെതിരെ രാഹുലിന്റെ വിഡിയോ പങ്കുവെച്ച് സി.കെ. വിനീത്
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്. അദാനിയും അംബാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്നും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട വിഡിയോ ‘എന്തൊരു മറുപടി’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചായിരുന്നു വിനീതിന്റെ പ്രതികരണം. അന്വേഷണങ്ങൾക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് അദ്ദേഹമെന്നും വിനീത് കൂട്ടിച്ചേർത്തു.
‘എന്തൊരു മറുപടി. അന്വേഷണങ്ങൾക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് അദ്ദേഹം. നാണക്കേട്’ -എന്നിങ്ങനെയായിരുന്നു വിഡിയോ പങ്കുവെച്ച് സി.കെ. വിനീതിന്റെ കുറിപ്പ്. ഐ-ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് താരമായ വിനീത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കളത്തിലിറങ്ങിയിരുന്നു.
ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെക്കുന്ന സി.കെ. വിനീത്, മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ദേശീയ ഫുട്ബാൾ ടീമിലെ മണിപ്പൂര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകൾ പൂർണമായും തകർന്നെന്നും ഇവരിൽ പലരും സുഹൃത്തുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണെന്നും എന്നാൽ ഇതുസംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നുമായിരുന്നു താരം എക്സിൽ കുറിച്ചത്.
അദാനിയും അംബാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്നും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി വിഡിയോയിലൂടെ മറുപടി നൽകിയത്. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോയെന്നുമായിരുന്നു മോദിയോട് രാഹുലിന്റെ ചോദ്യം. ‘നമസ്കാരം മോദിജി. താങ്കൾ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കൾ അദാനി-അംബാനി കാര്യങ്ങൾ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തിൽ താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കൾക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സി.ബി.ഐയെയും ഇ.ഡിയെയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ... ഇങ്ങനെ പേടിക്കല്ലേ മോദിജി’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകൾ.
‘ഞാൻ രാജ്യത്തോട് ഉറപ്പിച്ച് പറയുന്നു: എത്ര പൈസ മോദിജി ഇവർക്ക് (കോടീശ്വരൻമാർക്ക്) നൽകിയോ, അത്രയും പണം ഞങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്. മഹാലക്ഷ്മി യോജന, പെഹ്‍ലി നൗകരി യോജന എന്നിവയിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കും. ഇവർ 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങൾ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും’ -രാഹുൽ വിഡിയോയിൽ തുടർന്നു.
അംബാനിക്കും അദാനിക്കുമെതിരായ വിമർശനം രാഹുൽ നിർത്തിയത് പണം ലഭിച്ചത് കൊണ്ടാണന്നും അവരുമായി ഉണ്ടാക്കിയ ‘ഡീൽ’ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി പ്രസംഗിച്ചത്. ‘തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.