ഹെർവ് റെനാർഡിന്റെ മടക്കം വിജയശിൽപി പരിവേഷത്തോടെ
text_fieldsറിയാദ്: ദേശീയ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഹെർവ് റെനാർഡ് പടിയിറങ്ങുന്നത് ‘വിജയശിൽപി’ പരിവേഷത്തോടെ. ഇക്കഴിഞ്ഞ ലോകകപ്പിൽ സൗദിക്ക് ചരിത്ര വിജയം നേടിക്കൊടുത്ത ഹെർവിനെ സ്വദേശി ഫുട്ബാൾ ആരാധകരും സൗദി ഫുട്ബാളിനെ സ്നേഹിക്കുന്നവരും എന്നും ഓർമിക്കും. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു ആദ്യ റൗണ്ടിൽ അർജന്റീനക്കെതിരെ സൗദി ദേശീയ ടീം നേടിയ വിജയം.
ലോകകപ്പിൽ ലയണൽ മെസ്സിയുടെ പടയെ സൗദി അറേബ്യ തോൽപിക്കുക എന്നത് ഫുട്ബാൾ ലോകം നിനച്ച കാര്യമല്ല. എന്നാൽ, ലുസൈൽ സ്റ്റേഡിയത്തിലെ പതിനായിരങ്ങളും ലോകമെമ്പാടുമുള്ള സ്ക്രീനുകളിൽ ലക്ഷങ്ങളും കണ്ട ആ രംഗത്തിന്റെ ശിൽപി ഹെർവ് റെനാർഡല്ലാതെ മറ്റാരുമായിരുന്നില്ല. ആ രംഗം മുൻകൂട്ടി മനസ്സിൽ കണ്ടതുകൊണ്ടാകണം തന്റെ ടീം ഖത്തറിലെത്തിയത് ഉല്ലാസയാത്രയുടെ ഭാഗമായല്ലെന്ന് മത്സരത്തിന് മണിക്കൂറുകൾ മുമ്പ് നടന്ന വാർത്തസമ്മേളനത്തിൽ റെനാർഡ് പറഞ്ഞത്.
ഓരോ സൗദി പൗരനും ടീമിനെയോർത്ത് അഭിമാനിക്കാനുള്ള വകയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രീൻ ഫാൽക്കൺസി’ലെ ഓരോ കളിക്കാരനും പരിശീലകന്റെ ഈ വാക്കുകൾ പകർന്നു നൽകിയ പോരാട്ടവീര്യം ചെറുതായിരുന്നില്ല. അത് പിന്നീട് കളിക്കളത്തിൽ കണ്ടു. മധ്യനിരയിൽ ‘കോട്ട’ കെട്ടി ചരടിൽ കോർത്ത മുത്തുകൾപോലെ പ്രതിരോധനിര വിന്യസിച്ചു. മെസ്സിയുടേതുൾപ്പെടെ മൂന്ന് ഗോളുകളാണ് സൗദി ടീം ഓഫ്സൈഡ് പൂട്ടിട്ട് തടഞ്ഞത്. മെസ്സിപ്പടയെ വീഴ്ത്തിയ ഈ ‘ടാക്ടിക്കൽ ഗെയി’മിന്റെ അലയൊലികൾ ഗൾഫ് ലോകത്ത് ആഴ്ചകളോളം തരംഗം തീർത്തു. അതുകൊണ്ടുതന്നെ അറബ് കായികലോകം മറക്കില്ല ഈ ഫ്രഞ്ച് പരിശീലകനെ.
2012ൽ സാംബിയയെയും 2015ൽ ഐവറി കോസ്റ്റിനെയും ആഫ്രിക്കയിലെ ചാമ്പ്യന്മാരാക്കിയതും ഇതേ റെനാർഡ് തന്നെയാണ്. രണ്ട് പതിറ്റാണ്ടിനു ശേഷം മൊറോക്കോ ലോകകപ്പ് യോഗ്യത നേടിയെടുത്തതും ഇദ്ദേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുതന്നെ. അടുത്ത കൊല്ലം വനിത ഫുട്ബാൾ ലോകകപ്പ് നടക്കാനിരിക്കെ സ്വന്തം ജന്മനാടിന്റെ വനിത ടീം പരിശീലകനായാണ് റെനാർഡ് മടങ്ങുന്നത്. റെനാർഡിന്റെ രാജി അംഗീകരിച്ച സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) തന്നെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം സ്ഥിരീകരിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.