കോപ അമേരിക്കയിൽ ജയത്തുടക്കവുമായി ബ്രസീൽ; പെലെയെ കടക്കുമോ നെയ്മർ?
text_fieldsസവോപോളോ: കോവിഡ് പിടിച്ച മുൻനിരയെ ക്വാറൻീനീലാക്കി പകരക്കാരെയുമായി ഇറങ്ങേണ്ടിവന്ന വെനസ്വേലക്ക് കരുത്തരായ ബ്രസീലിനു മുന്നിൽ വൻതോൽവി. കോപ അമേരിക്ക ഉദ്ഘാടന മത്സരം ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ചാണ് നെയ്മർ സംഘം കിരീടം നിലനിർത്താനുള്ള ജൈത്രയാത്ര തുടങ്ങിയത്.
ഒരു ഗോൾ നേടുകയും ഒന്നിന് അസിസ്റ്റ് നൽകുകയും ചെയ്ത് ഉടനീളം മനോഹരമായി കളി നയിച്ച നെയ്മറിനൊപ്പം മാർക്വിഞ്ഞോസും ബർബോസ അൽമേഡയുമായിരുന്നു സ്കോറർമാർ. 23ാം മിനിറ്റിൽ പി.എസ്.ജി താരം മാർക്വിഞ്ഞോസായിരുന്നു ഗോൾവേട്ടക്ക് തുടക്കമിട്ടത്. കോർണർ കിക്ക് ക്ലിയർ ചെയ്യാതെ വിട്ട വെനസ്വേല പ്രതിരോധത്തെ കാഴ്ചക്കാരാക്കി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നെയും മൈതാനം ഭരിച്ച ടീമിനായി 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നെയ്മർ ലീഡുയർത്തി. ഡാനിലോയെ വെനസ്വേല താരം കുമാന വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. ഗോൾ നേടിയതോടെ ടീമിനായി 77 ഗോൾ നേടി റെക്കോഡ് പുസ്തകത്തിലുള്ള ഇതിഹാസ താരം പെലെക്കൊപ്പമെത്താൻ നെയ്മറിന് ഇനി അകലം 10 ഗോൾ മാത്രം. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ നെയ്മർ നൽകിയ ക്രോസ് ബർബോസ വലയിലെത്തിച്ചതോടെ ലീഡ് മൂന്നായി. 2019ൽ കോപ ചാമ്പ്യന്മാരായ സാംബ ടീം ഇതോടെ കിരീട യാത്ര ഗംഭീരമായി തുടങ്ങി.
മറുവശത്ത്, കളിക്ക് ഒരു ദിവസം മുമ്പായിരുന്നു വെനസ്വേല താരങ്ങളിൽ 12 പേർ കോവിഡ് പോസിറ്റീവായത്. ഇതോടെ പരമാവധി പകരക്കാരെ ഇറക്കിയാണ് കന്നി മത്സരത്തിന് ടീം ബൂട്ടുകെട്ടിയത്. എന്നിട്ടും കരുത്തരായ ചാമ്പ്യന്മാരെ ആദ്യ പകുതിയിൽ പരമാവധി പിടിച്ചുകെട്ടുന്നതിൽ വെനസ്വേല വിജയം കണ്ടു.
2019ൽ ബ്രസീൽ കപ്പുയർത്തിയ കോപ അമേരിക്ക കഴിഞ്ഞ വർഷം കോവിഡിൽ മുടങ്ങിയിരുന്നു. അതാണ് വീണ്ടും നടത്തുന്നത്. കൊളംബിയ, അർജൻറീന എന്നിവിടങ്ങളിൽ നടത്താനായിരുന്നു ആദ്യം തീരുമാനമെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ബ്രസീലിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഒടുവിൽ വഴങ്ങിയതോടെയാണ് കിക്കോഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.