ദുഹൈലിനെ തരിപ്പണമാക്കി ഹിലാൽ ഫൈനലിന്
text_fieldsദോഹ: ഏഷ്യൻ ചാമ്പ്യൻമാർ എന്ന തലയെടുപ്പുമായി കളത്തിലിറങ്ങിയ സൗദി ക്ലബ് അൽ ഹിലാലിന്റെ കുതിപ്പിന് തടയിടാൻ ഖത്തറിന്റെ അൽ ദുഹൈലിന് കഴിഞ്ഞില്ല.
അൽ തുമാമ സ്റ്റേഡിയം സാക്ഷിയായ മത്സരത്തിൽ മറുപടിയില്ലാത്ത ഏഴ് ഗോളിനായിരുന്നു അൽ ഹിലാൽ അൽ ദുഹൈലിനെ തോൽപിച്ചത്.
അർജന്റീനക്കാരായ പരിശീലകർ തമ്മിലെ ഏറ്റുമുട്ടൽ എന്നനിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ റാമോൺ ഡയസിന് മുന്നിൽ ഏറെ ജൂനിയറായ ഹെർനാൻ ക്രെസ്പോക്ക് അത്ഭുതങ്ങളൊന്നും കാണിക്കാനായില്ല.
ഏഷ്യൻ ഫുട്ബാളിലെ വമ്പൻ ക്ലബുകളുടെ പോരാട്ടമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ നോക്കൗട്ട് മത്സരങ്ങൾക്കാണ് ദോഹ വേദിയായത്. സെമിയിൽ ജയിച്ചതോടെ നിലവിലെ ജേതാക്കളായ അൽ ഹിലാലിന് ഏപ്രിൽ 29ന് റിയാദിലും മേയ് ആറിന് ജപ്പാനിലുമായി നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഉറവ റെഡ് ഡയമണ്ട്സിനെ നേരിടാം.
തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഹിലാലിന്റെ കുതിപ്പ്. കളിയുടെ രണ്ടാം മിനിറ്റിൽ നൈജീരിയൻ ദേശീയതാരം ഇഗാലോ ഓഡിയോണിന്റെ ഗോളിൽ തുടങ്ങിയ ഹിലാൽ 62 മിനിറ്റിനുള്ളിൽ ഏഴുവട്ടം വലകുലുക്കി.
ഇഗാലോ കളിയുടെ രണ്ട്, 10, 48, 62 മിനിറ്റുകളിലായി നാലു ഗോളുകൾ നേടി. മാലി താരം മൗസ മരേഗ രണ്ടും, സൗദി ദേശീയ താരം സലിം അൽ ദൗസരി ഒരു ഗോളും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.