ഫാൻപവറിൽ ബ്ലാസ്റ്റേഴ്സ് ലോകത്ത് 12ാമത്; ബയേണും യുവന്റസുമടക്കം പിന്നിൽ
text_fieldsഇന്ത്യൻ സൂപ്പർ ലീഗിൽ ഇക്കുറി കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരുസന്തോഷ വാർത്ത. ഫാൻ പവറിന്റെ കാര്യത്തിൽ ഏഷ്യയിൽ ബ്ലാസ്റ്റേഴ്സിനെ വെല്ലാൻ മറ്റ് ക്ലബുകളില്ലെന്നാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
മാർച്ച് മാസം ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടന്ന ഫുട്ബാൾ ക്ലബുകളുടെ പട്ടികയിൽ ലോകത്ത ആദ്യ 20 ൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മഞ്ഞപ്പട. ബാഴ്സലോണ, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി എന്നീ വമ്പൻ ക്ലബുകൾക്കൊപ്പമാണ് മലയാളികളുടെ സ്വന്തം കൊമ്പൻമാർ തലയെടുപ്പോടെ നിൽക്കുന്നത്.
35 ദശലക്ഷം ഇന്ററാക്ഷനുമായി പട്ടികയിൽ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എൽ ഫൈനൽ നടന്നത് മാർച്ചിലായിരുന്നു. ലോകത്തെ മുൻനിര ക്ലബുകളായ ബയേൺ മ്യൂണിക് (13ാം സ്ഥാനം), യുവന്റസ് (15ാം സ്ഥാനം), സാവോപോളോ (14ാം സ്ഥാനം), പാൽമിറസ് (18ാം സ്ഥാനം) എന്നിവർ പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണ്.
212 ദശലക്ഷം ഇന്ററാക്ഷനുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയാണ് പട്ടികയിൽ ഒന്നാമത്. റയൽ മഡ്രിഡ് (176 ദശലക്ഷം), മാഞ്ചസ്റ്റർ യുനൈറ്റഡ് (154 ദശലക്ഷം), പി.എസ്.ജി (75.4 ദശലക്ഷം), ചെൽസി (8.76 ദശലക്ഷം), ലിവർപൂൾ (66.6 ദശലക്ഷം), ഗലത്സരായ് (60 ദശലക്ഷം), ഫ്ലമംങോ (53.4 ദശലക്ഷം), മാഞ്ചസ്റ്റർ സിറ്റി (39.1 ദശലക്ഷം), ഫെനാർബാഷെ (38.7 ദശലക്ഷം), കൊറിന്ത്യൻസ് (35.3) എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
2.9 ദശലക്ഷം ആളുകളാണ് ബ്ലാസ്റ്റേഴ്സിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.