‘ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല’- മെസ്സി ബാഴ്സയിലേക്ക് മടങ്ങുന്നുവെന്ന വാർത്തയെ കുറിച്ച് പിതാവ്
text_fieldsബാഴ്സലോണയിലെ സുവർണകാലം വിട്ട് രണ്ടു വർഷമായി ഫ്രഞ്ച് അതികായരായ പി.എസ്.ജിക്കൊപ്പം പന്തു തട്ടുകയാണ് അർജന്റീന നായകൻ ലയണൽ മെസ്സി. 2021ൽ കറ്റാലൻ നിരയിൽനിന്ന് കൂടുമാറിയ താരത്തിന് രണ്ടു വർഷത്തേക്കാണ് ക്ലബുമായി കരാർ. സീസൺ അവസാനത്തോടെ കരാർ തീരുന്ന താരവുമായി പി.എസ്.ജി കരാർ പുതുക്കിയിട്ടില്ല. അടുത്ത സീസണിലും ഇതേ ജഴ്സിയിൽ തുടരുമെന്ന സൂചനകൾ നിലനിൽക്കുമ്പോഴും മറ്റു ക്ലബുകളിലേക്കെന്ന വാർത്തയും വരുന്നുണ്ട്.
ബാഴ്സയിൽ തിരിച്ചെത്തിയേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ച ചോദ്യത്തിന് സാധ്യത കുറവാണെന്നായിരുന്നു മെസ്സിയുടെ പിതാവും വക്താവുമായ ജോർജ് മെസ്സിയുടെ പ്രതികരണം.
‘ഞാൻ അങ്ങനെ കരുതുന്നില്ല. സാഹചര്യം അതിന് അനുഗുണമല്ല’’- ബാഴ്സലോണ വിമാനത്താവളത്തിൽ ജോർജ് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബാഴ്സ പ്രസിഡന്റ് ലപോർട്ടയുമായി സംസാരിച്ചിട്ടില്ലെന്നും പി.എസ്.ജിയുമായാണ് നിലവിൽ കരാറെന്നും അദ്ദേഹം പറഞ്ഞു.
13ാം വയസ്സിൽ ബാഴ്സക്കൊപ്പം പന്തു തട്ടി തുടങ്ങിയ മെസ്സി 778 കളികളിൽ ടീമിനായി നേടിയത് 672 ഗോളുകളാണ്. താരത്തിനൊപ്പം 35 ട്രോഫികളും ടീം സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സയിൽ പ്രശ്നം രൂക്ഷമായ ഘട്ടത്തിലായിരുന്നു മുൻതിര താരങ്ങളിൽ പലരുമായും കരാർ പുതുക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനമെടുത്തത്. മെസ്സിയും സുവാരസുമുൾപ്പെടെ പലരും ഈ ഘട്ടത്തിൽ ടീം വിട്ടു. ബാഴ്സയാണ് തനിക്ക് ഏറ്റവും വിലപ്പെട്ട അഭയകേന്ദ്രമെന്ന് നേരത്തെ മെസ്സി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.