ഹോം C/o ആവേശം! ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ മുടങ്ങാതെ കാണുന്ന കുഞ്ഞുമോനും കുടുംബവും
text_fieldsഐ.എസ്.എൽ രണ്ടാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ മുടങ്ങാതെ കാണുന്ന കുടുംബം ഇപ്പോൾ പരിശീലകനും താരങ്ങൾക്കും ഏറെ പ്രിയപ്പെട്ടവരാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചി കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ആരാധകക്കൂട്ടമായ ബ്ലാസ്റ്റേഴ്സ് ആർമിക്കിടയിൽ ഒരു കുടുംബത്തെ കാണാം. മാതാപിതാക്കളും മൂന്ന് പെൺമക്കളുമടങ്ങിയ ബ്ലാസ്റ്റേഴ്സ് ഫാമിലി ആർമി. കൊച്ചിയിൽ മഞ്ഞപ്പടയുടെ കളികൾക്ക് മുടങ്ങാതെയെത്തുന്ന കുടുംബം കേവലം ആർപ്പുവിളികളുമായി ടീമിനെ പിന്തുണച്ച് തിരിച്ചുപോകുന്നവരല്ല.
മത്സരം കഴിഞ്ഞയുടനെ ടീം ഹോട്ടലിലേക്ക് വെച്ചുപിടിക്കും അഞ്ചുപേരും. താരങ്ങളെത്തും മുമ്പേ അവർ ഹോട്ടൽ മുറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടാകും. ബസിൽ നിന്നിറങ്ങുന്ന കളിക്കാരും പരിശീലകരും ഇവരോട് സംസാരിച്ചേ അകത്തേക്ക് കയറാറുള്ളൂ. എല്ലാവർക്കും അത്രക്ക് ഹൃദയബന്ധമുണ്ട് ഈ കുടുംബത്തോടിപ്പോൾ. ഐ.എസ്.എൽ രണ്ടാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഹോം മത്സരംപോലും ഇവർ മുടക്കിയിട്ടില്ലെന്നാണ് ഓർമ.
ചെറുകിട ബിസിനസുകാരനായ കളമശ്ശേരിയിലെ കുഞ്ഞുമോന്റെ രണ്ടാമത്തെ മകൾ ഫിദക്ക് കുഞ്ഞുനാളിലേ ബ്ലാസ്റ്റേഴ്സിനോട് തോന്നിയ ഇഷ്ടമാണ് കാര്യങ്ങൾ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. കുഞ്ഞുമോനും ഭാര്യ സമീനയും മറ്റു മക്കളായ നദയും ഷിദയും കൂടെക്കൂടി. ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് പത്രങ്ങളിൽ വരുന്ന വാർത്തകളെല്ലാം മുറിച്ചെടുത്ത് ഫിദക്ക് കൊടുക്കും ഉമ്മൂമ്മ. അങ്ങനെ ബ്ലാസ്റ്റേഴ്സ് വാർത്തകളുടെ വലിയ ശേഖരമുണ്ടാക്കി.
മത്സരങ്ങളും പരിശീലനവും കാണാൻ കുഞ്ഞുമോൻ ഫിദയെ കൊണ്ടുപോകാൻ തുടങ്ങി. ഉമ്മയും ഇത്താത്ത നദയും അനിയത്തി ഷിദയും പിന്നെ ഇവർക്കൊപ്പം കൂടി. ആദ്യമൊക്കെ കാശുകൊടുത്ത് ടിക്കറ്റ് വാങ്ങലായിരുന്നു. പിന്നെ സ്പോൺസർമാരായി. ബ്ലാസ്റ്റേഴ്സ് ടീമിൽ ആരോടാണ് ഏറ്റവുമടുപ്പം എന്നു ചോദിച്ചാൽ ഫിദ കുഴങ്ങും.
എന്നാലും, പരിശീലകൻ ഇവാൻ വുകുമനോവിചിനോട് ഇഷ്ടക്കൂടുതലുണ്ട്. ഏത് ആൾക്കൂട്ടത്തിനിടയിലും ഇവരെ തിരിച്ചറിഞ്ഞ് താരങ്ങൾ അടുത്തുവന്നു സംസാരിച്ചേ പോകാറുള്ളൂ. താരങ്ങളുടെ കുടുംബാംഗങ്ങളുമായും സൗഹൃദമുണ്ട്.
കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഫിദ. ഇംഗ്ലീഷ് നന്നായി വഴങ്ങുന്നതിനാൽ ഫിദക്കും സഹോദരിമാർക്കും ടീം അംഗങ്ങളുമായി ആശയവിനിമയം എളുപ്പമാണ്. അവധി കഴിഞ്ഞോ സീസൺ തുടങ്ങുമ്പോഴോ ഒക്കെ താരങ്ങൾ വിമാനത്താവളത്തിലെത്തുമ്പോൾ സ്വീകരിക്കാനും മുന്നിലുണ്ടാകും.
മിക്ക താരങ്ങളും ഒപ്പിട്ട ജഴ്സിയും സമ്മാനിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വെറുമൊരു ടീമല്ല, വികാരമാണെന്ന് ഫിദ പറയുന്നു. തോറ്റാലും ജയിച്ചാലും കട്ടക്ക് കൂടെ നിൽക്കും. ഈ സീസണിൽ േപ്ല ഓഫിലെത്തിയ ടീം കിരീടം നേടുമെന്ന് ഫിദയും കുടുംബവും ഒന്നടങ്കം പ്രതീക്ഷവെക്കുന്നു.
ഇക്കുറി ലീഗ് റൗണ്ടിൽ എഫ്.സി ഗോവക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം നാലെണ്ണമടിച്ച് തിരിച്ചുവന്നപ്പോൾ സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ കുഞ്ഞുമോന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്രക്കുണ്ട് ടീമിനോട് പ്രിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.