ഹോജ്‍ലണ്ടിന്റെ ഡബിളിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ല്യൂട്ടൻ ടൗണിനെയാണ് തകർത്തുവിട്ടത്. കഴിഞ്ഞ സമ്മർ സീസണിൽ അറ്റ്ലാന്റയിൽനിന്നെത്തിയ റാസ്മസ് ഹോജ്‍ലണ്ടിന്റെ ഇരട്ട ഗോളുകളാണ് യുനൈറ്റഡിന് നിർണായക ജയം സമ്മാനിച്ചത്. തുടർച്ചയായ ആറാം മത്സരത്തിലാണ് ഹോജ്‍ലണ്ട് ഗോൾ കണ്ടെത്തുന്നത്.
മത്സരം തുടങ്ങി 40 സെക്കൻഡിനകം ല്യൂട്ടൻ വല കുലുങ്ങി. യുനൈറ്റഡ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അടിച്ചകറ്റിയ പന്ത് കിട്ടിയ ല്യൂട്ടൻ താരം അമാരി ബെല്ലിന്റെ മിസ്പാസ് ഹോജ്‍ലണ്ടിന്റെ കാലിലെത്തുകയും താരം പിഴവില്ലാതെ ഗോൾകീപ്പറെ കീഴടക്കുകയുമായിരുന്നു. നാല് മിനിറ്റിനകം ഗർണാച്ചോ നൽകിയ പാസ് റാഷ്ഫോഡ് പോസ്റ്റിന് നേരെ തൊടുത്തുവിട്ടെങ്കിലും ഗോൾകീപ്പർ തട്ടിയകറ്റി. ഏഴാം മിനിറ്റിൽ യുനൈറ്റഡ് രണ്ടാം ഗോളും നേടി. കോർണർ കിക്കിൽനിന്ന് പന്ത് ലഭിച്ച ഗർണാച്ചോ ഷോട്ടുതിർത്തപ്പോൾ പോസ്റ്റിനരികെ നിന്നിരുന്ന ഹോജ്‍ലണ്ടിന്റെ ദേഹത്ത് തട്ടി വലയിലേക്ക് വഴിമാറുകയായിരുന്നു.
എന്നാൽ, 14ാം മിനിറ്റിൽ ല്യൂട്ടൻ ഒരു ഗോൾ തിരിച്ചടിച്ചു. കാൾട്ടൺ മോറിസ് ആണ് ഹെഡറിലൂടെ വല കുലുക്കിയത്. ഇടവേളക്ക് മുമ്പ് ല്യൂട്ടൻ രണ്ടുതവണ ഗോളിനടുത്തെത്തിയെങ്കിലും പോസ്റ്റിനരികിലൂടെ പുറത്താവുകയായിരുന്നു. 57ാം മിനിറ്റിൽ റാഷ്ഫോഡിന്റെ തകർപ്പൻ ഷോട്ട് എതിർ ഗോൾകീപ്പർ ശ്രമകരമായി തട്ടിത്തെറിപ്പിച്ചു. ഉടൻ ബ്രൂണോ ഫെർണാണ്ടസിനും ഗർണാച്ചോക്കും ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവിശ്വസനീയമായി തുലച്ചു. 78ാം മിനിറ്റിൽ ഹോജ്‍ലണ്ട് ഹാട്രിക്കിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ തടസ്സംനിന്നു. ഇഞ്ചുറി ടൈമിൽ ല്യൂട്ടൻ ഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും കോർണർ കിക്കിനെ തുടർന്നുള്ള ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
ജയത്തോടെ 44 പോയന്റുമായി യുനൈറ്റഡ് ആറാം സ്ഥാനത്ത് തുടരുകയാണ്. 57 പോയന്റുമായി ലിവർപൂൾ ഒന്നാമതും ആഴ്സണൽ (55) മാഞ്ചസ്റ്റർ സിറ്റി (53) എന്നിവ രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.