ഹീറോയ് ബംഗളൂരു
text_fieldsബംഗളൂരു: ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി ബംഗളൂരു എഫ്.സി മുന്നോട്ട്. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 32ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലാണ് ആതിഥേയരുടെ ജയം.
ഇതോടെ പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്ത് തുടർന്നപ്പോൾ ബംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് കയറി. ബംഗളൂരുവിന്റെ രോഹിത് കുമാറാണ് കളിയിലെ താരം.
ചെന്നൈക്കെതിരായ മത്സരത്തിനിറങ്ങിയ ടീമിൽ ആദ്യ ഇലവനെ നിലനിർത്തിയാണ് കോച്ച് ഇവാൻ വുകുമനോവിച്ച് ടീമൊരുക്കിയത്. പകരക്കാരുടെ നിരയിൽ ബിജോയ് വർഗീസിന് പകരം അപോസ്തലസ് ജിയാനുവിനെ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം. ആക്രമണത്തിൽ ദിമിത്രിയോസിനെ മുൻനിർത്തിയുള്ള 4-2-3-1 ശൈലിയിൽനിന്ന് മാറി ഇവാൻ കല്യൂഷ്നിയെയും രാഹുൽ കെ.പിയെയും ദിമിത്രിയോസിനൊപ്പം ആക്രമണ ചുമതലയേൽപിച്ച് 4-3-3 ശൈലിയിൽ ബ്ലോസ്റ്റേഴ്സ് ഇറങ്ങി.
മറുവശത്ത് ചേത്രിയെ വീണ്ടും കരക്കിരുത്തിയ കോച്ച് സൈമൺ ഗ്രേസൺ, നാല് മഞ്ഞക്കാർഡുകൾ ക്രെഡിറ്റിലുള്ള സുരേഷ് വാങ്ജത്തിന് പകരം ബ്രസീലിയൻ താരം ബ്രൂണോ റാമിറസിനെ ബംഗളൂരുവിന്റെ ആദ്യ ഇലവനിലിറക്കി. 3-5-2 എന്ന വിജയകരമായ ഫോർമേഷനിൽ മാറ്റംവരുത്തി പ്രതിരോധത്തിനും ആക്രമണത്തിനും ഊന്നൽ നൽകി 4-3-3 എന്ന ശൈലിയിലാണ് ബംഗളൂരു ഇറങ്ങിയത്.
റോയ് കൃഷ്ണക്കും ശിവശക്തിക്കുമൊപ്പം മധ്യനിര താരം യാവി ഫെർണാണ്ടസിനും ആക്രമണ ചുമതലയേൽപിച്ചു. ബ്ലാസ്റ്റേഴ്സിെന്റ ടച്ചോടെ തുടങ്ങിയ മത്സരത്തിൽ ഇരു ടീമും ഒരുപോലെ ആക്രമണം നയിച്ചപ്പോൾ ഇരുഗോൾ മുഖത്തും പന്ത് കയറിയിറങ്ങി. നാലാം മിനിറ്റിൽതന്നെ ബംഗളൂരു കോർണർ കിക്ക് നേടിയെടുത്തു.
റോഷൻ സിങ്ങിന്റെ കിക്ക് ബോക്സിൽ ദിമിത്രിയോസ് ഹെഡ് ചെയ്തകറ്റിയെങ്കിലും വീണ്ടും റോഷന്റെ കാലിൽ. ബോക്സിലേക്ക് നൽകിയ ഒന്നാന്തരം ക്രോസിൽ അലൻ കോസ്റ്റയുടെ ഹെഡർ പുറത്തേക്കായിരുന്നു. പത്താംമിനിറ്റിൽ കേരളം ലീഡെടുത്തുവെന്ന് തോന്നിച്ചു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരസ്പരം പാസ് ചെയ്ത് നീങ്ങിയ പന്ത് സ്വീകരിച്ച് ജെസൽ കാർനേരോ ഇടതുവിങ്ങിൽനിന്ന് നൽകിയ ഒന്നാന്തരം ക്രോസ് ബോക്സിലേക്ക്. ഉയർന്നുചാടി ലൂണ തലവെച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ബംഗളൂരു വലക്കുമുകളിൽ വിശ്രമിച്ചു.
32ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വലകുലുങ്ങി. കേരളത്തിന്റെ മുന്നേറ്റം തടഞ്ഞ അലൻ കോസ്റ്റ പന്ത് യാവിക്ക് നൽകി. യാവിയിൽനിന്ന് റോയ് കൃഷ്ണയിലേക്ക്. ബോക്സിന് പുറത്ത് പ്രതിരോധിക്കാൻ വന്ന ഹോർമിപാമിനെ മറികടന്ന് നീങ്ങിയ റോയ് കൃഷ്ണയും ഗോൾകീപ്പർ ഗില്ലും മുഖാമുഖം. ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലേക്ക് പ്ലേസ് ചെയ്ത കൃഷ്ണ ടീമിനായി ഈ സീസണിൽ അഞ്ചാം ഗോൾ കുറിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതി തുടങ്ങിയത്. എന്നാൽ, ബംഗളൂരു മധ്യനിര തീർത്ത പൂട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മിക്ക ആക്രമണങ്ങളുടെയും വാതിലടഞ്ഞു. ബോക്സിലെത്തിയ പന്തുകളാവട്ടെ യഥാസമയം കണക്ട് ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം പരാജയപ്പെടുകയും ചെയ്തു.
ഇടക്ക് കളി പരുക്കനായതോടെ റഫറി മഞ്ഞക്കാർഡുകൾ യഥേഷ്ടം പുറത്തെടുത്തു. ബ്ലാസ്റ്റേഴ്സ് നിരയിൽ രാഹുൽ, സഹൽ, ജസൽ, കല്യുഷ്നി, നിഷു എന്നിവരെ പിൻവലിച്ച് ബ്രെയ്സ്, സൗരവ്, ഡാനിഷ്, ജിയാനൂ, ബിദ്യാസാഗർ എന്നിവരെ കോച്ച് പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.