
'ഞങ്ങൾക്ക് നീ എന്നെന്നും പ്രിയപ്പെട്ടവൻ'- മെസ്സിക്ക് ശുഭയാത്ര നേർന്ന് ബാഴ്സ സഹതാരങ്ങൾ
text_fieldsമഡ്രിഡ്: രണ്ടു പതിറ്റാണ്ടിനരികെ സീനിയർ ടീമിലും അതിന് മുമ്പ് കുട്ടിപ്പട്ടാളത്തോടൊപ്പവും ബാഴ്സയിൽ മാത്രം പന്തുതട്ടിയ സുവർണ സ്മൃതികൾ തത്കാലം ചരിത്രത്തിന് വിട്ട് മെസ്സി നൂക്യാമ്പിൽനിന്ന് മടങ്ങിയപ്പോൾ വികാര നിർഭര യാത്രയയപ്പ് നൽകി സഹതാരങ്ങൾ. ഇനി ഫ്രാൻസിൽ പി.എസ്.ജിക്കൊപ്പം ബൂട്ടുകെട്ടുമെന്ന് ഏകദേശം ഉറപ്പായ താരത്തിനാണ് ദീർഘനാൾ കൂടെ കളിച്ചവർ സമൂഹ മാധ്യമങ്ങളിലെത്തി ശുഭയാത്ര നേർന്നത്.
വാർത്ത വന്നതോടെ ഏറെനേരം നിഴൽവീഴ്ത്തിയ മൗനം വെടിഞ്ഞ് ആദ്യമെത്തിയത് സെർജിയോ ബുസ്കെറ്റ്സ്. 2008 മുതൽ നൂ ക്യാമ്പിലും പുറത്തും കളി മെനഞ്ഞും നയിച്ചും ഒന്നിച്ചുനിന്നവരാണ് ഇരുവരും. ''ക്ലബിനായും കൂടെയുണ്ടായിരുന്നവർക്കും നീ ചെയ്തതിനൊക്കെ നന്ദി. ബാലനായാണ് നീ ഇവിടെ എത്തിയത്. ഇന്നിപ്പോൾ മടക്കം ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി. അർഹിച്ച ഉയരങ്ങളിലേക്ക് നീ വഴി നടത്തി. നിനക്കൊപ്പം കളിച്ച, നിമിഷങ്ങൾ പങ്കിട്ടവനാണ് ഞാനെന്ന് എന്നെന്നും പറയും''- ബുസ്കെറ്റ്സിന്റെ വാക്കുകൾ.
അൻസു ഫാറ്റി
''ലാ മാസിയയിൽ എത്തുന്നവരൊക്കെയും നിങ്ങൾക്കൊപ്പം പന്തുതട്ടുന്നത് സ്വപ്നം കണ്ടുവന്നവരാണ്. അത് എനിക്ക് സാധ്യമായല്ലോ, ഭാഗ്യം. ഈ രണ്ട് വർഷത്തിന് നന്ദി- പകർന്ന സ്നേഹത്തിനും നൽകിയ പാഠങ്ങൾക്കും. ഞാനും കുടുംബവും എന്നെന്നും നന്ദിയുള്ളവരാകും''
കുടീഞ്ഞോ
''എല്ലാറ്റിനും നന്ദി. നിങ്ങളെ കാണാനായതും കൂടെ കളിക്കാനായതും ഭാഗ്യം. എന്നോടും കുടുംബത്തോടും നൽകിയ സ്നേഹവായ്പിന് നന്ദി''.
സാവി ഹെർണാണ്ടസ്
''ആ വർഷങ്ങളിൽ നീ നൽകിയതിനൊക്കെയും കൃതജ്ഞത. നീ ചെയ്യുന്നതിലൊക്കെയും ഏറ്റവും നല്ലതുവരട്ടെ''.
ജെറാർഡ് പീക്വെ
''ഇനിയൊരിക്കലും കാര്യങ്ങൾ പഴയപടിയാകില്ല. നൗക്യാമ്പിലും ബാഴ്സ നഗരത്തിലും. 20ലേറെ വർഷങ്ങൾക്കു ശേഷം ബാഴ്സ ജഴ്സി നീ ധരിക്കില്ല. അത് ഉൾക്കൊള്ളാനാകാത്ത യാഥാർഥ്യം. നാം കാണുന്നത് 2000ൽ. 13 വയസ്സായിരുന്നു നമുക്ക്. മുന്നിൽകാത്തുനിന്നത് വലിയ ഒരു കരിയർ. ഇന്ന് നീ പോകുന്നു. എനിക്കറിയാം ഒരുനാൾ നീ വരുമെന്ന്.
പെഡ്രോ
'ഒാരോ കളിക്കാരനും നീ മാതൃകയായിരുന്നു. കൂടെ കളിക്കാനായത് ഭാഗ്യം.''

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.