വിജയം തുടരാൻ ഹൈദരാബാദ്; സമനില തെറ്റിക്കാൻ ഒഡിഷ
text_fieldsമഞ്ചേരി: സൂപ്പർ കപ്പ് ബി ഗ്രൂപ്പിൽ വിജയം തുടരാൻ ഐ.എസ്.എൽ വമ്പന്മാരായ ഹൈദരാബാദ് എഫ്.സി വ്യാഴാഴ്ച ഇറങ്ങുന്നു. മഞ്ചേരി പയ്യനാട്ട് രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ സമനില തുടക്കമിട്ട ഈസ്റ്റ് ബംഗാൾ എഫ്.സിയാണ് ഹൈദരാബാദിന്റെ എതിരാളികൾ.
വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്.സി. ഐ ലീഗ് ടീമായ ഐസോൾ എഫ്.സിയെ നേരിടും. കരുത്തരായ ഹൈദരാബാദ് മികച്ച വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഐ.എസ്.എല്ലിൽ ഒത്തിണക്കത്തോടെ കളി നീക്കുന്ന ഹൈദരാബാദ് കഴിഞ്ഞ കളിയിൽ ചില അവസരങ്ങൾ പാഴാക്കിയെങ്കിലും തന്ത്രങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.
കഴിഞ്ഞ കളിയിൽ കളം നിറഞ്ഞാടിയ മലയാളി താരം അബ്ദുൽ റബീഹ് സ്വന്തം നാട്ടിൽ മികച്ച ഫോമിലായത് ടീമിന് ഗുണം ചെയ്യും. ഐസോളിനെതിരെ ആദ്യ കളിയിൽ ഗോൾ നേടിയ ക്യാപ്റ്റൻ ജാവോ വിക്ടർക്ക് തന്നെയായിരിക്കും കോച്ച് മനോലോ മാർക്വേസ് കളി മെനയാനുള്ള ചുമതല നൽകുക. മിഡ്ഫീൽഡർ ജോൾ ജോസഫ് ചെയ്നസ് മധ്യനിരയിൽ ശക്തമായ സാന്നിധ്യവും ഹൈദരബാദിന് മുതൽക്കൂട്ടാവും.
ആദ്യ മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയ ഈസ്റ്റ് ബംഗാളിന് രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ കളിയിലെ ഗോൾ സ്കോററായ മുഹമ്മദ് മുബശിർ റഹ്മാൻ മികച്ച ഫോമിലാണ്. മലയാളി താരം വി.പി. സുഹൈറിനെ രണ്ടാം മത്സരത്തിലും പരീക്ഷിക്കാനാണ് സാധ്യത.
ആദ്യ കളിയിലെ പോരായ്മകൾ തിരുത്തി മുന്നോട്ടുപോയാലേ ഈസ്റ്റ് ബംഗാളിന് ഒരു സമനില പ്രതീക്ഷയെങ്കിലുമുള്ളൂ. വൈകീട്ട് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങേണ്ടിവന്ന സങ്കടം തീർക്കാനാവും ഐസ്.എസ്.എൽ ഫേവറിറ്റുകളായ ഒഡിഷ എഫ്.സിയുടെ ശ്രമം.
ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവായ ഡീഗോ മൗറീഷ്യോയുടെ സാന്നിധ്യം മത്സരത്തിൽ ഒഡിഷ എഫ്.സിക്ക് മുൻതൂക്കം നൽകും. ഒഡിഷയുടെ എതിരാളികളായ ഐസോൾ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഹൈദരാബാദിനോട് പരാജയപ്പെട്ടത്.
യോഗ്യത മത്സരത്തിൽ ട്രാവു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ ലീഗ് ഫേവറിറ്റായ ഐസോൾ ഗ്രൂപ് റൗണ്ടിലെത്തിയത്. തുടർച്ചയായ രണ്ട് കളിയിലും ഗോളടിച്ച ഇവാൻ വരാസാണ് ഐസോളിന്റെ തുറപ്പുശീട്ട്. എതിരാളികൾ കരുത്തരാണെങ്കിലും പൊരുതാനുറച്ചുതന്നെയാണ് ഐസോൾ പട പന്തു തട്ടാനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.