‘നിങ്ങളെ ഞാനേറെ ആരാധിക്കുന്നു; ഒന്നിച്ച് കളിക്കാൻ നമുക്ക് ഭാഗ്യമില്ലാതെ പോയി’, സിദാനോട് മെസ്സി
text_fieldsമയാമി: പത്താം നമ്പർ കാണുമ്പോൾ തന്റെ മനസ്സിലേക്ക് കടന്നുവരുന്നത് ഡീഗോ മറഡോണയെന്ന ഇതിഹാസമാണെന്ന് ലയണൽ മെസ്സി. ഫ്രാൻസിന്റെ വിഖ്യാത താരം സിനദിൻ സിദാനുമൊത്ത് നടത്തിയ സംഭാഷണത്തിനിടെയാണ് മെസ്സിയുടെ വിശദീകരണം. താങ്കളെ ഏറെ ആരാധിക്കുന്നുവെന്നും എന്നാൽ, ഒന്നിച്ചു കളിക്കാൻ നമുക്ക് ഭാഗ്യമില്ലാതെ പോയെന്നും സംഭാഷണമധ്യേ സിദാനോട് അർജന്റീനാ നായകൻ പറഞ്ഞു. ‘അഡിഡാസ്’ ആണ് ഇരുതാരങ്ങളെയും അരമണിക്കൂറോളം നീണ്ട സുദീർഘ സംഭാഷണത്തിനായി ഒന്നിച്ചിരുത്തിയത്.
മറഡോണക്കുപുറമെ അർജന്റീനയുടെ തൂവെള്ള ജഴ്സിയിൽ താനേറെ ഇഷ്ടപ്പെട്ട മുൻഗാമികൾ യുവാൻ റോമൻ റിക്വൽമിയും പാേബ്ലാ അയ്മറും ആണെന്നും മെസ്സി വെളിപ്പെടുത്തി. ‘ഞങ്ങൾ അർജന്റീനക്കാരെ സംബന്ധിച്ചിടത്തോളം പത്താം നമ്പർ ജഴ്സിയെന്നത് വളരെ സവിശേഷമാണ്. അതുകൊണ്ടാണ് 10 എന്നു കാണുമ്പോഴുടൻ മറഡോണ നമ്മുടെ മനസ്സിൽ തെളിയുന്നത്. ഞങ്ങൾ അദ്ദേഹത്തെപ്പോലെ ആകാനാണ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തെപ്പോലെ ആകാൻ കഴിഞ്ഞില്ലെങ്കിലും അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പത്താം നമ്പറിൽ നമ്മൾ അത്രയേറെ ആരാധിച്ച കളിക്കാരനായിരുന്നു അദ്ദേഹം.
കുട്ടിയായിരിക്കുമ്പോൾ ഞാൻ ഡീഗോയുടെ കളി കുറച്ചു കണ്ടിട്ടുണ്ട്. കരിയറിൽ അദ്ദേഹം അവസാനമായി നെവൽസ് ഓൾഡ് ബോയ്സിനുവേണ്ടി ബൂട്ടണിഞ്ഞ വേളയിലായിരുന്നു അത്. എനിക്കന്ന് ആറോ ഏഴോ വയസ്സു മാത്രമാണ്. ചെറിയ പ്രായമായിരുന്നതിനാൽ കൂടുതലൊന്നും അതേക്കുറിച്ച് തന്റെ ഓർമയിലില്ലെന്നും മെസ്സി പറഞ്ഞു.
പിന്നീട് അദ്ദേഹത്തിന്റെ വിഡിയോകൾ ഒരുപാടു ഞാൻ കണ്ടു. ഞങ്ങളുടെ പ്രചോദനകേന്ദ്രവും മാതൃകയുമൊക്കെയാണദ്ദേഹം. ഞങ്ങളെ സംബന്ധിച്ച്, ഡീഗോ ഇനി വരാനിരിക്കുന്ന ഒരുപാട് വർഷങ്ങളിലും ഞങ്ങൾക്കു ചുറ്റിലുമുണ്ടാകും. അതിലെനിക്ക് സംശയമൊന്നുമില്ല. ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും എന്റെ മക്കൾക്ക് ഡീഗോയെക്കുറിച്ച് ഒരുപാടറിയാം. അദ്ദേഹത്തിന്റെ വിഡിയോകൾ കണ്ടും ഞങ്ങൾ പറയുന്നത് കേട്ടുമൊക്കെയാണത്’ -മെസ്സി വാചാലനായി.
ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നിൽ തന്റെ ഇഷ്ടനമ്പറായ 10 ലഭിക്കാതിരുന്നതിൽ തുടക്കത്തിൽ ചെറിയ നഷ്ടബോധം ഉണ്ടായിരുന്നതായി മെസ്സി വെളിപ്പെടുത്തി. ‘പാരിസിൽ എനിക്ക് പത്താം നമ്പറല്ല, 30-ാം നമ്പറാണ് ലഭിച്ചത്. 10 ഞാൻ സ്ഥിരം ധരിച്ചുകൊണ്ടിരുന്ന ജഴ്സിയായിരുന്നു. പാരിസിൽ അത് ഇല്ലാതിരുന്നത് ഞാനൊട്ടും കാര്യമാക്കിയിരുന്നില്ല. അതില്ലാതിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചുമില്ല. എങ്കിലും അതില്ലെന്ന നഷ്ടബോധം എനിക്കൊപ്പമുണ്ടായിരുന്നു. 30-ാം നമ്പറിൽ അവിടെ അരങ്ങേറിയശേഷം അതുമായി ഞാൻ പൊരുത്തപ്പെട്ടു’ -മെസ്സി പറഞ്ഞു.
മെസ്സി ബാഴ്സലോണയിൽ കളിക്കുന്ന വേളയിൽ ബദ്ധവൈരികളായ റയൽ മഡ്രിഡിന്റെ പരിശീലകനായിരുന്നു സിദാൻ. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്ന സിദാൻ താനേറെ ആരാധിക്കുന്ന താരമാണെന്നും മെസ്സി പറഞ്ഞു. ‘‘നിങ്ങളെ ഞാനേറെ ആരാധിക്കുന്നു; നമുക്ക് ഒന്നിച്ചു കളിക്കാൻ ഭാഗ്യമില്ലാതെ പോയി. എന്നാൽ, കളിക്കാരനും കോച്ചുമെന്ന നിലയിൽ എതിരാളികളായി കുറച്ചുകാലം നമ്മൾ കളിയിലുണ്ടായിരുന്നു. കളത്തിൽ നിങ്ങൾ ചെയ്തതിനും ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നതിനും നിങ്ങളോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. നിങ്ങൾ കളിയുടെ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്. എക്കാലവും ഞാൻ നിങ്ങളുടെ കളി വിസ്മയത്തോടെയാണ് കണ്ടിരുന്നത്. മഡ്രിഡിൽ ഞാൻ നിങ്ങളെ ഒരുപാട് പിന്തുടർന്നിട്ടുണ്ട്. നിങ്ങൾ എന്നും നല്ല കളിക്കാരനായിരുന്നു. വേറിട്ട ശൈലിയിൽ എല്ലാ മാന്ത്രികതയും സ്വന്തമാക്കിയിരുന്നു. ലെവർകൂസനെതിരായ ആ ഗോളും ലോകകപ്പിലെ നിങ്ങളുടെ ഗോളും ഞാൻ ഇപ്പോഴുമോർമിക്കുന്നു. പിന്നെ, ആ 360 ഡിഗ്രി ടേണുകളും...’ -മെസ്സി വിശദീകരിച്ചു. അഭിമുഖത്തിനൊടുവിൽ ഇരുവരും തങ്ങളുടെ ദേശീയ ടീം ജഴ്സികൾ ഒപ്പിട്ട് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.