ഹീറോ മിഷാൽ; ഖത്തർ സെമിയിൽ
text_fieldsസെമി ഫൈനൽ ലൈനപ്പ്
ഫെബ്രുവരി 6
6.00pm ജോർഡൻ x ദക്ഷിണ കൊറിയ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം)
ഫെബ്രുവരി 7
6.00pm ഇറാൻ x ഖത്തർ (അൽ തുമാമ സ്റ്റേഡിയം)
ദോഹ: ഷൂട്ടൗട്ടിലെ അവസാന കിക്കുവരെ ശ്വാസമടക്കിപ്പിടിച്ച ഗാലറിയും കാഴ്ചക്കാരും. ഉസ്ബകിസ്താന്റെ ജലാലുദ്ദീൻ മഷരിപോവിന്റെ ഗ്രൗണ്ടറിനെ മിഷാൽ ബർഷിം നിന്ന നിൽപിൽ തടഞ്ഞ നിമിഷം, അൽ ബെയ്ത്തിലെ ഗാലറിയിൽ ആരവം ആകാശത്തോളം ഉയർന്നു. പിന്നെ, ഖത്തറിന്റെ വിധിനിർണയിക്കാൻ പെഡ്രോ മിഗ്വേൽ പന്തെടുത്തു. ഗാലറിയിലെ അരലക്ഷത്തോളം കണ്ഠങ്ങളിൽ നിന്നുയർന്ന പ്രാർഥനയെ ബൂട്ടിൽ ആവാഹിച്ച് അവൻ തൊടുത്ത ഷോട്ട് ഉസ്ബക് ഗോളി യൂസുഫോവിനെയും മറികടന്ന് വലയുടെ മേൽക്കൂരയിളക്കി വിശ്രമിച്ചപ്പോൾ അൽ ബെയ്ത് കടൽ പോലെ ആർത്തിരമ്പി.
ഗാലറിയിലെ ഇരിപ്പിടങ്ങളിൽ ഇരിപ്പുറക്കാതെ അലറിവിളിച്ച നാട്ടുകാരുടെ പ്രാർഥനക്കുത്തരമെന്നപോലെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ സെമിയിലേക്ക്. ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഉസ്ബകിസ്താനെതിരെ 1-1ന് സമനില പാലിച്ചതിനു പിന്നാലെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
വീറും വാശിയും ഇഞ്ചോടിഞ്ച് മാറിമറിഞ്ഞ ഷൂട്ടൗട്ടിൽ മൂന്ന് ഉജ്ജ്വല സേവുകളുമായി ഗോൾ കീപ്പർ മിഷാൽ ബർഷിം ഖത്തറിന്റെ സൂപ്പർതാരമായി. 3-2നായിരുന്നു ഷൂട്ടൗട്ടിലെ ഖത്തറിന്റെ വിജയം. അക്രം അഫിഫ്, സൂൽതാൻ അൽ ബറാഖ്, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, അൽ മുഈസ് അലിയുടെ കിക്ക് എതിർ ഗോളി തട്ടിയകറ്റി. അൽ മഹ്ദി അലിയുടെ ഷോട്ട് ഓഫ് ടാർഗറ്റായി പോസ്റ്റിനും മുകളിലൂടെ പറന്നുപോയപ്പോൾ ആശങ്കയിലായ ആതിഥേയർക്കും ആരാധകർക്കും രക്ഷകനായി മിഷാൽ ഉദിച്ചുയരുകയായിരുന്നു. ഉസ്ബകിന്റെ രണ്ട്, നാല്, അഞ്ച് ഷോട്ടുകളാണ് മിഷാൽ കൈപ്പടിയിലൊതുക്കിയത്.
നിശ്ചിത സമയത്ത് മിന്നും പോരാട്ടമായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. കളിയുടെ 27ാം മിനിറ്റിൽ നായകൻ ഹസൻ അൽ ഹൈദോസ് ഗോൾലൈനിൽ നിന്നും തൊടുന്ന ഷോട്ട് ഉസ്ബക് ഗോളി യൂസുഫോവിന്റെ കൈകളിൽ തട്ടി വലയിലെത്തി. സെൽഫ് ഗോളായി കുറിച്ച ഈ ഗോളിലൂടെ ലീഡ് നേടിയ ഖത്തറിനെതിരെ 59ാം മിനിറ്റിലാണ് ഉസ്ബക് സമനില പിടിച്ചത്. ഉദിലോൻ ഖമറോബെകോവാണ് ഗോൾ നേടിയത്. പിന്നാലെ, അക്രം അഫിഫും അൽ മുഈസും ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പിറന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലാണ് കളി തീർപ്പായത്.
സെമിഫൈനൽ ടിക്കറ്റുകൾ ലഭ്യം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾ ക്വാർട്ടർ ഫൈനലും കടന്ന് സെമി ഫൈനലിന്റെ ത്രില്ലറിലേക്ക് പ്രവേശിച്ചതിനു പിന്നാലെ ടിക്കറ്റ് വിൻഡോയും സജീവമായി. ഫെബ്രുവരി ആറ്, ഏഴ് തീയതികളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി സ്വന്തമാക്കാമെന്ന് അധികൃതർ അറിയിച്ചു.
ഫെബ്രുവരി ആറിന് ജോർഡനും ദക്ഷിണ കൊറിയയും തമ്മിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഒന്നാം സെമി. ഏഴിന് ഇറാനും ഖത്തറും/ ഉസ്ബകിസ്താനും തമ്മിൽ അൽ തുമാമ സ്റ്റേഡിയത്തിൽ രണ്ടാം സെമിയും നടക്കും. വൈകുന്നേരം ആറിനാണ് കിക്കോഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.