ഐ ലീഗ്: ചർച്ചിലിനോട് തോറ്റ് ഗോകുലം
text_fieldsകോഴിക്കോട്: ഐ ലീഗിലെ രണ്ടാം ഹോം മാച്ചിൽ ഗോകുലം കേരളക്ക് തോൽവി. ഗോവക്കാരായ ചർച്ചിൽ ബ്രദേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചുകയറിയത്. 13ാം മിനിറ്റിൽ ലഭിച്ച ഗോളിലൂടെ ചർച്ചിൽ ബ്രദേഴ്സ് വിജയം കുറിച്ചു. ഫോർവേഡ് താരമായ വെഡേലി കേക്കിന് മധ്യഭാഗത്തുനിന്ന് ലഭിച്ച പന്ത് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിലും തൊട്ടരികിലുണ്ടായിരുന്ന മിഡ്ഫീൽഡർ സ്റ്റെൻഡ്ലി പെനാൽറ്റി ബോക്സിന് തൊട്ടുമുന്നിൽനിന്ന് ഉതിർത്ത ഷോട്ട് ഗോകുലം ഗോളി ഷിബിൻ രാജിന് സേവിനുള്ള അവസരം പോലും നൽകാതെ വലയിൽ കയറ്റി. തുടർന്ന് ഇരുടീമുകളും ഗോളിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ചർച്ചിൽ ബ്രദേഴ്സിന്റെ മിഡ്ഫീൽഡർ കൊളംബിയൻ താരം സെബാസ്റ്റ്യൻ മലബാറിയൻസിന്റെ ഗോൾമുഖത്ത് പലതവണ കൊടുങ്കാറ്റ് വിതച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയിൽ കളി ഏറെയും ചർച്ചിലിന്റെ ഗോൾ മുഖത്തായിരുന്നെങ്കിലും ചർച്ചിലിന്റെ പ്രതിരോധക്കാരായ നിശ്ചലിന്റെയും രംരൗട്ടയുടെയും ഔബിന്റെയും ഗോഗൗവിന്റെയും ചങ്ങലപ്പൂട്ടിൽ ഗോകുലത്തിന് വല കുലുക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെ തുടർച്ചയെന്നോണം അവസാന നിമിഷം ഗോളെന്ന പ്രതീക്ഷക്ക് വകയില്ലാതെയായി. ഏഴുമിനിറ്റ് അധിക സമയവും ഗോകുലത്തിന് തുണയായില്ല. നാലു കളിയിൽ ഏഴുപോയന്റുമായി ചർച്ചിൽ മൂന്നാം സ്ഥാനത്തും നാലു കളിയിൽ അഞ്ചു പോയന്റുമായി ഗോകുലം ഏഴാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.