ഐ ലീഗ്: ഡൽഹിയെ ഗോളിൽ മുക്കി (5-0) ഗോകുലം കേരള നാലാമത്
text_fieldsഅമൃത് സർ: ഐ ലീഗിൽ കാത്തിരുന്ന വിജയത്തിലേക്ക് ഗംഭീരമായി ഗോളടിച്ചുകയറി മലബാറിയൻസ്. ഡൽഹിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഗോകുലം മുക്കിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മലബാറിയൻസ് ആദ്യവസാനം മൈതാനം ഭരിച്ചാണ് സമീപകാലത്തെ ഏറ്റവും വലിയ ജയം പിടിച്ചെടുത്തത്.
സെർജിയോയുടെ നേതൃത്വത്തിൽ സൂസൈരാജ്, അഡാമ, സിനിസ എന്നിവരെ മുന്നേറ്റത്തിൽ നിർത്തിയായിരുന്നു ടീം ഇറങ്ങിയത്. സുരക്ഷിതമായ നീക്കങ്ങളുമായാണ് ഇരു ടീമും കളിതുടങ്ങിയത്. ആദ്യ 30 മിനിറ്റിൽ ഗോകുലത്തിന് ഗോളവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും വല കുലുങ്ങാൻ പിന്നെയും കാത്തിരിപ്പ് നീണ്ടു.
41ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ അഡമയാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ വർധിത ശക്തിയുമായി എത്തിയ ടീം 63ാം മിനിറ്റിൽ ലീഡ് രണ്ടാക്കി. മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ അഡമ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 2-0 എന്നായി. രണ്ട് ഗോൾ നേടിയതോടെ ഡൽഹി കൂടുതൽ തളർന്നുപോയത് അവസരമാക്കി ഗോകുലം പിന്നെയും നിരന്തര ആക്രമണങ്ങളുമായി മൈതാനം നിറഞ്ഞോടി. 81ാം മിനിറ്റിൽ രാഹുൽ ലക്ഷ്യം കണ്ടതോടെ ഗോകുലം ലീഡ് കാൽഡസനായി ഉയർന്നു. പകരക്കാരനായി കളത്തിലെത്തി അധികം വൈകാതെയായിരുന്നു രാഹുലിന്റെ ഗോൾ. ലെഫ്റ്റ് വിങ്ങിൽനിന്ന് പന്തുമായി മുന്നേറിയ താരത്തിന്റെ ഷോട്ട് ഡൽഹിയുടെ വലക്കണ്ണികൾ തുളച്ചാണ് നിന്നത്.
ക്യാപ്റ്റൻ സെർജിയോ നൽകിയ പാസിൽ 89ാം മിനിറ്റിലായിരുന്നു സിനിസയുടെ ഗോൾ പിറന്നത്. 95ാം മിനിറ്റിൽ ഡൽഹിയുടെ ബോക്സിൽ ലഭിച്ച പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ അബലെഡോ ലക്ഷ്യത്തിലെത്തിച്ചതോടെ ഗോകുലത്തിന്റെ ഗോൾ വേട്ട പൂർത്തിയായി. ഏഴ് മത്സരത്തിൽനിന്ന് 10 പോയന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. അത്രയും കളികളിൽ 13 പോയന്റുമായി ചർച്ചിൽ ഒന്നാമത് നിൽക്കുമ്പോൾ ഒരു കളി കുറച്ച് കളിച്ച് ഇന്റർ കാശി 11 പോയന്റോടെ രണ്ടാമതുണ്ട്. നംദാരിയാണ് മൂന്നാം സ്ഥാനത്ത്. 14ന് ഗോവയിൽ ഡെമ്പോക്ക് എതിരെയാണ് ഗോകുലത്തിന് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.