ഐ ലീഗ്: ഗോകുലത്തിന് വിജയത്തുടക്കം
text_fieldsകൊൽക്കത്ത: ഐ ലീഗിൽ കിരീടം കാക്കാൻ ബൂട്ടുകെട്ടിയിറങ്ങിയ കേരളത്തിെൻറ പ്രതിനിധികൾ ഗോകുലം കേരള എഫ്.സിക്ക് ആദ്യ കളിയിൽ ജയം. ചർച്ചിൽ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം മറികടന്നത്. 16ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ശരീഫ് മുഹമ്മദാണ് നിർണായക ഗോൾ നേടിയത്. റൊണാൾഡ് സിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്.
ഗോൾ വീണതോടെ ഉണർന്നുകളിച്ചത് ചർച്ചിലായിരുന്നു. എന്നാൽ, ബാറിനുകീഴിൽ രക്ഷിത് ദാഗറും പ്രതിരോധത്തിൽ കാമറൂൺ താരം അമീനു ബൗബയും പവൻ കുമാറും മുഹമ്മദ് ഉവൈസും അലക്സ് സജിയും പിടിച്ചുനിന്നു.
ഇടക്ക് ഗോകുലത്തിന്‍റെ താഹിർ സമാന് മികച്ച അവസരം ലഭിച്ചെങ്കിലും ബാറിൽ തട്ടി തെറിച്ചു. റീബൗണ്ടിലെ ശ്രമം ചർച്ചിൽ ഗോളി ഷിൽട്ടൻ പോൾ തടയുകയും ചെയ്തു. ഗോകുലത്തിെൻറ അടുത്ത മത്സരം നെറോക എഫ്.സിക്കെതിരെ വ്യാഴാഴ്ചയാണ്.
ഒമ്പതു പേരുമായി കളിച്ച് രാജസ്ഥാൻ യുനൈറ്റഡ്
കൊൽക്കത്ത: ഐ ലീഗിൽ രാജസ്ഥാൻ യുനൈറ്റഡിെൻറ അരങ്ങേറ്റത്തിൽ കല്ലുകടി. അമച്വർ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബുമായുള്ള മത്സരത്തിൽ രാജസ്ഥാന് ഒമ്പതു കളിക്കാരുമായി ഇറങ്ങേണ്ടിവന്നു. മത്സരം നീട്ടിവെക്കണമെന്ന ക്ലബിെൻറ അഭ്യർഥന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ചെവിക്കൊണ്ടതുമില്ല.
കളത്തിൽ രണ്ടുപേർ കുറവായിട്ടും പകരക്കാരുടെ ബെഞ്ചിൽ ഒരാൾ പോലുമില്ലാതിരുന്നിട്ടും 2-0ത്തിന് മാത്രമാണ് പരാജയപ്പെട്ടതെന്ന കാര്യത്തിൽ രാജസ്ഥാന് സമാധാനിക്കാം. കർട്ടിസ് ഗുത്രി, അഷാംഗ്ബം സിങ് എന്നിവരാണ് പഞ്ചാബിനായി സ്കോർ ചെയ്തത്.
പകരക്കാരനായി ഇറങ്ങിയ മലയാളി താരം സി.കെ. വിനീത് ചുവപ്പുകാർഡ് കണ്ട് കയറി. മറ്റൊരു കളിയിൽ ട്രാവു എഫ്.സിയും ഇന്ത്യൻ ആരോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.