ഇന്ന് ഹൈവോൾട്ടേജ് പോരാട്ടം; കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിക്കെതിരെ
text_fieldsബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ കേരള ബ്ലാസ്റ്റേഴ്സിനിന്ന് നിർണായക പോരാട്ടം. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിയെയാണ് ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇവാൻ വുകോമാനോവിചിന്റെ ടീം നേരിടുക.
17 കളികളിൽ 32 പോയന്റുള്ള ഹൈദരാബാദ് സെമി സ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. 16 മത്സരങ്ങളിൽ 27 പോയന്റുള്ള ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ സ്ഥാനം നിലനിർത്തണമെങ്കിൽ വിജയം വേണം. സമനിലയോ തോൽവിയോ ആണെങ്കിൽ അടുത്ത മത്സരങ്ങൾ അതിനിർണായകമാവും.
സീസണിൽ നേരത്തേ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-0ത്തിന് ബ്ലാസ്റ്റേഴ്സിനായിരുന്നു വിജയം. ഹൈദരാബാദിന്റെ ഗോൾ മെഷീനും മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ ബർതലോമിയോ ഒഗബെച്ചെയെ പിടിച്ചുകെട്ടിയതായിരുന്നു ബ്ലാസ്റ്റേഴ്സിന് തുണയായത്. ഇന്നും അതിനാവും കേരള ടീമിന്റെ ശ്രമം.
16 ഗോളുകളുമായി ടോപ്സ്കോറർ സ്ഥാനത്തുള്ള ഒഗ്ബെച്ചെ മിന്നും ഫോമിലാണ്. 51 ഗോളുമായി ഐ.എസ്.എല്ലിലെ എക്കാലത്തെയും ഗോൾവേട്ടക്കാരനുമാണ് നൈജീരിയക്കാരൻ. അഡ്രിയാൻ ലൂനയാണ് ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ചുക്കാൻ പിടിക്കുന്നത്. നാലു ഗോളുകളും ആറു അസിസ്റ്റുകളും ഉറുഗ്വായ്ക്കാരന്റെ പേരിലുണ്ട്.
കഴിഞ്ഞ കളിയിൽ അവസാനഘട്ടത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടശേഷം ചുവപ്പുകാർഡ് കണ്ട മുന്നേറ്റ നിരക്കാരൻ ജോർഹെ പെരേര ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. 'ഓരോ കളിയും വ്യത്യസ്തമാണ്. അവർ ലീഗിലെ മികച്ച ടീമാണ്. അതിനാൽതന്നെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ട്. ജയത്തിനായിത്തന്നെ കളിക്കും' -കോച്ച് വുകോമാനോവിച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.