'എനിക്ക് മെസ്സിയാകാനുള്ള കഴിവുണ്ട്'!, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന ആഴ്‌സണല്‍ താരം പറയുന്നു
text_fieldsഏഴ് ബാലണ്‍ദ്യോര്‍ അവാര്‍ഡ് ജേതാവായ ഫുട്‌ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഞാനും ഒരേ കഴിവുകള്‍ ഉള്ളവര്‍! ഇങ്ങനെ അവകാശവാദം ഉന്നയിക്കാന്‍ തൊലിക്കട്ടി കുറച്ചൊന്നും പോരാ. ആഴ്‌സണലിന്റെ ന്യൂ ബോയ് ഫാബിയോ വിയേരയാണ് സ്വയം തന്നെ മെസ്സിയോട് ഉപമിച്ചത്. പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡറെ എഫ്.സി പോര്‍ട്ടോയില്‍നിന്ന് ആഴ്‌സണല്‍ സ്വന്തമാക്കിയത് 30 ദശലക്ഷം പൗണ്ടിനാണ്. ജൂണില്‍ നടന്ന ഈ ട്രാന്‍സ്ഫര്‍ ഫുട്‌ബാള്‍ വൃത്തങ്ങള്‍ക്കിടയിലെ ഷോക്കിങ് സൈനിങ് ആയിരുന്നു.
ഇപ്പോഴിതാ ഫാബിയോ വിയേര തന്നെ ഷോക്കിങ് കമന്റുകളുമായി കളം നിറയുന്നു. മെസ്സിയുമായുള്ള വലിയ സാമ്യം ഇടതുകാല്‍ നന്നായി ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണെന്ന് താരം പറയുന്നു. മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഫാബിയോ ഇഷ്ടപ്പെടുന്നു. രണ്ട് പേരും അസാധ്യ കളിക്കാരാണ്. ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നത് അദ്ദേഹം പോര്‍ച്ചുഗീസ് ആയതു കൊണ്ടല്ല. കഠിനാധ്വാനവും മനോഭാവവുമാണ് ആകര്‍ഷിച്ചത്. പിന്നെ, അദ്ദേഹം ധാരാളം ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുടെ പാതയിലാണ് ഫാബിയോ വിയേര. പോര്‍ച്ചുഗീസ് ലീഗില്‍നിന്ന് പ്രീമിയര്‍ ലീഗിലേക്ക് വരുന്നു. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമായിരുന്നു. ഫാബിയോ ആഴ്‌സണലിന്റെ മധ്യനിരയില്‍. പോര്‍ച്ചുഗീസുകാരായ ബെര്‍നാഡോ സില്‍വ, ബ്രൂണോ ഫെർണാണ്ടസ്, ജോ മോട്ടീഞ്ഞോ, ജോ കാന്‍സലോ എന്നിവരെല്ലാം പ്രീമിയര്‍ ലീഗില്‍ കഴിവ് തെളിയിച്ചവരാണ്. ഫാബിയോയും പ്രതീക്ഷയിലാണ്. എഫ്.സി പോര്‍ട്ടോക്ക് കളിക്കുന്നത് സ്വപ്‌നം കണ്ടിരുന്ന ഫാബിയോയുടെ വലിയ ലക്ഷ്യം ഒരുനാള്‍ പ്രീമിയര്‍ ലീഗിന്റെ തട്ടകത്തില്‍ എത്തുക എന്നതായിരുന്നു.
മിഡ്ഫീല്‍ഡര്‍, ഇടത്-വലത് വിങ് അറ്റാക്കര്‍ എന്നീ പൊസിഷനുകളില്‍ അനായാസം കളിക്കാന്‍ ഫാബിയോക്ക് സാധിക്കും. ഇത് തന്നെയാണ് ആഴ്‌സണല്‍ കോച്ച് അര്‍ടെറ്റയുടെ കണ്ണ് ഫാബിയോയില്‍ പതിയാന്‍ ഇടയാക്കിയത്. വേഴ്സറ്റൈല്‍ പ്ലെയര്‍ എന്ന് വിശേഷണമുള്ള ഫാബിയോയുടെ ഇഷ്ട പൊസിഷന്‍ നമ്പര്‍ 10 ആണ്. അതെ, മെസ്സിയുടെ പൊസിഷന്‍!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.