നെരോകയെ തകർത്ത് ഗോകുലം
text_fieldsകോഴിക്കോട്: ഐ ലീഗിൽ മൂന്നാം കിരീടം തേടുന്ന ഗോകുലം കേരള എഫ്.സി മണിപ്പൂരിലെ പടക്കുതിരകൾക്കെതിരെ ആത്മവിശ്വാസം പകരുന്ന വിജയം സ്വന്തമാക്കി. കോർപറേഷൻ സ്റ്റേഡിയത്തിൽ നെരോക എഫ്.സിയെ 4-1നാണ് തകർത്തുവിട്ടത്. ആദ്യ കളിയിലെ ആദ്യ ഇലവനിൽ ഇടം നേടിയ വൈസ് ക്യാപ്റ്റൻ വി.എസ്. ശ്രീക്കുട്ടനെയും അബ്ദുൽ ഹക്കുവിനെയും കെ. അഭിജിത്തിനെയും സബ്സ്റ്റിറ്റ്യൂഷനിൽ ഇരുത്തി പകരക്കാരായി ടി. ഷിജിനും റിഷാദും സലാം രഞ്ജൻ സിങ്ങും ഇറങ്ങിയാണ് കളിയാരംഭിച്ചത്.
ഏഴാം മിനിറ്റിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡർ പി.എൻ. നൗഫലിന് ലഭിച്ച പന്ത് ഗോളാക്കാനാകാതെ അവസരം നഷ്ടപ്പെടുത്തി. 28ാം മിനിറ്റിൽ നൗഫൽ ബോക്സിനു തൊട്ടരികിൽനിന്ന് നൽകിയ പാസ് സ്പെയിൻകാരനായ ഫ്രാൻസിസ്കോ പെർഡോമോ ബോർജസ് നെരോക ഗോളി പൊയ്റെയ് അഗൻബ മെയ് തേയ് സൊറാമിനെ മറികടന്ന് ഗോളാക്കി.
ആദ്യ പകുതിയിൽ കളിയിലുടനീളം മേധാവിത്വം പുലർത്തിയ ഗോകുലം പലതവണ നെരോക ഗോൾമുഖം വിറപ്പിച്ചു. രണ്ടാം പാതി ആരംഭിക്കെ ഷിജിനു പകരം അഭിജിത്തിനെ ഇറക്കി. 48ാം മിനിറ്റിൽ അഭിജിത്ത് നൽകിയ മനോഹരമായ പാസിലൂടെ സ്പെയിൻകാരനായ ക്യാപ്റ്റൻ അലക്സാൺട്രോ സാഞ്ചസ് ലോപസ് ഗോളിയെ കടത്തിവെട്ടി ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടി.
83ാം മിനിറ്റിൽ നെരോക സിംബോയുടെ ഗോളിലൂടെ തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകിയെങ്കിലും പകരക്കാരനായി ഇറങ്ങിയയുടൻ ജസ്റ്റിൻ (85) ഗോളടിച്ചു ഗോകുലത്തിന്റെ ലീഡ് കൂട്ടി. 87ാം മിനിറ്റിൽ ജസ്റ്റിൻ പന്തുമായി കുതിക്കവെ നെരോകയുടെ സുർജിത് സീൽ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തു. ക്യാപ്റ്റൻ സാഞ്ചസെടുത്ത പെനാൽറ്റി കിക്ക് ഗോളാക്കി 4-1ന് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.