ഇംഗ്ലണ്ടിനെ തകർത്ത് ഹംഗറി; ഇറ്റലി- ജർമനി സമനില
text_fieldsബുഡാപെസ്റ്റ് (ഹംഗറി): ഹംഗേറിയൻ മധ്യനിരക്കാരൻ സോൾട്ട് നഗിയെ ഇംഗ്ലീഷ് ഡിഫൻഡർ റീസ് ജെയിംസ് ഫൗൾ ചെയ്തതിനെത്തുടർന്ന് 66ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കിക്കിൽ അവസാനിച്ചത് ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്. യുവേഫ നാഷൻസ് ലീഗിൽ ഇംഗ്ലണ്ടിനെതിരെ ഹംഗറി സ്വന്തം നാട്ടിൽ നേടിയ ഏക ഗോൾ ജയത്തിന് കാരണമായത് ഡൊമിനിക് സോബോസ്ലായിയുടെ ഈ ഗോളാണ്.
1962ലെ ചിലി ലോകകപ്പിലാണ് ഇംഗ്ലീഷുകാരെ ഇവർ അവസാനമായി തോൽപിച്ചത്. ശേഷം 14 തവണ ഇരുടീമും ഏറ്റുമുട്ടിയെങ്കിലും വിജയം ഒരു തവണപോലും ഹംഗറിയുടെ കൂടെ നിന്നില്ല. ആരാധകരിൽ നിന്ന് വംശീയ പെരുമാറ്റമുണ്ടാവുമെന്ന് ഭയന്ന് കാണികൾക്ക് വിലക്കേർപ്പെടുത്തിയ കളിയിലാണ് ചരിത്രം പിറന്നത്. സ്കൂളുകളിൽ നിന്നും അക്കാദമികളിൽ നിന്നുമായി 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
അതേസമയം, ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയും ജർമനിയും സമനിലയിൽ പിരിഞ്ഞു. രണ്ട് ദിവസം മുമ്പ് ഫൈനലിസിമയിൽ അർജന്റീനക്കെതിരെ കനത്തതോൽവി ഏറ്റുവാങ്ങിയ സംഘത്തിൽ മാറ്റങ്ങളുമായാണ് ഇറ്റലി ഇറങ്ങിയത്. രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനിടെ ഇരു ടീമും ഓരോ ഗോൾ അടിക്കുകയായിരുന്നു.
70ാം മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനി ആതിഥേയരെ മുന്നിലെത്തിച്ചു. എന്നാൽ 73ാം മിനിറ്റിൽതന്നെ ജർമനിക്ക് വേണ്ടി ജോഷ്വ കിമ്മിഷ് ഗോൾ മടക്കി. മറ്റു കളികളിൽ മോണ്ടിനഗ്രോ എതിരില്ലാത്ത രണ്ട് ഗോളിന് റുമേനിയയെയും തുർക്കി 4-0ത്തിന് ഫറോ ദ്വീപിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.