ഞാൻ ജൂത സമൂഹത്തിന്റെ ഭാഗം; അതു പറയുന്നതിൽ അഭിമാനം -ഡേവിഡ് ബെക്കാം
text_fieldsമിയാമി (യു.എസ്.എ): താൻ ജൂത സമൂഹത്തിന്റെ ഭാഗമാണെന്നും അതു തുറന്നുപറയുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇംഗ്ലണ്ടിന്റെ വിഖ്യാത ഫുട്ബാളർ ഡേവിഡ് ബെക്കാം. സെന്റ് ജോൺസ് വുഡ് സിനഗോഗിൽ നടന്ന ചടങ്ങിൽ തന്റെ ജൂത പാരമ്പര്യം വെളിപ്പെടുത്തിയ ബെക്കാം, ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണൽ മെസ്സി ഇന്റർ മിയാമി ക്ലബിലേക്ക് കൂടുമാറിയതിനെക്കുറിച്ചും പ്രതികരിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും റയൽ മഡ്രിഡിന്റെയും സ്റ്റാർ മിഡ്ഫീൽഡറായിരുന്ന ബെക്കാം ഇന്റർ മിയാമി ക്ലബിന്റെ സഹഉടമയാണിപ്പോൾ.
‘ജൂത സമൂഹത്തിന്റെ ഭാഗമാണ് ഞാൻ. അതു പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ചില പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കണമെന്ന് എന്റെ മുത്തച്ഛന് എപ്പോഴും നിർബന്ധമുണ്ടായിരുന്നു. ജൂത പാരമ്പര്യമനുസരിച്ചുള്ള വസ്ത്രങ്ങളും തൊപ്പിയുമൊക്കെ ചെറുപ്പത്തിൽ അണിഞ്ഞിരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഞാൻ മുത്തച്ഛനെ കാണാൻ പോകുമായിരുന്നു. മുത്തശ്ശി രുചികരമായ മയ്സാ ബാൾ സൂപ്പും പൊട്ടറ്റോ പാൻകേക്കുമൊക്കെ ഞങ്ങൾക്കുവേണ്ടി തയാറാക്കും. ആ പാരമ്പര്യം ഞങ്ങൾ എപ്പോഴും കാത്തുസൂക്ഷിച്ചു. കുടുംബം ഒരുമിച്ച് സമയം ചെലവിടുന്ന കാലങ്ങളായിരുന്നു അത്’ -സിനഗോഗിൽ സംസാരിക്കവേ ബെക്കാം ഓർമിച്ചു.
മെസ്സി ഇന്റർ മിയാമി ക്ലബിലേക്ക് കൂടുമാറാൻ തീരുമാനിച്ചതിനെകുറിച്ചും ബെക്കാം പ്രതികരിച്ചു. ‘രണ്ടാഴ്ച മുമ്പ്, രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ കണ്ടത് എന്റെ ഫോണിലേക്ക് വന്ന ആയിരക്കണക്കിന് മെസേജുകളാണ്. ഞാൻ അപ്പോൾ ജപ്പാനിലായിരുന്നു. ലയണൽ മിയാമിയിലേക്ക് വരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ആ സന്ദേശ പ്രവാഹം. മിയാമിയിലേക്ക് ഫുട്ബാളിലെ ഏറ്റവും മികച്ച താരങ്ങളെ എത്തിക്കുകയെന്നതാണ് തുടക്കംമുതൽ ഞാൻ ഉന്നമിട്ടത്. അവർ കരിയറിന്റെ ഏതുഘട്ടത്തിൽ നിൽക്കുന്നവരാണെങ്കിലും. ആരാധകർക്ക് നൽകിയ ആ വാഗ്ദാനമാണ് ഞങ്ങൾ പാലിക്കുന്നത്.
കളിയിൽ എല്ലാം നേടിയ മഹാനായ കളിക്കാരൻ, ഇപ്പോഴും കളത്തിലെ പദചലനങ്ങളിൽ കരുത്തും ചെറുപ്പവും കാത്തുസൂക്ഷിക്കുന്നയാൾ എന്റെ ടീമിനുവേണ്ടി കളിക്കാൻ തയാറായെത്തുമ്പോൾ അത് അതിഗംഭീര മുഹൂർത്തമായി കണക്കുകൂട്ടുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിൽപോലും ആവേശകരമായ സമയമാണിത്’ -ബെക്കാം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.