ഇതാ രണ്ട് താരങ്ങൾ; കേരളത്തിന് കളിക്കാത്ത മലപ്പുറത്തെ ഇന്ത്യക്കാര്‍
text_fieldsമലപ്പുറം: അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ രണ്ടുപേര്‍ക്ക് മലപ്പുറത്ത് സന്തോഷ് ട്രോഫി നടക്കുമ്പോള്‍ സ്വാകാര്യ ദു:ഖമുണ്ട്. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയായ കോട്ടപ്പടി മൈതാനത്ത് പന്തുതട്ടി വളര്‍ന്നവരാണ് ആഷിഖ് കുരുണിയനും മഷൂര്‍ ശരീഫും.
ഇരുവരും ഇതുവരെ കേരളത്തിനെന്നല്ല ഒരു ടീമിന് വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചിട്ടില്ല. തിങ്കളാഴ്ച ഫൈനല്‍ കളിക്കുന്ന കേരളത്തിന് ബെല്ലാരിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ക്യാമ്പിലിരുന്ന് ആശംസ നേരുകയാണ് ആഷിഖ്. ഐ.എസ്.എല്‍ കഴിഞ്ഞ് നാട്ടിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡിഫന്‍ഡര്‍ മഷൂര്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നേരിട്ട് കാണാറുണ്ട്.
മികച്ച ടീമിനെയാണ് ഇത്തവണ കേരളം അവതരിപ്പിച്ചിരിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു. സ്വന്തം നാട്ടില്‍ സന്തോഷ് ട്രോഫി നടക്കുകയും ടീം ഫൈനലിലെത്തുകയും ചെയ്തിട്ട് കളിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. അത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ കളിക്കുന്ന കേരളം കപ്പടിക്കും. ഈ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും പ്രഫഷനല്‍ ഫുട്ബാള്‍ കളിക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിയട്ടെയെന്ന് ആഷിഖ് ആശംസിച്ചു.
ബിനോ ജോര്‍ജും ശിഷ്യന്മാരും കേരളത്തെ ഫനൈലിലെത്തിച്ചെങ്കില് കിരീടവും നേടുമെന്ന് മഷൂര്‍ പറഞ്ഞു. ഈ ടീമിലും ഇത്രയും കാണികള്‍ക്ക് മുന്നിലും കളിക്കാന്‍ ഏതൊരു താരവും ആഗ്രഹിക്കും. ഇന്ത്യന്‍ ടീമില്‍ ഇനിയും കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ എത്തുമെന്നതിന്റെ സൂചനയാണ് പ്രകടനമെന്നും മഷൂര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.